ചൈനീസ് നേതാക്കളുമായി തുടര്‍ചര്‍ച്ചകള്‍; മഞ്ഞുരുകുന്നുവോ?

  • ഫ്രണ്ട്‌സ് ഓഫ് ബ്രിക്സ് യോഗത്തില്‍ ഡോവല്‍-വാങ് യി കൂടിക്കാഴ്ച
  • ജക്കാര്‍ത്തയില്‍ ജയശങ്കര്‍,വിദേശകാര്യ കമ്മീഷന്‍ ഓഫീസ് ഡയറക്ടര്‍ വാങുമായി ചര്‍ച്ച നടത്തി
  • ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വാങ്

Update: 2023-07-25 07:36 GMT

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫ്രണ്ട്‌സ് ഓഫ് ബ്രിക്സ് യോഗത്തോടനുബന്ധിച്ച് ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2020 മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെ എല്‍എസിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയില്‍ വിഷയമായി. അതിര്‍ത്തിയിലെ സംഘര്‍ഷം ഇരു രാജ്യങ്ങളുംതമ്മിലുള്ള തന്ത്രപരമായ വിശ്വാസത്തേയും ബന്ധത്തിന്റെ രാഷ്ട്രീയ അടിത്തറയേയും ബാധിച്ചതായി ഡോവല്‍ ചര്‍ച്ചയില്‍ അറിയിച്ചു. നേരത്തെ വിദേശകാര്യമന്ത്രി ജക്കാര്‍ത്തിയില്‍ സമാനമായ രീതിയില്‍ വിദേശകാര്യ കമ്മീഷന്‍ ഓഫീസ് ഡയറക്ടര്‍ വാങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉഭയകക്ഷി ബന്ധങ്ങളിലെ സാധാരണ നിലയിലേക്കുള്ള തടസങ്ങള്‍ നീക്കുന്നതിനായി, അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും സമാധാനവും പുനഃസ്ഥാപിക്കുന്നതിനും സാഹചര്യം പൂര്‍ണ്ണമായി പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരേണ്ടതിന്റെ പ്രാധാന്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങള്‍ക്കും മാത്രമല്ല, മേഖലയ്ക്കും ലോകത്തിനും വേണ്ടിയുള്ളതാണെന്ന് ഇരുപക്ഷവും സമ്മതിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന സെന്‍ട്രല്‍ കമ്മിറ്റിയുടെ വിദേശകാര്യ കമ്മീഷന്‍ ഓഫീസ് ഡയറക്ടര്‍ വാങുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് കൂടിക്കാഴ്ച.

മൂന്നുവര്‍ഷത്തിലേറെയായി ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം പുകയുന്നുണ്ട്. പലതവണ അത് മറനീക്കി പുറത്തുവരികയും ചെയ്തു. അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് ഒരു പരിഹാരം ഇതുവരെ സാധ്യമായിട്ടില്ല. ഇരു രാജ്യങ്ങളുടെയും നിലപാടുകള്‍ അനുസരിച്ച് അത് എളുപ്പം സാധ്യമാകുന്ന ഒന്നുമല്ല. തന്റെ നീണ്ട നയതന്ത്ര ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ വെല്ലുവിളിയാണ് ചൈനയുമായുള്ള സംഘര്‍ഷം എന്നാണ് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ അറിയിച്ചത്. ചൈന ഒരിക്കലും ആധിപത്യം തേടില്ലെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും വാങ് ഊന്നിപ്പറഞ്ഞു.

ഫ്രണ്ട്സ് ഓഫ് ബ്രിക്സ് മീറ്റിംഗില്‍ സൈബര്‍ സുരക്ഷയില്‍ നിന്ന് ഉയരുന്ന വെല്ലുവിളികളെ നേരിടാന്‍ കൂട്ടായ ശ്രമങ്ങള്‍ക്ക് നേരത്തെ ഡോവല്‍ ആഹ്വാനം ചെയ്തിരുന്നു. ബ്രിക്‌സ് രാജ്യങ്ങളിലെ പ്രതിനിധികളുമായും സുഹൃത്തുക്കളുമായും എന്‍എസ്എ നിരവധി ഉഭയകക്ഷി ചര്‍ച്ചകളും നടത്തി. അടുത്ത മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയാണ് ആതിഥേയത്വം വഹിക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്.

Tags:    

Similar News