സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കണം: മോദി

  • ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
  • യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നവീകരണം അനിവാര്യം
  • ലോകത്തെ ശരിയായ പാതയിലേക്ക് കൊണ്ടുപോകാന്‍ ബ്രിക്സിന് കഴിയുമെന്ന് മോദി

Update: 2024-10-23 11:53 GMT

പശ്ചിമേഷ്യയിലും ഉക്രെയ്‌നിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16-ാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ''ഞങ്ങള്‍ ചര്‍ച്ചയെയും നയതന്ത്രത്തെയും പിന്തുണയ്ക്കുന്നു, യുദ്ധത്തെയല്ല'' , മോദി പറഞ്ഞു.

യുദ്ധങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം തുടങ്ങിയ സമ്മര്‍ദ വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയ മോദി, ലോകത്തെ ശരിയായ പാതയിലേക്ക് കൊണ്ടുപോകാന്‍ ബ്രിക്സിന് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്നും പറഞ്ഞു. ബ്രിക്സ് വിഭജനമല്ല, പൊതുതാല്‍പ്പര്യമുള്ള ഗ്രൂപ്പാണ് എന്ന സന്ദേശം നാം ലോകത്തിന് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തിനും ഭീകരവാദത്തിനുള്ള ധനസഹായത്തിനും എതിരെ പോരാടുന്നതിന് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഏകകണ്ഠവും ശക്തവുമായ സഹകരണത്തിനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭീകരതയെയും തീവ്രവാദ ധനസഹായത്തെയും നേരിടാന്‍, എല്ലാവരുടെയും ഉറച്ച പിന്തുണ ആവശ്യമാണ്. ഈ ഗൗരവമേറിയ വിഷയത്തില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും മോദി പറഞ്ഞു. ''അന്താരാഷ്ട്ര ഭീകരത സംബന്ധിച്ച സമഗ്ര കണ്‍വെന്‍ഷന്റെ യുഎന്നില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിഷയത്തില്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം,'' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതുപോലെ തന്നെ, സൈബര്‍ സുരക്ഷയ്ക്കും സുരക്ഷിതമായ എഐയ്ക്കായും പ്രവര്‍ത്തിക്കേണ്ടതുണ്ട്.

പങ്കാളി രാജ്യങ്ങളായി ബ്രിക്സിലേക്ക് പുതിയ രാജ്യങ്ങളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ''ഇക്കാര്യത്തില്‍, എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയായിരിക്കണം, ബ്രിക്‌സ് സ്ഥാപക അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കണം,'' അദ്ദേഹം പറഞ്ഞു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും മറ്റ് ആഗോള സ്ഥാപനങ്ങളുടെയും നവീകരണത്തിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 'യുഎന്‍ സുരക്ഷാ കൗണ്‍സില്‍, ബഹുമുഖ വികസന ബാങ്കുകള്‍, ഡബ്ല്യുടിഒ തുടങ്ങിയ ആഗോള സ്ഥാപനങ്ങളിലെ പരിഷ്‌കാരങ്ങളില്‍ സമയബന്ധിതമായി നമ്മള്‍ മുന്നോട്ട് പോകണം,'' അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെട്ട സഖ്യം ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ എന്നീരാജ്യങ്ങളിലേക്ക് വ്യാപിച്ചു. തുര്‍ക്കി, അസര്‍ബൈജാന്‍, മലേഷ്യ എന്നിവ അംഗമാകാന്‍ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്, കൂടാതെ നിരവധി പേര്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

Tags:    

Similar News