വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കേരളത്തിലെത്തുമോ?

  • മണിക്കൂറില്‍ 160 കി.മീ വേഗത്തില്‍ ഓടാന്‍ ശേഷിയുള്ളതാണിത്
  • ഷൊര്‍ണൂര്‍ എറണാകുളം തിരുവനന്തപുരം റൂട്ടില്‍ ഓടാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്
  • ചെന്നൈ മൈസൂരു റൂട്ടിലാണ് ദക്ഷിണ റെയില്‍വേ ആദ്യം ആരംഭിച്ചത്

Update: 2023-04-08 07:27 GMT

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ കേരളത്തിലെത്തുമോ?

ഇന്ത്യയുടെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവിസ് കേരളത്തിലേക്കും ഉണ്ടാകുമോ? കഴിഞ്ഞ കേന്ദ്ര ബജറ്റിനു മുമ്പേ മലയാളികൾ, വിശേഷിച്ച് ഇവിടുത്തെ വ്യാപാരി സമൂഹം ചോദിച്ചുകൊണ്ടിരുന്ന കാര്യമാണ്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കുമെല്ലാം സർവിസുണ്ടെങ്കിലും കേരളത്തിലേക്ക് ഇതുവരെ സർവിസ് ആയിട്ടില്ല. അതേസമയം രാജ്യത്ത് 11 റൂട്ടുകളിൽ ഈ അതിവേഗ ട്രെയിൻ സർവിസ് നടത്തിവരുന്നു.

മണിക്കൂറിൽ 160 കി.മീ വേഗത്തിൽ ഓടാൻ ശേഷിയുള്ള ഈ ട്രെയിൻ പാളത്തിലോടുന്ന വിമാനമാണെന്നു പറയാം. ഇതിന്റെ രൂപവും വിമാനത്തോട് സാദൃശ്യമുള്ളതാണ്. വന്ദേഭാരതിന്റെ 11ാമത് റൂട്ടാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫഌഗ് ഓഫ് ചെയ്തത്. ന്യൂഡൽഹിഭോപാൽ റൂട്ടാണത്. എട്ടുമണിക്കൂറിനകം 710 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ സെമി ഹൈസ്പീഡ് എക്‌സ്പ്രസ് ട്രെയിനിനു സാധിക്കും.

അടുത്തമാസത്തോടെ കേരളത്തിലും!!

കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കുമെന്നാണ് കേൾക്കുന്നത്. മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയിൽ പൂർത്തിയായിട്ടുണ്ട്. 2 പിറ്റ്‌ലൈനുകൾ ഇതിനായി വൈദ്യുതീകരിച്ചു. ചെന്നൈകോയമ്പത്തൂർ റൂട്ടിലെ പോലെ 8 കാർ (കോച്ച്) വന്ദേഭാരത് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. യാത്രക്കാരുടെ തിരക്കു പരിഗണിച്ചു പിന്നീട് കോച്ചുകളുടെ എണ്ണം കൂട്ടും.

തിരുവനന്തപുരംമംഗളൂരു റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ ആലോചിച്ചിരുന്നെങ്കിലും കണ്ണൂർ വരെ ഓടിക്കാനാണു സാധ്യത. അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഇരട്ടപ്പാതയുള്ളതിനാൽ വന്ദേഭാരത് കോട്ടയം വഴിയാകും സർവീസ് നടത്തുക.

ദക്ഷിണ റെയിൽവേക്ക് കീഴിലെ രണ്ടാമത്തെ വന്ദേഭാരത് സെമി ഹൈസ്പീഡ് തീവണ്ടി ചെന്നൈ കോയമ്പത്തൂർ റൂട്ടിൽ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തും പ്രതീക്ഷയുടെ ട്രാക്കൊരുങ്ങുന്നത്

സ്‌റ്റോപ് പ്രധാന നഗരങ്ങളിൽ മാത്രം

എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണു അനുവദനീയമായ വേഗം. മറ്റു ട്രെയിനുകളിൽനിന്നു വ്യത്യസ്തമായി പെട്ടെന്നു വേഗം കൈവരിക്കാൻ വന്ദേഭാരതിനു കഴിയുമെന്നതിനാൽ ശരാശരി വേഗം 65ന് മുകളിൽ നിലനിർത്താൻ കഴിയും. കൂടുതൽ സ്‌റ്റോപ്പുകൾ നൽകുന്നതു വേഗം കുറയ്ക്കുമെന്നതിനാൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും സ്‌റ്റോപ്.

വളവുകളാണ് പ്രശ്‌നം

വന്ദേഭാരത് ട്രെയിനിന് വളവുകളും തിരിവുകളും സാങ്കേതിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും സംസ്ഥാനത്ത് പാതയിലെ വളവുകൾ നിവർത്തിയെടുക്കാനുള്ള പദ്ധതി പൂർത്തീകരിക്കുന്നതോടെ ഷൊർണൂർ എറണാകുളം തിരുവനന്തപുരം റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ ഓടാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. നിലവിൽ പാലക്കാട് ഷൊർണൂർ കോഴിക്കോട് റൂട്ടിൽ ട്രാക്കുകൾ ബലപ്പെടുത്തിയാൽ വന്ദേഭാരത് ട്രെയിൻ ഓടാനുള്ള സൗകര്യം ഒരുങ്ങും.

മംഗലാപുരം സെൻട്രൽ സ്‌റ്റേഷനിൽ വന്ദേഭാരത് കോച്ചുകൾക്ക് അറ്റകുറ്റപ്പണി നടത്തുന്നതിന് സംവിധാനമൊരുക്കാൻ ദക്ഷിണ റെയിൽവേ ദർഘാസ് വിളിച്ചതോടെയാണ് കേരളത്തിന് പ്രതീക്ഷയേറിയത്. ബുള്ളറ്റ് ട്രെയിനിന് സമാനമായ അതിവേഗ വന്ദേഭാരത് തീവണ്ടി സർവീസ് ചെന്നൈമൈസൂരു റൂട്ടിലാണ് ദക്ഷിണ റെയിൽവേ ആദ്യം ആരംഭിച്ചത്.

രണ്ടാമത്തെ സർവീസ് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ഏപ്രിൽ എട്ടിന് ആരംഭിക്കും. ഇതിന്റെ സമയപ്പട്ടികയും സ്‌റ്റോപ്പുകളും റെയിൽവേ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും സേലം, തിരുപ്പൂർ, ഈറോഡ്, കോയമ്പത്തൂർ എന്നീ അഞ്ച് സ്‌റ്റോപ്പുകൾ ഉണ്ടാകുമെന്നാണ് അറിയുന്നത്.

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് രണ്ട് മണിക്കൂർ

ചെന്നൈകോയമ്പത്തൂർ 495 കിലോമീറ്റർ യാത്രക്ക് നിലവിൽ ഏഴര മണിക്കൂർ വേണ്ടിവരുമ്പോൾ വന്ദേഭാരത് തീവണ്ടിക്ക് ആറര മണിക്കൂർ മതിയാകും. മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വരെയാണ് വേഗം. സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങിയാൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് രണ്ട് മണിക്കൂർ മാത്രം മതിയാകും. ചുരുങ്ങിയ ചെലവിൽ ആഡംബര യാത്രയാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്.

കാഴ്ച കണ്ട് യാത്ര ചെയ്യാം

വൃത്തിയും വെടിപ്പോടെയുമാണ് വന്ദേഭാരത് കോച്ചുകൾ സൂക്ഷിക്കുക. പിന്നോട്ടു നീക്കാവുന്ന സീറ്റുകൾ സുഖയാത്രയൊരുക്കും. യാത്രക്കിടയിൽ വിശപ്പുമാറ്റാൻ പലഹാരവും ചായയും സൗജന്യം. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യപ്രദമായാണ് ചില്ലു ജനാലകളുടെ ക്രമീകരണം. എക്‌സിക്യുട്ടീവ് കോച്ചിലെ സീറ്റുകൾ 180 ഡിഗ്രി വരെ തിരിയാൻ പാകത്തിലുള്ളവയാണ്. ട്രെയിൻ പാളംതെറ്റാതിരിക്കാനുള്ള ആന്റി സ്‌കിഡ് സംവിധാനമടക്കമുള്ള സുരക്ഷയിലും വിട്ടുവീഴ്ചയില്ല.

ട്രെയിനിൽ അക്രമം നടക്കില്ല

ട്രെയിനിൽ സ്ത്രീകൾക്കു നേരെ ആക്രമണങ്ങൾ പെരുകിയിരിക്കെ സി.സി ടി.വി കാമറകൾ വേണമെന്ന ആവശ്യം ശക്തിപ്രാപിച്ചുവരുകയാണ്. എന്നാൽ വന്ദേഭാരത് ട്രെയിനിൽ 16 കോച്ചുകളുള്ളതിൽ രണ്ടെണ്ണം എക്‌സിക്യുട്ടീവ് കോച്ചുകളാണ്. എല്ലാ കോച്ചുകളും സി.സി ടി.വി കാമറ നിരീക്ഷണത്തിലാണ്.

Tags:    

Similar News