മാര്‍ച്ച് പാദം: നഗര തൊഴിലില്ലായ്മ നിരക്ക് 4 വര്‍ഷത്തെ താഴ്ചയില്‍

  • തൊഴില്‍ പങ്കാളിത്ത നിരക്കില്‍ കൂടുതല്‍ വളര്‍ച്ച സ്ത്രീകള്‍ക്ക്
  • തൊഴിലാളി- ജനസംഖ്യാ അനുപാതത്തില്‍ നേരിയ വര്‍ധന
  • സ്ത്രീ തൊഴിലാളികളില്‍ സ്വയം തൊഴില്‍ ചെയ്യുന്നവരുടെ പങ്ക് ഉയര്‍ന്നു

Update: 2023-05-30 06:08 GMT

ഇന്ത്യയുടെ നഗര തൊഴിലില്ലായ്മ നിരക്ക് 2022 -23 സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ 6.8 ശതമാനത്തിലേക്ക് കുറഞ്ഞുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ (എൻഎസ്ഒ) ലേബര്‍ ഫോഴ്സ് സര്‍വെ റിപ്പോര്‍ട്ട്. നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബർ-ഡിസംബർ പാദത്തിൽ 7.2 ശതമാനമായിരുന്നു ഇന്ത്യയുടെ നഗര തൊഴിലില്ലായ്മ നിരക്ക്.

പ്രതിവാര വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയ നഗര തൊഴിലില്ലായ്മ നിരക്ക് എല്ലാ പ്രായവിഭാഗങ്ങളിലും 2018 ഡിസംബര്‍ പാദത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. 2018 ഡിസംബര്‍ പാദത്തിലാണ് എന്‍എസ്ഒ ആദ്യമായി ത്രൈമാസ അടിസ്ഥാനത്തില്‍ നഗര തൊഴിലില്ലായ്മ നിരക്ക് പ്രസിദ്ധപ്പെടുത്തിയത്. 2020- 21 ഏപ്രിൽ-ജൂൺ പാദത്തിൽ 20.8 ശതമാനം എന്ന ഉയർച്ചയിലേക്ക് എത്തിയതിനു ശേഷമുള്ള പാദങ്ങളില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് തുടർച്ചയായ ഇടിവാണ് പ്രകടമാക്കുന്നത്.

പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ച് പാദത്തില്‍ 6 ശതമാനമാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ 9.2 ശതമാനം. മുൻ പാദത്തില്‍ യഥാക്രമം 6.5, 9.6 എന്നിങ്ങനെ ആയിരുന്നു. 2020-21 ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് യഥാക്രമം 12.2, 14.3 ശതമാനം എന്ന ഉയർച്ചയില്‍ എത്തിയതിനു ശേഷം തുടര്‍ച്ചയായി ഇടിവ് പ്രകടമാക്കുകയാണ്.

ജനസംഖ്യയിൽ ജോലി ചെയ്യുന്നവരോ ജോലി തേടുന്നവരോ ആയ ആളുകളുടെ ശതമാനത്തെ പ്രതിനിധീകരിക്കുന്ന തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് മാര്‍ച്ച് പാദത്തില്‍ 48.5 ശതമാനമായി, മുന്‍ പാദത്തിലെ 48.2 ശതമാനത്തിൽ നിന്ന് നേരിയ വര്‍ധനയാണിത്. മാർച്ച് പാദത്തിൽ പുരുഷന്മാരേക്കാൾ തൊഴില്‍ പങ്കാളിത്ത നിരക്കില്‍ വളര്‍ച്ച സ്വന്തമാക്കിയത് സ്ത്രീകളാണ്. സ്ത്രീ പങ്കാളിത്ത നിരക്ക് മൂന്നാം പാദത്തിലെ 22.3 ശതമാനത്തിൽ നിന്ന് 0.4 ശതമാനം പോയിന്റുകളുടെ വർധനയോടെ 22.7 ശതമാനമായി. പുരുഷന്മാരുടെ പങ്കാളിത്ത നിരക്ക് ഇക്കാലയളവില്‍ 73.3 ശതമാനത്തിൽ നിന്ന് 73.5 ശതമാനമായി ഉയര്‍ന്നു.

ധാരാളം സ്ത്രീകൾ സ്വയം തൊഴിൽ വിഭാഗത്തിൽ ജോലി കണ്ടെത്തി.മുന്‍ പാദത്തിലെ 37.9 ശതമാനത്തില്‍ നിന്ന് ഇത് നാലാം പാദത്തില്‍ 38.5 ശതമാനത്തിലേക്ക് ഉയര്‍ന്നു, അതേസമയം, പുരുഷ തൊഴിലാളികളിലെ സാധാരണ ശമ്പള ജോലികളിളുടെ പങ്ക് 46.9 ശതമാനത്തിൽ നിന്ന് 47.3 ശതമാനമായി ഉയർന്നു.ജനസംഖ്യയിലെ തൊഴിലെടുക്കുന്ന വ്യക്തികളുടെ ശതമാനമായ തൊഴിലാളി-ജനസംഖ്യ അനുപാതം (ഡബ്ല്യുപിആര്‍) മുന്‍ പാദത്തെ അപേക്ഷിച്ച് 0.5 ശതമാനം പോയിൻറ് വർദ്ധിച്ച് 45.2 ശതമാനമായി. സ്ത്രീകളുടെ ഡബ്ല്യുപിആര്‍ 20.6 ശതമാനമാണ്; പുരുഷന്മാരുടെ ഡബ്ല്യുപിആര്‍ 69.1 ശതമാനമാണ്.

Tags:    

Similar News