തെളിച്ചമുള്ള ഇടമായി ഇന്ത്യ തുടരും; 2024ല്‍ 6.7% വളർച്ച: യുഎന്‍
- ചൈനയുടെയും യുഎസിന്‍റെയും വളര്‍ച്ചാ നിഗമനം ഉയര്‍ത്തി
- ആഗോള വ്യാപാര വളര്‍ച്ച മന്ദഗതിയില്‍ തുടരുന്നു
- ഇന്ത്യയില്‍ ആഭ്യന്തര ആവശ്യകത ശക്തം
2024 കലണ്ടർ വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.7 % വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഉയർന്ന പലിശനിരക്കും ദുർബലമായ ബാഹ്യ ആവശ്യകതയും ഈ വർഷം രാജ്യത്തിന്‍റെ നിക്ഷേപത്തെയും കയറ്റുമതിയെയും ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.
ദക്ഷിണേഷ്യൻ മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2023-ൽ 5.8 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോക സാമ്പത്തിക സ്ഥിതിയും സാധ്യതകളും സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര ആവശ്യകതയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് കരുത്താകുക.
ആഗോള ചരക്ക് വില മിതമായതും മന്ദഗതിയിലുള്ള കറൻസി മൂല്യത്തകർച്ചയും ഇറക്കുമതിയിലൂടെ ഉണ്ടാകുന്ന പണപ്പെരുപ്പം കുറയ്ക്കും. 2023 ൽ ഇന്ത്യയിലെ പണപ്പെരുപ്പം 5.5 ശതമാനത്തിലേക്ക് താഴുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടില്‍ പറയുന്നു. ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ടിലും സമാനമായ വിലയിരുത്തലും നിഗമനവുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സംബന്ധിച്ച് യുഎന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.
മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സാധ്യതകൾ താരതമ്യേന കൂടുതൽ വെല്ലുവിളി നിറഞ്ഞതായാണ് കണക്കാക്കുന്നത്. ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഒരു തെളിച്ചമുള്ള സ്ഥലമാണെന്ന് യുഎൻ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പിലെ ആഗോള സാമ്പത്തിക നിരീക്ഷണ വിഭാഗം മേധാവി ഹമീദ് റാഷിദ് പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നിരുന്നാലും, ബാഹ്യ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാകുകയും കടുപ്പമേറിയതാകുകയും ചെയ്താൽ, ഇന്ത്യ ചില വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും മുന്നോട്ട് പോകുമ്പോൾ കയറ്റുമതിയില്‍ ചില പ്രയാസങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പണപ്പെരുപ്പം, വർധിച്ച പലിശനിരക്കുകൾ, ഉയർന്ന അനിശ്ചിതത്വങ്ങൾ എന്നിവയ്ക്കിടയിൽ ശക്തമായ ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെ സാധ്യതകൾ മങ്ങിയ നിലയില്‍ത്തന്നെ തുടരുന്നതായി മധ്യവർഷ വിലയിരുത്തൽ പറയുന്നു. കോവിഡ് മഹാമാരിയില്‍ നിന്നുള്ള പ്രത്യാഘാതങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ എക്കാലത്തെയും മോശമായ ആഘാതം, ബൃഹത് സാമ്പത്തിക ഘടനാപരമായ വെല്ലുവിളികൾ എന്നിവ പരിഹരിക്കപ്പെടാത്തതിനാൽ ലോക സമ്പദ്‌വ്യവസ്ഥ കുറഞ്ഞ വളർച്ചയില്‍ തുടരുമെന്ന വെല്ലുവിളി മുന്നിലുണ്ട്
റിപ്പോർട്ട് അനുസരിച്ച്, ലോക സമ്പദ്‌വ്യവസ്ഥ 2023-ൽ 2.3 ശതമാനവും (ജനുവരിയിലെ പ്രവചനത്തിൽ നിന്ന് 0.4 ശതമാനം പോയിന്‍റ് അധികം) 2024-ൽ 2.5 ശതമാനവും (0.2 ശതമാനം പോയിന്‍റ് കുറവ്) വളരുമെന്ന് പ്രവചിക്കപ്പെടുന്നു.
ഗാർഹിക ചെലവിടല്‍ മികച്ച നിലയില്‍ തുടരുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ യുഎസിന്‍റെ 2023-ലെ വളർച്ച സംബന്ധിച്ച പ്രവചനം 1.1 ശതമാനമായി ഉയർത്തി. കുറഞ്ഞ വാതക വിലയും ശക്തമായ ഉപഭോക്തൃ ചെലവും കാരണം യൂറോപ്യൻ യൂണിയന്റെ സമ്പദ്‌വ്യവസ്ഥ 0.9 ശതമാനം വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ഈ വർഷം ചൈനയുടെ വളർച്ച 5.3 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കിയതിന്റെ ഫലമായാണ് ജനുവരി ആദ്യം പ്രവചിച്ച 4.8 ശതമാനത്തില്‍ നിന്ന് വളര്‍ച്ചാ നിഗമനം ഉയര്‍ത്തിയത്. ചരക്കുകളുടെയും സേവനങ്ങളുടെയും ആഗോള വ്യാപാരത്തിന്റെ അളവ് 2023 ൽ 2.3 ശതമാനം വളരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് മഹാമാരിക്ക് മുമ്പുള്ള പ്രവണതയെ അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ താഴെയാണ്.