തൊഴിലില്ലായ്മ 4 മാസത്തെ ഉയർച്ചയില്‍
- തൊഴില്‍ പങ്കാളിത്ത നിരക്ക് 3 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
- ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയില്‍ ഇടിവ്
- തൊഴിലുറപ്പു പദ്ധതിക്ക് ആവശ്യകത കുരയുന്നു
ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന തൊഴില്‍ സേനയ്ക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വെല്ലുവിളിയായി തുടരുകയാണ്.
രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.11 ശതമാനമായി ഉയർന്നു, ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയുടെ കണക്കുകൾ പ്രകാരം, നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേ കാലയളവിൽ 8.51 ശതമാനത്തിൽ നിന്ന് 9.81 ശതമാനമായി ഉയർന്നു. എന്നാല്‍ ഗ്രാമപ്രദേശങ്ങളിൽ ഇത് മാര്‍ച്ചിലെ 7.47 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 7.34 ശതമാനമായി കുറഞ്ഞു.
ഏപ്രിലിൽ ഇന്ത്യയുടെ തൊഴിൽ ശക്തി 25.5 ദശലക്ഷം ആളുകൾ കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ 467.6 ദശലക്ഷമായി ഉയർന്നു, തൊഴിൽ പങ്കാളിത്ത നിരക്ക് ഏപ്രിലിൽ 41.98% ആയി ഉയർന്നു, ഇത് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.ഏപ്രിലിൽ തൊഴിൽ നിരക്ക് 38.57% ആയി ഉയർന്നു, 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഗ്രാമീണ മേഖലയില്‍ തൊഴിൽ അന്വേഷകരായ 94.6% ആളുകൾക്ക് ജോലി ലഭിച്ചു, അതേസമയം നഗരപ്രദേശങ്ങളിൽ 54.8% തൊഴിൽ അന്വേഷകരാണ് പുതിയ ജോലികൾ കണ്ടെത്തിയത്. ഗ്രാമപ്രദേശങ്ങളിൽ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിക്കുള്ള ആവശ്യം കുറയുന്നു എന്നു സൂചിപ്പിക്കുന്ന കണക്കുകളാണ് സിഎംഐഇ പുറത്തുവിട്ടിട്ടുള്ളത്. മികച്ച വിളവെടുപ്പു മൂലം മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിലെ ആവശ്യകത കുറയുന്നതായി നേരത്തേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വ്യക്തമാക്കിയിരുന്നു.