പോക്കറ്റ് കാലിയാകാതെ ഇനി എയർപോർട്ടിൽ നിന്ന് ഭക്ഷണം കഴിക്കാം! വരുന്നു ഉഡാൻ യാത്രി കഫേ
വിമാനത്താവളങ്ങളിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് എയർ പാസഞ്ചർ കഫേയുമായി (ഉദാൻ യാത്രി കഫേ) വ്യോമയാന മന്ത്രാലയം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ ഇനി കീശകീറാതെ ഭക്ഷണം കഴിക്കാം. വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
കൊൽക്കത്ത വിമാനത്താവളത്തിലായിരിക്കും ആദ്യ ഉഡാൻ യാത്രി കഫേ പ്രവർത്തനമാരംഭിക്കുക. ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് ഉദാൻ യാത്രി കഫേ പ്രവർത്തിപ്പിക്കാൻ അനുമതി നൽകുക. കൊൽക്കത്തയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് രാജ്യത്തെ ഇതര വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും.
ലഘുഭക്ഷണം, ചായ, കാപ്പി, വെള്ളം എന്നിവ മിതമായ നിരക്കിൽ ഉദാൻ യാത്രി കഫേയിൽ ലഭ്യമാവും. ഉഡാൻ സ്കീമിന് കീഴിലുള്ള ഫ്ലെെറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്താവളത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. പിന്നീട് പ്രവർത്തനം വിപുലീകരിക്കും.