കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 50 ശതമാനം എന്നത് 53 ശതമാനമായി ഉയരും. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർധനയുടെ ഗുണം ലഭിക്കും. പുതുക്കിയ ക്ഷാമബത്തയ്ക്ക് ജൂലൈ ഒന്നുമുതല്‍ പ്രാബല്യം ഉണ്ടാവും. ഇതിന് മുന്‍പ് 2024 മാര്‍ച്ചിലാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് നാലുശതമാനം വര്‍ധന വരുത്തിയതോടെയാണ് നിലവിലെ 50 ശതമാനത്തിലേക്ക് ക്ഷാമബത്ത ഉയര്‍ന്നത്.