ടെസ്‌ല ഉടനെത്തും; അനുമതികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു

ടെസ്‌ലയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശം

Update: 2023-11-07 06:53 GMT

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന (ഇവി) നിര്‍മാതാക്കളായ ടെസ്‌ലയ്ക്ക് ഇന്ത്യയിലെ നിര്‍ദ്ദിഷ്ട നിക്ഷേപത്തിനുള്ള അനുമതി വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. 2024 ജനുവരിയോടെ അനുമതി നല്‍കുന്നത് പൂര്‍ത്തീകരിക്കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.

ടെസ്‌ലയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും ഇന്ത്യയിലെ പ്രവേശനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം എത്രയും വേഗത്തിലാക്കാനുള്ള സാഹചര്യം ടെസ്‌ലയ്ക്ക് ഒരുക്കണമെന്നും വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.

വാണിജ്യ, വ്യവസായ വകുപ്പ്, ഇലക്ട്രോണിക്‌സ്, ഐടി, ഹെവി ഇന്‍ഡസ്ട്രി തുടങ്ങിയ വകുപ്പുകളാണു ടെസ്‌ലയുടെ എക്‌സിക്യുട്ടീവുകളുമായി ചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുന്നത്.

2024 ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ അതിഥിയായി പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ടെസ്‌ലയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിക്കുകയാണെന്ന പ്രഖ്യാപനം കൂടി നടത്താന്‍ സാധിച്ചാല്‍ അത് വലിയ നേട്ടമാകുമെന്ന കണക്കുകൂട്ടല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട്.

ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന ടെസ്‌ല കുറച്ച് കാലമായി നരേന്ദ്ര മോദി സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ടെസ്‌ല അതിന്റെ സപ്ലൈ ചെയിനും ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത് രാജ്യത്തെ ഇവി നിര്‍മാണ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരമായും കണക്കാക്കപ്പെടുന്നുണ്ട്.

ഇറക്കുമതി തീരുവ കൂടുതലാണെന്നതായിരുന്നു ടെസ്‌ലയെ ഇന്ത്യയിലെത്തുന്നതില്‍ നിന്നും പിന്തിരിപ്പിച്ച ഘടകം.

പ്രാദേശിക തലത്തിലെ ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇന്ത്യ ഇറക്കുമതി തീരുവ ഉയര്‍ത്തിയത്.

പൂര്‍ണമായും അസംബിള്‍ ചെയ്ത, 40,000 ഡോളറിനു മുകളില്‍ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് വിലയുടെ 60 ശതമാനമാണ് ഇറക്കുമതി തീരുവ ചുമത്തുന്നത്. 40,000 ഡോളറിനു മുകളില്‍ വില വരുന്നവയ്ക്ക് വിലയുടെ 100 ശതമാനവും ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്.

എന്നാല്‍ പ്രാദേശിക തലത്തിലുള്ള ഉല്‍പ്പാദനത്തില്‍ തല്‍പ്പരരായ വാഹന നിര്‍മാതാക്കള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് അനുവദിക്കാനുള്ള ശ്രമമാണു കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വെഹിക്കിള്‍ നയത്തില്‍ ഭേദഗതി വരുത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News