ജൂണില്‍ തേയില ഉല്‍പ്പാദനം ഇടിഞ്ഞു

  • ഇന്ത്യയിലെ തേയില ഉല്‍പ്പാദനത്തില്‍ ഏകദേശം 3.7 ശതമാനം കുറവ്
  • പശ്ചിമബംഗാളില്‍ ഉല്‍പ്പാദനം വര്‍ധിച്ചു
  • കാലാവസ്ഥാവ്യതിയാനം തേയിലത്തോട്ടങ്ങളെ ബാധിച്ചു

Update: 2023-07-29 10:15 GMT

ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ തേയില ഉല്‍പ്പാദനത്തില്‍ ഇടിവ്. 137.85 ദശലക്ഷം കിലോഗ്രാമാണ് ആകെ ഉല്‍പ്പാദനം. കഴിഞ്ഞവര്‍ഷം ഇതേമാസം തേയില ഉല്‍പ്പാദനം 143.12 ദശലക്ഷം കിലോഗ്രാമായിരുന്നു. ടീ ബോര്‍ഡ് പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, 2023 ജൂണ്‍ മാസത്തില്‍ തേയില ഉല്‍പ്പാദനത്തിന്റെ അളവില്‍ ഏകദേശം 3.7 ശതമാനം കുറവുണ്ടായി.

മേഖലാടിസ്ഥാനത്തില്‍, ഉത്തരേന്ത്യയില്‍ ഈ മാസം 109.70 ദശലക്ഷം കിലോഗ്രാം ഉല്‍പ്പാദിപ്പിക്കപ്പെട്ടു. ദക്ഷിണേന്ത്യയില്‍ ഉല്‍പ്പാദനം 28.15 ദശലക്ഷം കിലോഗ്രാം ആയിരുന്നു.

ജൂണ്‍മാസത്തില്‍ ആസാമില്‍നിന്നുള്ള ഉല്‍പ്പാദനം 63.51 ദശലക്ഷം കിലോഗ്രാമായിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ഉല്‍പ്പാദനം മുമ്പത്തെ സമാന കാലയളവിലെ അതേ മാസത്തില്‍ 75.16 ദശലക്ഷം കിലോഗ്രാം ആയിരുന്നു.

ഉത്തരേന്ത്യയിലെ മറ്റ് പ്രധാന ഉല്‍പ്പാദകരാണ് പശ്ചിമബംഗാള്‍. എന്നാള്‍ ബംഗാളിലെ ഉല്‍പ്പാദനം കഴിഞ്ഞവര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. 42.64 ദശലക്ഷം കിലോഗ്രാമാണ് ജൂണിലെ ഉല്‍പ്പാദനം .കഴിഞ്ഞവര്‍ഷം സമാനകാലയളവില്‍ ഇത് 40.42 ദശലക്ഷം കിലോഗ്രാം ആയിരുന്നു. അനുചിതമായ കാലാവസ്ഥയും തോട്ടങ്ങളിലെ കീടങ്ങളുടെ ആക്രമണവുമാണ് ഉല്‍പ്പാദന അളവിലുണ്ടായ ഇടിവിന് കാരണമെന്ന് ഇന്ത്യന്‍ ടീ അസോസിയേഷന്‍ (ഐടിഎ) വൃത്തങ്ങള്‍ പറഞ്ഞു.

അസം, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളില്‍ ഉഷ്ണതരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥയും മതിയായ മഴയുടെ അഭാവവും വിളയുടെ ഉല്‍പ്പാദനത്തെ ഗുണത്തെയും അളവിനെയും ബാധിക്കുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. കൂടാതെ രാജ്യത്ത് കാലം തെറ്റിയുള്ള തീവ്രമഴയും മറ്റ് കൃഷികളെപ്പോലെ തേയിലയെയും ബാധിക്കുന്നുണ്ട്.

ഇക്കാരണങ്ങളാല്‍ ചെറുകിട തോട്ടമുടമകള്‍ പല ഘട്ടങ്ങളിലും പ്രതിസന്ധി നേരിടുന്നുണ്ട്.വിലയിടിവും ഒരു പ്രധാന ഘടകമാകുന്നു. അതിനാല്‍ രാജ്യത്ത് തേയിലത്തോട്ടം ഉള്ള ജില്ലകളില്‍ ഒരു വില പങ്കിടല്‍ ഫോര്‍മുല നിര്‍ണ്ണയിക്കാന്‍ ടീ ബോര്‍ഡ് പഠനം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍-പന്തലൂര്‍ മേഖലയും കേരളത്തിലെ വയനാട് ജില്ലയും ഒഴികെ രാജ്യത്തെ തേയില കൃഷി ചെയ്യുന്ന എല്ലാ ജില്ലകളിലും പഠനം നടത്തുന്നുണ്ട്. ജൂണ്‍മാസത്തില്‍ ഇത് സംബന്ധിച്ച പഠനം ആരംഭിച്ചിട്ടുണ്ട്. ആറുമാസമാണ് ഇതിന്റെ കാലാവധി. തേയില ഉല്‍പ്പാദനത്തില്‍ ഇന്ത്യയിലെ ചെറുകിടക്കാരുടെ സംഭാവന 55ശതമാനമാണ്.

Tags:    

Similar News