5 മാസം കഴിഞ്ഞപ്പോൾ കേരളത്തിന്റെ ബാധ്യതാ ചെലവുകൾ 86 ശതമാനത്തിലേക്ക്

കഴിഞ്ഞ ഇതേ കാലയളവിൽ സർക്കാരിന്റെ ബാധ്യതാ ചെലവുകൾ 72 ശതമാനമായിരുന്നു

Update: 2023-10-09 12:41 GMT

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ചു മാസം ഓഗസ്റ്റില്‍ അവസാനിച്ചപ്പോള്‍, ആ കാലയളവിലെ കേരള സര്‍ക്കാരിന്റെ വരുമാനത്തില്‍ 86 ശതമാനവും പോയത് ബാധ്യതാ (കമ്മിറ്റഡ് പേയ്മെന്റ് -) ചെലവുകള്‍ക്ക്.

ശമ്പളം , പെന്‍ഷന്‍, പലിശ തിരിച്ചടവ് എന്നിവക്ക് ചെലവാക്കുന്ന തുകയാണ് ഒരു സര്‍ക്കാരിന്റെ ബാധ്യതാ ചെലവുകള്‍.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സര്‍ക്കാരിന്റെ ബാധ്യതാ ചെലവുകള്‍ 72 ശതമാനമായിരുന്നു. ഈ രണ്ടു സാമ്പത്തിക വര്‍ഷങ്ങളുടെ ഇടവേളകളില്‍ സര്‍ക്കാരിന്റെ ബാധ്യതാ ചെലവുകള്‍ കൂടിയത് 14 ശതമാനം.

``സര്‍ക്കാരിന്റെ വരുമാനത്തിന്റെ 86 ശതമാനം പലിശ അടക്കുന്നതിനും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ശമ്പളവും, പെന്‍ഷനും നല്‍കാനായി പോവുക എന്ന് പറഞ്ഞാല്‍ തികച്ചും നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയാണ്'', കൊച്ചിയിലെ ഒരു സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍കാരും, അവരെ ആശ്രയിക്കുന്നവരും ജനസംഖ്യയുടെ 5 ശതമാനമോ, അതില്‍ താഴെയോ വരികയുള്ളു എന്നോര്‍ക്കണം.

ഈ അഞ്ചു മാസത്തെ സര്‍ക്കാരിന്റെ വരുമാനം 45,445.87 കോടി ആയിരുന്നു. ബാധ്യതാ ചെലവുകള്‍ 38,888.32 കോടിയും. ഇത് വരവിന്റെ 85 .57 ശതമാനം വരും.

കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് യഥാക്രമം 51,650.91 കോടിയും, 37,272.58 കോടിയും. ചെലവഴിച്ചത് വരവിന്റെ 72.16 ശതമാനവും.

ഈ വര്‍ഷം സംസ്ഥാനത്തിന്റെ വരുമാനവും , ബാധ്യതാ ചെലവുകളും തമ്മിലുള്ള അനുപാതം കൂടിയത് വരവ് കുറഞ്ഞത് കൊണ്ടല്ല, മറിച്ചു കേന്ദ്രം നല്‍കുന്ന ഗ്രാന്‍ഡ്-ഇന്‍- എയ്ഡ്ല്‍ വന്ന കുത്തനെയുള്ള കുറവാണ്.

കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ അഞ്ചുമാസം ഗ്രാന്‍ഡ് -ഇന്‍- എയ്ഡ് ആയി നല്‍കിയത് 13,399.09 കോടി ആയിരുന്നപ്പോള്‍, ഈ വര്‍ഷം അതെ കാലയളവിലേക്ക് നല്‍കിയത് 3704 കോടി മാത്രം. അതായത് 72 ശതമാനത്തിന്റെ കുറവ്.

അതെ സമയം കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട നികുതി വിഹിതത്തില്‍ കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 36.5 ശതമാനത്തിന്റെ കുറവുണ്ടാകും എന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, ഈ വര്‍ഷത്തെ ആദ്യത്തെ അഞ്ചു മാസം കേന്ദ്രത്തിന്റെ നികുതി വിഹിതമായി 4637.87 കോടി ലഭിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് 3904.95 കോടി മാത്രമാണ്.

Tags:    

Similar News