രണ്ട് പേര്‍ക്ക് ഒരേ പാന്‍: ആദായ നികുതി വകുപ്പിനോട് വിശദീകരണം തേടി ഹൈകോടതി

ഒരേ പാന്‍ നമ്പര്‍ അനുവദിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരന്റെ ക്രെഡിറ്റ് സ്‌കോറിനെയാണ് അത് ബാധിച്ചതെന്ന് പരാതിക്കാരനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് അമിത് വര്‍മ്മ അഭിപ്രായപ്പെട്ടു.

Update: 2022-11-30 05:47 GMT

ഡെല്‍ഹി: ഒരേ പാന്‍ നമ്പര്‍ രണ്ട് പേര്‍ക്ക് അനുവദിച്ചത് സംബന്ധിച്ച് ആദായ നികുതി വകുപ്പിനോട് വിശദീകരണം തേടി ഡെല്‍ഹി ഹൈക്കോടതി. ആദായ നികുതി വകുപ്പ്, ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്സ് (സിസ്റ്റം), നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍), എസ്ബിഐ, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (സിബില്‍) എന്നിവയ്ക്കാണ് വിശദീകരണം തേടി ജസ്റ്റിസ് പ്രതിഭ എം സിംഗ് നോട്ടീസ് അയച്ചിരിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കണമെന്ന നോട്ടീസ് ബാങ്കില്‍ നിന്നും വരുമ്പോഴാണ് പരാതിക്കാരന്‍ തന്റെ അതേ പാന്‍ നമ്പര്‍ മറ്റൊരാള്‍ക്കും ഉണ്ടെന്നും, അയാളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ രണ്ട് ലക്ഷം രൂപയുടെ ബില്ലാണ് തനിക്ക് വന്നതെന്നും അറിയുന്നത്. രണ്ട് പേര്‍ക്ക് ഒരേ നമ്പറില്‍ പാന്‍ കാര്‍ഡ് അനുവദിച്ചതിലെ തെറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ അധികൃതരെ സമീപിച്ചിരുന്നു.

ഏപ്രില്‍ 21 ന് കേസിന്റെ തുടര്‍വാദം നടക്കും. പരാതിക്കാരനെതിരെ ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കാത്തതില്‍ ബാങ്ക് നടപടികളൊന്നും സ്വീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഒരേ പാന്‍ നമ്പര്‍ അനുവദിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരന്റെ ക്രെഡിറ്റ് സ്‌കോറിനെയാണ് അത് ബാധിച്ചതെന്ന് പരാതിക്കാരനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് അമിത് വര്‍മ്മ അഭിപ്രായപ്പെട്ടു.

2017 ഓഗസ്റ്റ് 15 ന് തെറ്റായ ഐടിആര്‍ ഫയല്‍ ചെയ്തതിന് ആദായനികുതി നോട്ടീസ് ലഭിച്ചപ്പോഴാണ് ഡ്യൂപ്ലിക്കേറ്റ് പാനിനെക്കുറിച്ച് ഹര്‍ജിക്കാരന്‍ ആദ്യമായി അറിഞ്ഞതെന്ന് അഭിഭാഷകന്‍ പറഞ്ഞു. അതിനുശേഷം, തിരുത്തല്‍ വരുത്തുന്നതിനായി ഹര്‍ജിക്കാരന്‍ ഇതിനുത്തരവാദികളായവരെ പലതവണ സമീപിച്ചിരുന്നു.

താന്‍ ഉടമയല്ലാത്ത ക്രെഡിറ്റ് കാര്‍ഡിലെ കടങ്ങള്‍ തന്റെ പേരില്‍ നിന്നും നീക്കം ചെയ്യണമെന്ന് അദ്ദേഹം എസ്ബിഐയോടും, തന്റേതല്ലാത്ത കാരണത്താല്‍ ക്രെഡിറ്റ് സ്‌കോറില്‍ വന്ന മാറ്റങ്ങള്‍ തിരുത്തണമെന്ന് സിബിലിനോടും ആവശ്യപ്പെട്ടിരുന്നു. തന്റെ സല്‍പ്പേരിന് കളങ്കം വന്നതിനും, നേരിട്ട ബുദ്ധിമുട്ടുകള്‍ക്കും നഷ്ടപരിഹാരം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News