തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; നിക്ഷേപ ഉപദേശകര്‍ക്ക് സെബിയുടെ പെരുമാറ്റച്ചട്ടം
- മുന്നറിയിപ്പ് വായിക്കാനാകുന്ന വലുപ്പത്തിലാകണം
- മറ്റു സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കരുത്
- സാങ്കേതികമായ പദങ്ങളുടെ അമിതമായ ഉപയോഗം നിയന്ത്രിക്കണം
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കുന്നതിനായി, നിക്ഷേപ ഉപദേശകര്‍ക്കും റിസര്‍ച്ച് അനലിസ്റ്റുകള്‍ക്കുമുള്ള പെരുമാറ്റച്ചട്ടം ശക്തമാക്കി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).
വമ്പന്‍ വരുമാനം ഉള്‍പ്പടെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങളും പ്രവചനങ്ങളും ഉള്‍ക്കൊള്ളുന്ന പരസ്യങ്ങള്‍ ഇത്തരം ചില സ്ഥാപനങ്ങളില്‍ നിന്നു വരുന്നുവെന്ന പരാതി സമൂഹമാധ്യമങ്ങളില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിപണി നിയന്ത്രണ സംവിധാനമായ സെബിയുടെ നടപടി. സെബി അംഗീകരിക്കുന്ന മേല്‍നോട്ട സംവിധാനത്തിന്റെ മുന്‍കൂര്‍ അനുമതിക്ക് ശേഷം മാത്രമേ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പാടുള്ളൂ. പരസ്യങ്ങളുടെ പകര്‍പ്പ് അഞ്ച് വര്‍ഷം വരെ സൂക്ഷിക്കണമെന്നും മുന്‍പത്തെ പ്രകടനങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ പരസ്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സെബി നിര്‍ദേശിച്ചിട്ടുണ്ട്.
ഏറ്റവും മികച്ച, നമ്പര്‍ 1, ടോപ് അഡൈ്വസര്‍/റിസര്‍ച്ച് അനലിസ്റ്റ് തുടങ്ങിയ പദപ്രയോഗങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിപണിയിലെ ലാഭ നഷ്ട സാധ്യതകളെ കുറിച്ചുള്ള നിയമപ്രകാരമുള്ള മുന്നറിയിപ്പ് വായിക്കാനാകുന്ന ഫോണ്ട് വലുപ്പത്തില്‍ നല്‍കണമെന്നും ഇന്നലെ പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.
മുന്നറിയിപ്പിന്റെ ചുരുങ്ങിയ ഫോണ്ട് വലുപ്പം 10 ആയിരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ ഈ മുന്നറിയിപ്പ് പറയുന്നത് വ്യക്തമായും കൃത്യമായും കേള്‍ക്കാവുന്ന തരത്തിലും മനസിലാക്കാവുന്ന തരത്തിലുമായിരിക്കണം. 20 വാക്കുകള്‍ക്കായി ചുരുങ്ങിയത് 10 സെക്കന്റ് സമയമെങ്കിലും എടുത്തിരിക്കണം എന്നാണ് നിര്‍ദേശം. ഏതൊരു മാധ്യമത്തിലൂടെയുള്ള പരസ്യത്തിലും മുന്നറിയിപ്പിലെ ഒരു വാക്കും വിട്ടുകളയരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സമ്മാനം, മെഡല്‍, പ്രൈസ് മണി എന്നിവ ഉള്‍പ്പെടുന്ന തരത്തിലുള്ള ഗെയിമുകള്‍, ലീഗുകള്‍, മത്സരങ്ങള്‍, സ്‌കീമുകള്‍ എന്നിവയിലൊന്നും സെബിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ പങ്കുചേരാന്‍ പാടുള്ളതല്ല. ഒരുപക്ഷേ നിഗമനങ്ങളുടെയോ വിലയിരുത്തലുകളുടെയോ അടിസ്ഥാനത്തിലുള്ളതാണെങ്കില്‍ കൂടി, പക്ഷപാതപരമായതോ വഞ്ചനാപരമായതോ ആയ അവകാശവാദങ്ങളോ പ്രസ്താവനകളോ നടത്തരുത്. നേരിട്ടോ അല്ലാതെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതോ അനുചിതമായ രീതിയില്‍ താരതമ്യം ചെയ്യുന്നതോ ആയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സാങ്കേതികമായ പദങ്ങളുടെ അമിതമായ ഉപയോഗം പാടില്ലെന്നും സെബി നിര്‍ദേശിക്കുന്നുണ്ട്. എല്ലാ തരത്തിലുള്ള മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
അച്ചടി മാധ്യമങ്ങള്‍, സര്‍ക്കുലറുകള്‍, ബ്രോഷറുകള്‍, ഗവേഷണ റിപ്പോര്‍ട്ടുകള്‍, സൈന്‍ ബോര്‍ഡുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, റേഡിയോ, ഇലക്ട്രോണിക് മാധ്യമങ്ങള്‍, ഓഡിയോ-വിഷ്വല്‍ മാധ്യമങ്ങള്‍ മറ്റേതെങ്കിലും തരത്തിലുള്ള ആശയവിനിമയ രൂപങ്ങള്‍ എന്നിവയിലൂടെയെല്ലാം നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഈ പെരുമാറ്റച്ചട്ടം ബാധകമാണ്. എസ്എംഎസ്/മെസേജ്/പോപ്പ്-അപ്പ്, സോഷ്യല്‍ മീഡിയ എന്നിങ്ങനെയുള്ള രീതികളില്‍ നല്‍കുന്ന പരസ്യങ്ങളില്‍ പൂര്‍ണ്ണമായ പേര്, ലോഗോ/ബ്രാന്‍ഡ് നാമം, രജിസ്റ്റര്‍ ചെയ്ത ഓഫീസ് വിലാസം, സെബി രജിസ്‌ട്രേഷന്‍ നമ്പര്‍, സെബി അംഗീകൃത സൂപ്പര്‍വൈസറി ബോഡിയുടെ അംഗത്വ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങളും നിയമപ്രകാരമുള്ള മുന്നറിയിപ്പുകളും നല്‍കുന്നില്ലെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റിലേക്കുള്ള ഹൈപ്പര്‍ലിങ്ക് നല്‍കിയിരിക്കണം, വെബ്സൈറ്റില്‍ അത്തരം എല്ലാ വിശദാംശങ്ങളും ഉണ്ടായിരിക്കണം.