വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് റെയില്‍വേയുടെ `'നോര്‍ത്ത് ഈസ്റ്റ് ഡിസ്‌കവറി' ടൂര്‍''

  • ഭാരത് ഗൗരവ് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിന്‍ നവംബര്‍ 16 ന് ദില്ലി സഫ്ദര്‍ജംഗ് സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിക്കും.

Update: 2023-11-01 13:54 GMT

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂട്ടാൻ  റെയില്‍വേ മന്ത്രാലയം ഐആര്‍സിടിസിയുമായി സഹകരിച്ച് 'നോര്‍ത്ത് ഈസ്റ്റ് ഡിസ്‌കവറി' ടൂര്‍ സംഘടിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ``ഭാരത് ഗൗരവ് ഡീലക്‌സ്'' എസി ടൂറിസ്റ്റ് ട്രെയിന്‍ നവംബര്‍ 16 ന് ദില്ലി സഫ്ദര്‍ജംഗ് സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിക്കും.

അസമിലെ ഗുവാഹത്തി, ശിവസാഗര്‍, ജോര്‍ഹട്ട്, കാസിരംഗ, ത്രിപുരയിലെ ഉനകോട്ടി, അഗര്‍ത്തല, ഉദയ്പൂര്‍, നാഗാലാന്‍ഡിലെ ദിമാപൂര്‍, കൊഹിമ, ഷില്ലോംഗ്, ചിറാപുഞ്ചി എന്നീ സ്ഥലങ്ങളിലൊക്കെ സഞ്ചരിക്കുന്ന 15 ദിവസത്തെ പാക്കേജാണിത്.

രണ്ട് ഡൈനിംഗ് കാറുകള്‍ അഥവാ റെസ്റ്റോറന്റുകള്‍, കണ്ടംപ്രറി അടുക്കള , എസി 1, എസി 2 കോച്ചുകളിലെ ഷവര്‍ ക്യുബിക്കിളുകള്‍, സെന്‍സര്‍ അധിഷ്ഠിത വാഷ്‌റൂം ഫംഗ്ഷനുകള്‍, മസാജ്, മിനി ലൈബ്രറി എന്നിവയുള്‍പ്പെടെ നിരവധി ആധുനിക സവിശേഷതകള്‍ ഭാരത് ഗൗരവ് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനിലുണ്ട്. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ട്രെയിന്‍ എസി 1, എസി 2, എസി 3 എന്നിങ്ങനെ മൂന്ന് തരം താമസസൗകര്യങ്ങള്‍ നല്‍കുന്നു. സിസിടിവി ക്യാമറകള്‍, ഇലക്ട്രോണിക് സേഫുകള്‍, ഓരോ കോച്ചിനും പ്രത്യേക സുരക്ഷാ ഗാര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ട്രെയിനിലുണ്ട്. പതിനാല് രാത്രിയും പതിനഞ്ച് പകലും നീണ്ടു നില്‍ക്കുന്ന യാത്രയുടെ ആദ്യ സ്റ്റോപ്പ് ഗുവാഹത്തിയാണ്. ഏകദേശം 5800 കിലോ മീറ്റര്‍ സഞ്ചരിക്കുന്ന യാത്ര ഡല്‍ഹിയില്‍ തന്നെ തിരിച്ചെത്തും.

ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്', 'ദേഖോ അപ്നാ ദേശ്' എന്നിവയ്ക്ക് അനുസൃതമായാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ലോഞ്ച്. ഐആര്‍സിടിസി ടൂറിസ്റ്റ് ട്രെയിനില്‍ അതത് ക്ലാസുകളില്‍ ട്രെയിന്‍ യാത്ര, എസി ഹോട്ടലുകളില്‍ രാത്രി താമസം, ഭക്ഷണം (വെജിറ്റേറിയന്‍ മാത്രം), ബസുകളില്‍ കാഴ്ച്ച കാണാനുള്ള യാത്ര, യാത്രാ ഇന്‍ഷുറന്‍സ്, ടൂര്‍ എസ്‌കോര്‍ട്ടിന്റെ സേവനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ ബുക്കിംഗിനുമായി https://www.irctctourism.com/bharatgaurav സന്ദര്‍ശിക്കാം.

Tags:    

Similar News