വന്ദേഭാരത് സ്ലീപ്പർ കോച്ചിന്റെ കൺസെപ്റ്റ് ഫോട്ടോകൾ പുറത്തുവിട്ട് മന്ത്രി

2024 ന്റെ തുടക്കത്തോടെ പുതിയ സ്ലീപ്പർ കോച്ചുകള്‍

Update: 2023-10-04 12:49 GMT

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്  വന്ദേ ഭാരത് സ്ലീപ്പർ കോച്ചിന്റെ കൺസെപ്റ്റ് ഫോട്ടോകൾ  'എക്സി'ലൂടെ ( പഴയ ട്വിറ്റർ)   പുറത്തുവിട്ടു. 2024 ന്റെ തുടക്കത്തോടെ തന്നെ യാഥാർഥ്യമാകുമെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.  മണിക്കൂറിൽ 160 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ 16 ബോഗികളിലായി 887 യാത്രക്കാരെ ഉൾക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് രൂപകൽപന. 

വിശാലമായ ബർത്തുകൾ,തെളിച്ചമുള്ള അകത്തളങ്ങള്‍,ഒതുക്കമുള്ള കലവറ , സൗകര്യപ്രദമായ ടോയ്‍ലെറ്റുകൾ, നൂതന സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ പുതിയ കോച്ചുകളിലുണ്ടാകും. കൂടാതെ സുഖപ്രദമായ  സീറ്റിങ് ക്രമീകരണങ്ങൾ, ആംബിയന്റ്  ഫ്ളോർ ലൈറ്റിങ്, മെച്ചപ്പെട്ട ടോപ് ലൈറ്റുകൾ  തുടങ്ങിയവയും സവിശേഷതകളാണ്. പുതിയ ട്രെയിനുകൾ കൂടുതൽ ഊർജക്ഷമതയും പരിസ്ഥിതി സൗഹൃദവും ആയിരിക്കും.

2019 ഫെബ്രുവരി 15 -ന് പ്രധാന മന്ത്രി  നരേന്ദ്ര മോദി, ന്യൂഡല്‍ഹി- വാരാണസി റൂട്ടില്‍  ഉദ്ഘാടനം ചെയ്തതോടെയാണ് വന്ദേ ഭാരത് എക്സ്പ്രസ്സ്ന്റെ യാത്ര ഇന്ത്യയിൽ ആരംഭിക്കുന്നത്. മേക് ഇൻ ഇന്ത്യ സംരംഭത്തിൽ ചെന്നൈയിലെ ഇന്റഗ്രൽ കൊച്ചു ഫാക്ടറിയിൽ നിർമിച്ച ട്രെയിനാണിത്. 2017 മധ്യത്തിൽ  ആരംഭിക്കുകയും 18 മാസത്തെ സമയ പരിധിക്കുള്ളിൽ 18 ട്രെയിൻ പൂർത്തിയാക്കുകയും ചെയ്തു.  2019 ജനുവരിയിൽ കോട്ട -സവായ് മധോപൂർ സെക്ഷനിൽ 180 കിലോമീറ്റർ  വേഗം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനിന് വന്ദേ ഭാരത് എന്ന് പേര് നൽകുകയും ചെയ്തു.

ചെയർ കാർ പതിപ്പിൽ 75 വന്ദേ ഭാരത് റേക്കുകളും ബാക്കിയുള്ളവ സ്ലീപ്പർ പതിപ്പിലും പുറത്തിറക്കാനുമാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്.

Tags:    

Similar News