ബുച്ചിന്റെ പിന്‍ഗാമി ആരാകും? സെബി മേധാവിക്കായി അപേക്ഷ ക്ഷണിച്ചു

  • ബുച്ചിന്റെ കാലാവധി ഫെബ്രുവരി 28-ന് അവസാനിക്കും
  • ശരിയായ മേധാവിയെ കണ്ടെത്തിയില്ലെങ്കില്‍ ബുച്ചിന്റെ കാലാവധി നീട്ടാനും സാധ്യത
  • നിരവധി ബ്യൂറോക്രാറ്റുകള്‍ മത്സരരംഗത്തേക്കെന്ന് വിപണി നിരീക്ഷകര്‍

Update: 2025-01-27 07:04 GMT

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍പേഴ്സണായി മാധബി പുരി ബുച്ചിന്റെ കാലാവധി അവസാനിക്കാന്‍ ഒരു മാസത്തില്‍ താഴെ മാത്രം ശേഷിക്കെ, ധനമന്ത്രാലയം ഈ തസ്തികയിലേക്ക് പുതിയ അപേക്ഷകള്‍ ക്ഷണിച്ചു.

ഫെബ്രുവരി 17 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം.

നിലവിലെ ചെയര്‍പേഴ്സന്റെ കാലാവധി ഫെബ്രുവരി 28-ന് അവസാനിക്കും. 2022 മാര്‍ച്ച് 1-ന് ബോര്‍ഡിന്റെ ചുമതലയേറ്റ ബുച്ച് സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയും ഈ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളുമായിരുന്നു. മാര്‍ക്കറ്റ് റെഗുലേറ്റര്‍ അധ്യക്ഷയായ ആദ്യ വനിത കൂടിയാണ് അവര്‍. നേരത്തെ 2017 ഏപ്രില്‍ മുതല്‍ 2021 ഒക്ടോബര്‍ വരെ സെബിയുടെ മുഴുവന്‍ സമയ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബുച്ചിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ശരിയായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയില്ലെങ്കില്‍ കാലാവധി നീട്ടുന്നത് തള്ളിക്കളയാനാവില്ല. നിരവധി ബ്യൂറോക്രാറ്റുകള്‍ മത്സരരംഗത്തുണ്ടാകുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

പല പത്രങ്ങളിലും ഇത് സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. സാധാരണ മൂന്ന് വര്‍ഷത്തെ കാലാവധിക്ക് പകരം അഞ്ച് വര്‍ഷത്തേക്കാണ് പുതിയ നിയമനം എന്നാണ് പരസ്യത്തില്‍ പറയുന്നത്. വിശദമായ അപേക്ഷാ ഫോറം സാമ്പത്തിക കാര്യ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

സെബി മേധാവിയായിരുന്ന മാധബി പുരി ബച്ചിന്റെ കാലയളവ് വെല്ലുവിളികളില്ലാത്തതായിരുന്നില്ല. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ചയുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രധാന വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു. ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ അവകാശവാദങ്ങളും പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിയ വിമര്‍ശനങ്ങളും തുടര്‍ന്നാണിത്. അദാനി ഗ്രൂപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഓഫ്ഷോര്‍ ഫണ്ടുകളിലെ നിക്ഷേപം സെബി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു.

തന്റെ ഭരണകാലത്ത് 'വിഷമകരമായ തൊഴില്‍ അന്തരീക്ഷം' സൃഷ്ടിച്ചുവെന്ന് ഒരു കൂട്ടം സെബി ജീവനക്കാര്‍ ആരോപിച്ചതിനാല്‍ ബച്ചിന് ആന്തരിക ആശങ്കകളും നേരിടേണ്ടി വന്നു. എന്നാല്‍, പിന്നീട് വിഷയം പരിഹരിച്ചു. 

Tags:    

Similar News