റഷ്യന്‍ പ്രസിഡന്റിന്റെ ആദ്യ വിദേശ സന്ദര്‍ശനം ചൈനയിലേക്ക്

  • കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചൈനീസ് സന്ദര്‍ശനം ആവശ്യപ്പെട്ടു
  • ബെയ്ജിംഗ് സന്ദര്‍ശനം മെയ്മാസത്തില്‍
  • ചൈനയും ഉത്തര കൊറിയയും റഷ്യന്‍ നേതാവിനെ അഭിനന്ദിച്ചു

Update: 2024-03-20 10:30 GMT

റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ വ്‌ളാഡിമിര്‍ പുടിന്‍ തന്റെ ആദ്യ വിദേശ പര്യടനത്തിന് ചൈനയെ തെരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ്് ഷി ജിന്‍പിംഗുമായുള്ള ചര്‍ച്ചകള്‍ക്കായി മെയ്മാസത്തില്‍ പുടിന്‍ ബെയ്ജിംഗിലെത്തുമെന്നാണ് പ്രാഥമിക വിവരം.

പാര്‍ലമെന്ററി വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ജെന്നഡി സ്യൂഗനോവ്, യാത്രയ്ക്കായി ബെയ്ജിംഗിനെ തിരഞ്ഞെടുക്കാന്‍ പുടിനോട് ആവശ്യപ്പെട്ടതായി റഷ്യയുടെ ടാസ് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

'നിങ്ങളുടെ ആദ്യ സന്ദര്‍ശനം പടിഞ്ഞാറോട്ടല്ല, കിഴക്കോട്ടായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഷി ജിന്‍പിംഗ് നിങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കാത്തിരിക്കുകയാണ്, അദ്ദേഹം നമ്മുടെ രാജ്യത്തെ വളരെയധികം സ്‌നേഹിക്കുന്നു,' സ്യൂഗനോവ് പറഞ്ഞതായി ടാസ് ഉദ്ധരിച്ചു.യാത്ര പരിഗണിക്കാമെന്ന് പുടിന്‍ ഉറപ്പ് നല്‍കി.

'ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് കണക്കിലെടുക്കും,' പുടിന്‍ പുഞ്ചിരിയോടെ പ്രതികരിച്ചതായി ടാസ് പറയുന്നു.

അതേസമയം പുടിന്റെ തിരഞ്ഞെടുപ്പ് വിജയം ജനാധിപത്യവിരുദ്ധവുമാണെന്ന് അപലപിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ അണിനിരന്നിരുന്നു. എന്നാല്‍ ആറ് വര്‍ഷം കൂടി ഭരണം നീട്ടിയതിന് ചൈനയും ഉത്തര കൊറിയയും മുതിര്‍ന്ന റഷ്യന്‍ നേതാവിനെ അഭിനന്ദിച്ചു.

Tags:    

Similar News