ശബരിമലയിലേക്ക് സ്വകാര്യ ബസുകളും ? 'റോബിൻ' മാതൃക പിന്തുടർന്ന് സ്വകാര്യ ബസുടമകൾ

  • ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് ചട്ടങ്ങൾ 2023-ൽ അടുത്തിടെ വരുത്തിയ ഭേദഗതികൾ ചൂണ്ടിക്കാട്ടിയാണ് ശബരിമലയിലേക്ക് സ്വകാര്യ ബസുടമകൾ സർവീസ് നടത്താൻ പദ്ധതിയിടുന്നത്

Update: 2023-11-21 07:17 GMT

ഓൾ ഇന്ത്യ പെർമിറ്റുള്ള സ്വകാര്യ ബസുകൾ ശബരിമലയിലേക്ക് സർവീസ് നടത്തിയേക്കും. നിലവിൽ കെഎസ്ആർടിസിക്കു  മാത്രമാണ് പമ്പയിലേക്ക് സർവീസ് നടത്താൻ അനുവാദമുള്ളത് . ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് ചട്ടങ്ങൾ 2023-ൽ അടുത്തിടെ വരുത്തിയ ഭേദഗതികൾ ചൂണ്ടിക്കാട്ടിയാണ് ശബരിമലയിലേക്ക് സ്വകാര്യ ബസുടമകൾ സർവീസ് നടത്താൻ പദ്ധതിയിടുന്നത്. എന്നാൽ ഇത്തരത്തിൽ സ്വകാര്യ ബസുകൾ ശബരിമലയിലേക്ക് സർവീസ് നടത്തിയാൽ വർഷങ്ങളായി  കെഎസ്ആർടിസി അനുഭവിച്ചു കൊണ്ടിരിക്കുന്ന  പത്തനംതിട്ട - പമ്പ റൂട്ടിലെ അവരുടെ കുത്തക  അവസാനിക്കും.

അതിനാൽ സർവീസ് നടത്തുന്നത് നിയന്ത്രിക്കാൻ കേരള സർക്കാർ കർശനമായ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.

കേന്ദ്ര ഗവൺമെന്റിന്റെ വിജ്ഞാപനമനുസരിച്ച് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കും സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ രാജ്യത്ത് എവിടെയും സർവീസ് നടത്താം. ഇത്തരത്തിൽ സർവീസ് നടത്തിയിരുന്ന നിരവധി കോൺട്രാക്ട് കാരേജ് ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു.

കഴിഞ്ഞ ദിവസം അന്തർസംസ്ഥാന സർവീസ് നടത്തിയ റോബിൻ ട്രാവൽ എന്ന ടൂറിസ്റ്റ് ബസിന്‌ പിഴ ചുമത്തിയതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ്  അധികൃതരുടെ നടപടി വിമർശനത്തിന് ഇടയാക്കിയത്. ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് ബസുകൾക്ക് റൂട്ട് ബസുകളായി (സ്റ്റേജ് കാരേജ്) സർവീസ് നടത്താൻ കഴിയില്ലെന്നാണ് സംസ്ഥാന  സർക്കാരിന്റെ  നിലപാട്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച കെഎസ്ആർടിസി, റോബിൻ ബസ് കേന്ദ്ര നിയമം തെറ്റായി വ്യാഖ്യാനിച്ചാണ് സർവീസ് നടത്തിയതെന്ന് വാദിച്ചു.

മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ (1988) സെക്ഷൻ 88(9) ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരം ടൂറിസ്റ്റ് ബസുകൾ സ്റ്റേജ് ക്യാരിയേജുകളല്ലെന്നും കോൺട്രാക്‌ട് കാര്യേജുകൾക്ക് കീഴിലാണ് വരുന്നതെന്നുമാണ് കെഎസ്ആർടിസിയുടെ വാദം.

എന്നാൽ കോൺട്രാക്ട് കാര്യേജാണെങ്കിലും ഓൾ ഇന്ത്യ പെർമിറ്റ് ഉള്ളവർക്ക് ചില ഇളവുകൾ നൽകിയിട്ടുണ്ടെ ന്നാണ് സ്വകാര്യ ബസുടമകൾ അവകാശപ്പെടുന്നത്. 2023 ഏപ്രിൽ 18 ലെ വിജ്ഞാപന പ്രകാരം കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 82 മുതൽ 85 എ വരെയുള്ള വരെയുള്ള ഭേദഗതികൾ ഓള്‍ ഇന്ത്യ പെര്‍മിറ്റിന് ബാധകമല്ലെന്നാണ് സ്വകാര്യ ബസുടമകൾ ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി. ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു.

Tags:    

Similar News