ആര്‍ത്തവം കോടിപതിയാക്കിയ സംരംഭകയുടെ കഥ

  • ഇന്ന് 17 ഭാഷകളിലായി 20 രാജ്യങ്ങളില്‍ മെന്‍സ്ട്രുപീഡിയ ഉണ്ട്

Update: 2023-02-10 11:30 GMT

അദിതി ഋതുമതിയായത് 12 ാം വയസിലാണ്. അതോടെ വീട്ടില്‍ അവള്‍ക്ക് പ്രത്യേക ഇടം നിശ്ചയിക്കപ്പെട്ടു. വസ്ത്രം മറ്റുള്ളവരുടെ വസ്ത്രങ്ങളുടെ കൂടെ അലക്കാന്‍ പറ്റാതായി. അടുക്കളയില്‍ വിലക്കു വന്നു. മതപരമായ ആരാധനകളില്‍ പങ്കെടുക്കാനും സാധിക്കാതെയായി. ഇതാണ് ജാര്‍ഖണ്ഡ് സ്വദേശിനിയായ അദിതിയെ കോടീശ്വരിയാക്കിയത്. അഥവാ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ന് 'മെന്‍സ്ട്രുപീഡിയ' എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ തെളിയുക അദിതി ഗുപ്തയെന്ന യുവതിയുടെ ചിത്രമാണ്.

ഒരു സംരംഭകയുടെ ഉദയം

ഇന്ത്യയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലെ പതിവു കാഴ്ചയായിരുന്നു ഇത്. ലക്ഷക്കണക്കിനു പേരുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കുകയാണല്ലോ ഒരു സംരംഭക ചെയ്യേണ്ടത്. അതാണ് അദിതിയും ചെയ്തത്.

2012ലാണ് അദിതി മെന്‍സ്ട്രുപീഡിയ എന്ന ഹിന്ദി കോമിക് പ്രസിദ്ധീകരണം ആരംഭിച്ചത്. ആര്‍ത്തവത്തെ കുറിച്ച് ആളുകള്‍ക്ക് അവബോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇത് ആയിരക്കണക്കിന് ഇന്ത്യന്‍ പെണ്‍കുട്ടികളെ അവര്‍ തുറന്നുപറയാന്‍ മടിച്ച കാര്യങ്ങളെ കുറിച്ച് ബോധവതികളാക്കി.

ഫോര്‍ബ്സ് 20/20

മെന്‍സ്ട്രുപീഡിയ ആരംഭിച്ച് രണ്ടുവര്‍ഷത്തിനകം അദിതി ഫോര്‍ബ്സ് മാഗസിന്റെ 20 വയസിനു താഴെയുള്ള സമ്പന്നരിലെ ആദ്യ 20 പേരില്‍ ഒരാളായി. ഒരുകോടിയിലേറെ പെണ്‍കുട്ടികളെ മെന്‍സ്ട്രുപീഡിയയിലൂടെ അറിവുള്ളവരാക്കി. ആര്‍ത്തവത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ പതിനായിരത്തിലേറെ പരിശീലകരെ പഠിപ്പിച്ചു.

15 ാം വയസില്‍

15 വയസായപ്പോഴാണ് അദിതി പെണ്‍കുട്ടികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന ആര്‍ത്തവത്തെ കുറിച്ച് പഠിക്കുന്നത്. സാനിറ്ററി പാഡ് വാങ്ങിയാല്‍ കുടുംബത്തിന്റെ മാനം നഷ്ടപ്പെടുമെന്ന് ഭയന്ന് പാഡായി തുണിയാണ് അവള്‍ ഉപയോഗിച്ചിരുന്നത്. കോളജില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ക്കു പോലും ആര്‍ത്തവത്തെ കുറിച്ച് തെറ്റായ അറിവുകളേയുള്ളൂവെന്ന് അദിതി മനസിലാക്കി. അതോടെ ഈ വിഷയം കാര്യമായി പഠിക്കാന്‍ അവള്‍ ഉറപ്പിച്ചു.

മൂന്നു പെണ്‍കുട്ടികളും ഒരു ഡോക്ടറും

നിരവധി ഡോക്ടര്‍മാരുമായും പെണ്‍കുട്ടികളുമായും സംസാരിച്ചപ്പോഴാണ് മൂന്നു പെണ്‍കുട്ടികളും ഒരു ഡോക്ടറും കേന്ദ്ര കഥാപാത്രങ്ങളായ ഒരു ഹാസ്യ പ്രസിദ്ധീകരണം ആരംഭിക്കണമെന്ന ആശയം അവളുടെ മനസില്‍ ഉദിക്കുന്നത്. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പഠിക്കുമ്പോഴാണ് ഭാവി ഭര്‍ത്താവ് തുഹിന്‍ പോളിനെ അദിതി കണ്ടെത്തിയത്. അവര്‍ ഒന്നിച്ച് നിരവധി പ്രൊജക്റ്റുകള്‍ ചെയ്തു. അവര്‍ മെന്‍സ്ട്രുപീഡിയ ഡോട്ട് കോം എന്ന പേരില്‍ ഒരു വെബ്സൈറ്റ് ആരംഭിച്ചു. ആര്‍ത്തവകാലത്തെ ജീവിതത്തെ കുറിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിലൂടെ നല്‍കി. വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. കൗമാരക്കാരുടെ ലൈംഗികകാര്യങ്ങളിലെ സംശയങ്ങള്‍ അവര്‍ ദൂരീകരിച്ചു.

20 രാജ്യങ്ങളില്‍

വൈകാതെ ഇന്ത്യയിലെ 11,000 സ്‌കൂളുകള്‍ മെന്‍സ്ട്രുപീഡിയ ഉപയോഗിച്ചു തുടങ്ങി. 12 എന്‍ജിഒകളും ലഡാക്കിലെ ബുദ്ധ സന്യാസിമാരും വരെ ഇതിന്റെ വായനക്കാരായി. വരിക്കാരുടെ എണ്ണം ലക്ഷങ്ങളായി ഉയര്‍ന്നു.

ഇന്ന് 17 ഭാഷകളിലായി 20 രാജ്യങ്ങളില്‍ മെന്‍സ്ട്രുപീഡിയ ഉണ്ട്. പ്രമുഖ ബ്രാന്റുകളുമായും നടിമാരുമായും സഹകരിച്ച് യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ ഇവര്‍ സജീവമായി. ചൈന, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മെന്‍സ്ട്രുപീഡിയ കോമിക് പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നു.

42.3 കോടി രൂപ

അദിതി ഗുപ്തയുടെ കൃത്യമായ വരുമാനം വ്യക്തമല്ല. എന്നാല്‍ കോര്‍പറേറ്റ് ഷെയര്‍ഹോള്‍ഡിങ് ഡാറ്റകള്‍ പ്രകാരം അദിതി ഗുപ്ത 42.3 കോടിയുടെ രണ്ട് ഓഹരികള്‍ കൈവശംവെക്കുന്നുണ്ട്.

പുബെര്‍ട്ടി ബുക് ഫോര്‍ ഗേള്‍സ്, പുബെര്‍ട്ടി ബുക് ഫോര്‍ ബോയ്സ്, പീര്യഡ് വര്‍ക്ഷോപ്പ് ഫോര്‍ ഗേള്‍സ്, എം.എച്ച്.എം മാസ്റ്റര്‍ക്ലാസ് ഫോര്‍ എജ്യുക്കേറ്റേഴ്സ് തുടങ്ങിയവയെല്ലാം മെന്‍സ്ട്രുപീഡിയയിലൂടെ വില്‍പ്പനയ്ക്കുണ്ട്. ഡിജിറ്റല്‍ ബുക്കിന് 200 രൂപയും അച്ചടിച്ച പുസ്തകത്തിന് 275 രൂപയുമാണ് വില.

ഗ്ലോബല്‍ ഷേപ്പര്‍

വേള്‍ഡ് എക്കണോമിക് ഫോറം ഗ്ലോബല്‍ ഷേപ്പറായി അദിതിയെ തിരഞ്ഞെടുത്തിരുന്നു. ടെഡ് സ്പീക്കറായും ബിബിസിയുടെ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വനിതകളില്‍ ഒരാളായും അവര്‍ മാറി.

Tags:    

Similar News