സ്വര്‍ണത്തിനൊപ്പം തിളങ്ങി സോവറിന്‍ ഗോള്‍ഡ് ബോണ്ട്; 5 വര്‍ഷത്തെ റിട്ടേണ്‍ 121%

  • ഉയരുന്ന സ്വര്‍ണ വിലയുടെ എല്ലാ നേട്ടങ്ങളും നിക്ഷേപകര്‍ക്ക്
  • നിക്ഷേപിക്കുന്ന തുകയ്ക്ക് 2.50 ശതമാനം വാര്‍ഷിക പലിശ
  • അഞ്ചാം വര്‍ഷം പിന്‍വലിച്ചാല്‍ പലിശയ്ക്ക് നികുതി നല്‍കണം

Update: 2023-04-08 14:00 GMT

2015 നവംബറിലാണ് രാജ്യത്ത് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) അവതരിപ്പിച്ചത്. നിക്ഷേപങ്ങളില്‍ ഭൗതിക സ്വര്‍ണത്തിന് ബദല്‍ മാര്‍ഗം എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. സാമ്പത്തിക വര്‍ഷത്തില്‍ വിവിധ സീരിസുകളിലായാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാനുള്ള അവസരം ലഭിക്കുക. അതാത് സമയത്തെ സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുക. ഒരു ഗ്രാം മുതല്‍ നിക്ഷേപം തുടങ്ങാം.

നിക്ഷേപിക്കുന്ന തുകയ്ക്ക് 2.50 ശതമാനം വാര്‍ഷിക പലിശനിരക്ക് നല്‍കുന്ന സ്വര്‍ണ നിക്ഷേപമാണിത്. ഇതോടൊപ്പം സ്വര്‍ണ വില ഉയരുന്നത് പ്രയോജനപ്പെടുത്താനും നിക്ഷേപകര്‍ക്ക് സാധിക്കും. ഭൗതിക സ്വര്‍ണം വാങ്ങുന്നതിലെയോ സൂക്ഷിക്കുന്നതിലെയോ ബുദ്ധിമുട്ടുകളൊന്നും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്കില്ല. വായ്പയ്ക്ക് ഈടായും സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഉപയോഗിക്കാം. എട്ട് വര്‍ഷ കാലാവധിയുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആദ്യ ഇഷ്യൂ കാലാവധി എത്താനിരിക്കെ എത്ര റിട്ടേണ്‍ നല്‍കിയെന്ന് നോക്കാം.

അഞ്ചാം വര്‍ഷത്തില്‍ പിന്‍വലിക്കാം

എട്ട് വര്‍ഷമാണ് കാലാവധിയെങ്കിലും അഞ്ചാം വര്‍ഷത്തില്‍ എക്സിറ്റ് ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് കാലാവധി വരെ ഹോള്‍ഡ് ചെയ്താല്‍ മൂലധന നേട്ടം പൂര്‍ണമായും നികുതി രഹിതമാണ്. എട്ട് വര്‍ഷ കാലാവധിക്ക് മുന്‍പ്, അഞ്ചാം വര്‍ഷം പിന്‍വലിച്ചാല്‍ പലിശയ്ക്ക് നികുതി നല്‍കണം. ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് 20 ശതമാനം ഇന്‍ഡക്സേഷന്‍ ആനുകൂല്യത്തില്‍ നികുതി ചുമത്തും.

ആദ്യ ഇഷ്യൂ വില

സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ആദ്യ ഇഷ്യു 2015 നവംബറിലാണ് ആരംഭിച്ചത്. അന്ന് ഗ്രാമിന് 2684 രൂപയായിരുന്നു ഇഷ്യൂ വില. 2015 മുതല്‍ 2022 വരെ ആര്‍ബിഐ മൊത്തം 62 എസ്ജിബി ഇഷ്യൂകളാണ് നടത്തിയത്. ആദ്യ ഇഷ്യൂ 2023 നവംബറില്‍ കാലാവധിയെത്തുമ്പോള്‍ നിലവില്‍ ഗ്രാമിന് 5700 രൂപയോളമാണ് വില.

121 ശതമാനം നേട്ടം

2020 ഡിസംബറിലാണ് ആദ്യ ഇഷ്യു അഞ്ച് വര്‍ഷം പൂര്‍ത്തിയായത്. സ്വര്‍ണം യൂണിറ്റിന് 5,000 രൂപ നിരക്കിലായിരുന്നു അന്നത്തെ വില. ഉയര്‍ന്ന മാര്‍ക്കറ്റ് വില ഉപയോഗപ്പെടുത്തി അഞ്ച് വര്‍ഷം കൈവശം വച്ചതിന് ശേഷം 121 ശതമാനം നേട്ടത്തോടെയാണ് അഞ്ചാം വര്‍ഷത്തില്‍ പലരും സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍പ്പന നടത്തിയത്.

ആദ്യ ഇഷ്യൂവില്‍ ഒരു ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 37.26 യൂണിറ്റുകള്‍ ലഭിക്കും. അഞ്ചാം വര്‍ഷത്തില്‍ പിന്‍വലിക്കുമ്പോള്‍ സ്വര്‍ണ വിലയിലെ നേട്ടം ഗ്രാമിന് 2,906 രൂപ (50002684)യാണ്. പലിശയായി യൂണിറ്റിന് 369 രൂപ ലഭിക്കും. യൂണിറ്റിന് ആകെ ലഭിക്കുന്ന നേട്ടം 3,275 രൂപയാണ്. ഇത് പ്രകാരം 37.26 യൂണിറ്റ് കയ്യിലുള്ളൊരാള്‍ക്ക് അഞ്ചാം വര്‍ഷത്തില്‍ (37.26*3275) 1,22,026 രൂപ ലാഭം നേടാം. നികുതി കിഴിച്ചാല്‍ 121952 രൂപ ലഭിക്കും.

ഇതേ നിക്ഷേപം എട്ട് വര്‍ഷത്തേക്ക് നീട്ടിയാല്‍, കാലാവധിയില്‍ ഗ്രാമിന് 5700 രൂപ ലഭിച്ചാല്‍ ലാഭം 134360 രൂപയായിരിക്കും.

Tags:    

Similar News