ചെറുകിട വ്യവസായം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? പ്രധാനമന്ത്രി മുദ്ര യോജന സ്‌കീമിനെ അറിയാം

  • ചെറുകിട ബിസിനസുകളും സ്റ്റാര്‍ട്ടപ്പുകളും ഇതുവഴി സാമ്പത്തികമായി ബാക്കപ്പ് ചെയ്യാം. ചെറുകിട വെണ്ടര്‍ ഷോപ്പുകള്‍ക്കും ഈ സ്‌കീം പ്രയോജനകരമാണ്. ഈ പദ്ധതിയുടെ കാലാവധി ഏഴ് വര്‍ഷം വരെ നീട്ടാനുള്ള സാഹചര്യം ഉണ്ടെന്നുള്ളതും സാധാരണക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നു.

Update: 2023-02-28 06:15 GMT

ചെറുകിട വ്യവസായങ്ങള്‍ക്കൊരു കൈത്താങ്ങ് എന്ന നിലയില്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്നിട്ടുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. ഈ വായ്പകള്‍ എടുക്കുന്നതുവഴി ചെറുകിട വ്യവസായികള്‍ക്ക് വലിയ തോതിലുള്ള സഹായമാണ് ലഭിക്കുന്നത്. ഈ സ്‌കീം അനുസരിച്ച് ഒരു വ്യക്തിക്ക് പരമാവധി 10 ലക്ഷം രൂപ വരെ വായ്പയെടുക്കാന്‍ സാധിക്കും. സ്‌കീമിനെ മൂന്ന് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.

1. ശിശു

ഈ സ്‌കീമിന്റെ ഭാഗമായി ഒരു വ്യക്തിക്ക് വ്യവസായം തുടങ്ങുന്നതിനായി 50,000 രൂപ വരെയാണ് നല്‍കുന്നത്.

2. കിഷോര്‍

ഈ സ്‌കീമില്‍ ഒരു വ്യക്തിക്ക് 50,000 രൂപ മുതല്‍ 5,00,000 രൂപ വരെ ലഭിക്കുന്നു.

3. തരുണ്‍

ഈ ഒരു വിഭാഗത്തില്‍ ഒരു വ്യക്തിക്ക് 5,00,000 രൂപ മുതല്‍ 10,00,000 രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.

വായ്പ വളരെ എളുപ്പത്തില്‍ ലഭിക്കും എന്നതാണ് ഈ സ്‌കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. ആവശ്യമുള്ള രേഖകള്‍ കൈവശമുണ്ടെങ്കില്‍ ഉടനടി കാര്യം നടക്കും.

ആവശ്യമായ രേഖകള്‍

1. ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, ബിസിനസ് പ്രൂഫ് എന്നിവ കൈവശം ഉണ്ടായിരിക്കണം

2. പൂരിപ്പിച്ച പ്രധാനമന്ത്രി മുദ്ര യോജന അപേക്ഷ ഫോം

3. മറ്റ് രേഖകള്‍

ലോണിന്റെ സ്വഭാവത്തെ ആശ്രയിച്ചാണ് രേഖകള്‍ ഏതൊക്കെ വേണമെന്നുള്ളത് നിര്‍ണയിക്കുന്നത്.

വാഹനവായ്പ, ബിസിനസ് ഇന്‍സ്റ്റാള്‍മെന്റ് ലോണ്‍, ബിസിനസ് ലോണ്‍, ഗ്രൂപ്പ് ആന്‍ഡ് റൂറല്‍ ബിസിനസ് ക്രെഡിറ്റ് ലോണ്‍ എന്നിവയാണ് ഈ സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഓരോ ലോണിനും വേണ്ട രേഖകള്‍ നോക്കാം.

വാഹന വായ്പ

* പ്രധാനമന്ത്രി മുദ്ര യോജന അപേക്ഷാ ഫോം.

* ലോണ്‍ അപേക്ഷാ ഫോം

* വരുമാനം തെളിയിക്കാനുള്ള രേഖകളും രണ്ട് പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും

* വിലാസം തെളിയിക്കാനുള്ള രേഖ

ബിസിനസ് ഇന്‍സ്റ്റാള്‍മെന്റ് ലോണ്‍

* പൂരിപ്പിച്ച മുദ്ര സ്‌കീം അപേക്ഷാ ഫോം

* വിലാസം തെളിയിക്കുന്ന രേഖ

* കഴിഞ്ഞ രണ്ട് വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍

* ആറ് മാസം വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍

* യോഗ്യതാ തെളിയിക്കുന്ന രേഖ

* എസ്റ്റാബ്ലിഷ്മെന്റ് പ്രൂഫ്

* നിങ്ങള്‍ താമസിക്കുന്നതിന്റെയോ ഓഫീസിന്റെയോ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തെളിവ്

ബിസിനസ് ലോണ്‍ ഗ്രൂപ്പും ഗ്രാമീണ ബിസിനസ് ക്രെഡിറ്റും

* മുദ്ര സ്‌കീം അപേക്ഷാ ഫോം

* BIL അപേക്ഷാ ഫോം

* 2 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍സ്

* വിലാസം, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍

* 12 മാസം വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍

* ഓഫീസിന്റെയോ താമസസ്ഥലത്തിന്റെയോ ഉടമസ്ഥാവകാശ തെളിവ്

മുദ്രാ യോജനാ സ്‌കീം നേടാനുള്ള യോഗ്യത

ചെറുകിട ബിസിനസുകള്‍ക്ക് വേണ്ടി മാത്രം ഒരുക്കിയിട്ടുള്ളതാണ് ഈ സ്‌കീം. ഏതൊരു ഇന്ത്യന്‍ പൗരനും ഈ സ്‌കീമിനായി അപേക്ഷിക്കാവുന്നതാണ്. 10,00,000 രൂപയാണ് ഇതില്‍ നിന്നും കിട്ടുന്ന പരമാവധി തുക. പ്രൈവറ്റ്, പബ്ലിക്, റീജിയണല്‍, സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ നിന്നും എന്‍ബിഎഫ്സികളില്‍ നിന്നും വായ്പ ലഭിക്കും.

ചെറുകിട നിര്‍മ്മാതാക്കള്‍ക്കും, ചെറിയ കടകളുള്ള വ്യക്തികള്‍ക്കും വായ്പ ലഭിക്കും. കൂടാതെ പച്ചക്കറി, പലചരക്ക്, പഴങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നവര്‍ക്കും കാര്‍ഷികവൃത്തി ചെയ്യാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഇതിനകം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്.

ബാങ്കുകളും പലിശനിരക്കും

നിരവധി സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ മുദ്ര യോജന സ്‌കീം ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ ഓരോ ബാങ്കിനും വ്യത്യസ്തമായ പലിശാനിരക്കും കാലാവധിയുമാണ് ഉള്ളത്. അവയൊന്നു നോക്കാം;

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

എസ്ബിഐ ഈ സ്‌കീമിന് അഞ്ച് വര്‍ഷം വരെയാണ് കാലാവധി നല്‍കുന്നത്. 11.25 ശതമാനം പലിശനിരക്കിലാണ് ഇവര്‍ വായ്പ അനുവദിക്കുന്നത്.

2. സിന്‍ഡിക്കേറ്റ് ബാങ്ക്

8.60 ശതമാനം മുതല്‍ 9.85 ശതമാനം വരെയാണ് ഇവര്‍ ഈടാക്കുന്ന പലിശ

3. ബാങ്ക് ഓഫ് ഇന്ത്യ

മൂന്നുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെയാണ് ഇവര്‍ കാലാവധിയായി നല്‍കിയിരുക്കുന്നത്. 10.70 ശതമാനം വരെയാണ് പലിശനിരക്ക്.

4. ആന്ധ്ര ബാങ്ക്

ചുരുങ്ങിയത് മൂന്നുവര്‍ഷം മുതല്‍ കാലാവധി നല്‍കിയിരിക്കുന്നു. ഇവര്‍ ഈടാക്കുന്ന പലിശ നിരക്ക് 8.40 ശതമാനം മുതല്‍ 10.35 ശതമാനം വരെയാണ്.

മുദ്രയ്ക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍

കമ്മ്യൂണിറ്റി, സാമൂഹിക, വ്യക്തിഗത സേവനം പോലുള്ള പ്രവര്‍ത്തനങ്ങള്‍, ഷോപ്പുകള്‍, സലൂണുകള്‍, ജിമ്മുകള്‍, ്രൈഡ ക്ലീനിംഗ്, ബ്യൂട്ടി പാര്‍ലറുകള്‍, സമാന ബിസിനസുകള്‍ എന്നിവ ഇതില്‍ പെടുന്നു. ഇവയക്കൊക്കെയും മുദ്രലോണ്‍ ലഭിക്കും.

ഗതാഗതം പോലുള്ള പ്രവര്‍ത്തനങ്ങള്‍ ബിസിനസ് ഉപയോഗത്തിനായി നിങ്ങള്‍ക്ക് ഒരു വാഹനം വാങ്ങാം. ഓട്ടോറിക്ഷകള്‍, മുച്ചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍ തുടങ്ങിയവ വാങ്ങാന്‍ സാധിക്കുന്നു. പപ്പട നിര്‍മ്മാണം, കാറ്ററിംഗ്, ചെറിയ ഭക്ഷണശാലകള്‍, ഐസ്‌ക്രീം നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ലോണ്‍ ലഭിക്കുന്നതാണ്.

ടെക്സ്റ്റൈല്‍ ഉല്‍പ്പന്ന പ്രവര്‍ത്തനങ്ങള്‍ക്കായി നിങ്ങള്‍ക്ക് മുദ്ര ലോണ്‍ പ്രയോജനപ്പെടുത്താം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൈത്തറി, പവര്‍ ലൂം, ഖാദി പ്രവര്‍ത്തനം, നെയ്ത്ത്, പരമ്പരാഗത പ്രിന്റിംഗ് മുതലായവ ഉള്‍പ്പെടുന്നു.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ വായ്പ ലഭിക്കും. തേനീച്ചവളര്‍ത്തല്‍, കന്നുകാലികള്‍, മത്സ്യകൃഷി മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു.

പദ്ധതിയുടെ പ്രയോജനങ്ങള്‍

ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ വായ്പ ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചെറുകിട ബിസിനസുകളും സ്റ്റാര്‍ട്ടപ്പുകളും ഇതുവഴി സാമ്പത്തികമായി ബാക്കപ്പ് ചെയ്യാം. ചെറുകിട വെണ്ടര്‍ ഷോപ്പുകള്‍ക്കും ഈ സ്‌കീം പ്രയോജനകരമാണ്. ഈ പദ്ധതിയുടെ കാലാവധി ഏഴ് വര്‍ഷം വരെ നീട്ടാനുള്ള സാഹചര്യം ഉണ്ടെന്നുള്ളതും സാധാരണക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നു.

ഈ വായ്പ കുറഞ്ഞ പലിശനിരക്കില്‍ സ്ത്രീകള്‍ക്ക് ലഭിക്കും എന്നുള്ളതും ഈ സ്‌കീമിന്റെ പ്രത്യേകതയാണ്. കൂടാതെ ഈ ലോണ്‍ ലഭിക്കാന്‍ സെക്യൂരിറ്റി ആവശ്യമില്ല എന്നുള്ളതും സാധാരണക്കാരായ ചെറുകിട സംരംഭകര്‍ക്ക് ആശ്വാസമേകുന്നു.

Tags:    

Similar News