വായ്പ എടുത്ത വ്യക്തിയേക്കാള്‍ ടെന്‍ഷന്‍ ജാമ്യക്കാരന്; അറിയാം ജാമ്യക്കാരന്റെ റിസ്‌ക്
- ജാമ്യക്കാരനാകുന്നതിന്റെ ആഘാതം വിലയിരുത്തി വേണം ജാമ്യത്തിന് ഇറങ്ങി പുറപ്പെടാന്‍
വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റിസ്‌ക് ലഘൂകരിക്കുന്നതിനാണ് വായ്പകളില്‍ വ്യക്തിഗത ഗ്യാരന്റി ആവശ്യപ്പെടുന്നത്. മോശം സാമ്പത്തിക സ്ഥിതിയുള്ള വായപകളോ റിസ്‌കുള്ള വായ്പകളിലോ ജാമ്യക്കാരനെ ബാങ്ക് ആവശ്യപ്പെടും. ഗ്യാരന്റി നില്‍ക്കുന്നതിലൂടെ വായ്പ ലഭിക്കുന്നതിന് കൈത്താങ്ങ് മാത്രമല്ല ജാമ്യക്കാരന്റെ ജോലി. വായ്പയുടെ നിയമപരവും സാമ്പത്തികവുമായ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നത് ജാമ്യക്കാരനാണ്. ജാമ്യക്കാരനാകുന്നതിന്റെ ആഘാതം വിലയിരുത്തി വേണം ജാമ്യത്തിന് ഇറങ്ങി പുറപ്പെടാന്‍.
കടം തിരിച്ചടക്കാനുള്ള ബാധ്യത:
വായ്പയ്ക്ക് ജാമ്യക്കാരനാകുന്നതിലെ ഏറ്റവും വലിയ റിസ്‌ക് വായ്പ തിരിച്ചടവിന്റെ ബാധ്യതയാണ്. പലിശ തുകയും, പിഴ പലിശ തുകയും മറ്റ് കുടിശ്ശിക തുകയും സഹിതം വായ്പ തിരിച്ചടയ്ക്കാന്‍ ജാമ്യക്കാരന്‍ ബാധ്യസ്ഥനാണ്. കടം വാങ്ങിയ വ്യക്തിക്കെതിരെ റിക്കവറി നടപടി ആരംഭിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ വായ്പ തിരിച്ചടക്കാന്‍ ജാമ്യക്കാരന്‍ ബാധ്യസ്ഥനാണ്. ഒരിക്കല്‍ ജാമ്യക്കാരനായാല്‍ വായ്പ പൂര്‍ണമായും തിരിച്ചടയ്ക്കാതെ ജാമ്യക്കാരന് വായ്പയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വലിയാന്‍ സാധിക്കില്ല.
നിയമനടപടികള്‍
വായ്പക്കാരന്‍ തിരിച്ചടവ് മുടക്കുമ്പോള്‍ ജാമ്യക്കാരന്റെ മുകളിലാണ് നിയമപരമായ ബാധ്യതകള്‍ വരുന്നത്. ധനകാര്യ സ്ഥാപനം ജാമ്യക്കാരനെതിരെ റിക്കവറി നടപടികള്‍ക്കായി കോടതിയിലോ ട്രൈബ്യൂണലിലോ ഹരജി ഫയല്‍ ചെയ്യുാം. അല്ലെങ്കില്‍ ജാമ്യക്കാരനെതിരേ വ്യക്തിഗത പാപ്പരത്ത നടപടികള്‍ ആരംഭിക്കുകയും ചെയ്യാം. ജാമ്യക്കാരനെ സ്വത്തുക്കള്‍ വിനിയോഗിക്കുന്നതില്‍ നിന്നും തടയുന്നതിനുള്ള ഇടക്കാല ഉത്തരവ് നേടാനും ബാങ്കുകള്‍ക്ക് സാധിക്കും. അത്തരം നിയമനടപടികളുടെ ചെലവുകള്‍ ജാമ്യക്കാരന്‍ നല്‍കണമെന്നാണ് ചട്ടം.
ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും
ജാമ്യക്കാരന്റെ ബാധ്യത വായ്പ എടുക്കുന്നയാളുടേതിന് സമാനമായി ബാധ്യതയാണെന്ന് മനസിലായല്ലോ. വായ്പ എടുത്ത വ്യക്തി തിരിച്ചടവ് മുടക്കുമ്പോള്‍ ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. വായ്പ യോഗ്യതയെയും ക്രെഡിറ്റ് സ്‌കോറിനെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ജാമ്യക്കാരന് പുതിയ വായ്പകള്‍ ലഭിക്കാന്‍ പ്രയാസമാകും. പുതിയ വായ്പ നിരസിക്കപ്പെടുകയോ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിനാല്‍ ഉയര്‍ന്ന പലിശ ഈടാക്കുകയോ ചെയ്യാം.
ജാമ്യ വ്യവസ്ഥ അറിയുക
ജാമ്യക്കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് കൃത്യമായി വായിക്കണം. ധനകാര്യ സ്ഥാപനത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ജാമ്യക്കാരന്റെ ആസ്തികള്‍ വില്‍ക്കുന്നതിന് നിയന്ത്രണമുണ്ടെങ്കില്‍ അത്തരം നിഷേധാത്മക ഉടമ്പടി ആശങ്കാജനകമാണ്. വായ്പ നല്‍കുന്നയാളുടെ മുന്‍കൂര്‍ രേഖാമൂലമുള്ള സമ്മതം ആവശ്യമായി വരുന്നത് ആസ്തികള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിനെ ഇത് ബാധിച്ചേക്കാം. കരാറില്‍ എന്തെങ്കിലും ലംഘനമുണ്ടായാല്‍ ജാമ്യക്കാരന്‍ നിയമ നടപടികള്‍ക്ക് വിധേയനാകേണ്ടി വരാം.