വിമാനത്താവളങ്ങളില്‍ സംഭവിക്കുന്നതെന്ത്?
- കേരളത്തില്‍ വിമാനത്താവള ജീവനക്കാര്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് കേസുകള്‍ നാലിരട്ടിയായാണ് വര്‍ധിച്ചത്
സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുകളിലോട്ടാണ്. സ്വാഭാവികമായും സ്വര്‍ണ കള്ളക്കടത്തും സജീവമാണ്. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലയളവില്‍ സ്വര്‍ണ കള്ളക്കടത്ത് വന്‍തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ വൈറസ് പോയതോടെ കള്ളക്കടത്തുകാര്‍ വീണ്ടും തലപൊക്കി.
ദിനംപ്രതി വിമാനത്താവളങ്ങളില്‍ സ്വര്‍ണവുമായി പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരുകയാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷം കേരളത്തിലെ സ്വര്‍ണ കള്ളക്കടത്ത് കുറയുകയാണുണ്ടായത്. മുംബൈ വഴിയുള്ള കള്ളക്കടത്ത് കൂടുകയും ചെയ്തു. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുള്ള കള്ളക്കടത്ത് കുറഞ്ഞു. എന്നാല്‍ വിമാനത്താവള ജീവനക്കാര്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് കേസുകള്‍ നാലിരട്ടി വര്‍ധിച്ചു.
ബഡാ മുംബൈ, ചിന്ന ചെന്നൈ
മുംബൈ പഴയ മുംബൈ അല്ല. ഒരുകാലത്ത് അധോലോക നായകരുടെ വിളയാട്ട ഭൂമിയായിരുന്ന നഗരം ഇന്ന് കള്ളക്കടത്തുകാരുടെ വിളനിലമാണ്. 2022-23ല്‍ ഏറ്റവും അധികം സ്വര്‍ണ കള്ളക്കടത്ത് പിടിച്ചത് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ്, 604.5 കിലോഗ്രാം. ഡല്‍ഹി 375 കിലോ, ചെന്നൈ 306 കിലോ, കോഴിക്കോട് 291 കിലോ, കൊച്ചി 154 കിലോ എന്നിങ്ങനെയാണ് കള്ളക്കടത്ത് പിടിക്കപ്പെട്ടത്. മുംബൈ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് 50 ശതമാനം വര്‍ധിച്ചപ്പോള്‍ ഡെല്‍ഹി, ചെന്നൈ വിമാനത്താവളങ്ങളില്‍ യഥാക്രമം 24 ശതമാനം, 22 ശതമാനം എന്നിങ്ങനെ കുറവ് രേഖപ്പെടുത്തി.
സ്വര്‍ണം ഇന്ത്യക്കാരുടെ വീക്ക്നെസ്
ലോകത്തെ സ്വര്‍ണക്കടത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 1,000 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ട്. ഉഗാണ്ട മുതല്‍ യുഎഇ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ഹവാല ഇടപാടുകളിലൂടെയാണ് പ്രധാനമായും ഇന്ത്യയിലേക്ക് അനധികൃത സ്വര്‍ണം എത്തുന്നത്.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് സ്വര്‍ണ കള്ളക്കടത്തുകാരില്‍ നിന്ന് ആകെ പിടികൂടിയത് 2532 കിലോ (2.5 ടണ്‍) സ്വര്‍ണമാണ്. ഇത് 2021-22ല്‍ 1240 കിലോഗ്രാം, 202021ല്‍ 1001 കിലോഗ്രാം എന്നിങ്ങനെയായിരുന്നു.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 586.95 കിലോഗ്രാം ആയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് 2021ല്‍ 2,445 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 3,982 ആയി. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 1,035 കേസുകളുണ്ടായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മൂന്നു സ്വര്‍ണക്കടത്ത് കേസുകളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ജനുവരി ഒന്നുമുതല്‍ ഇതുവരെ 82 കേസുകളിലായി ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. 12 കേസുകളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഏകദേശം 90 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും ഈ കാലയളവില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.