സീറോ ബാലന്‍സില്‍ അക്കൗണ്ട് ആരംഭിക്കാം; ഈ അക്കൗണ്ടില്‍ മിനിമം ബാലന്‍സിനെയും പേടിക്കേണ്ട
- അക്കൗണ്ട് തുടങ്ങുന്നതിന് നിക്ഷേപം ആവശ്യമില്ല എന്നതും മിനിമം ബാലന്‍സ് ആവശ്യമില്ലാ എന്നതും ബിഎസ്ബിഡിഎ അക്കൗണ്ടിന്റെ പ്രത്യേകതയാണ്
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ പലരും നേരിടുന്ന പ്രതിസന്ധി മിനിമം ബാലന്‍സ് നിലനിര്‍ത്തുക എന്നതാണ്. എച്ച്ഡിഎഫ്സി ബാങ്കില്‍ നിക്ഷേപം ആരംഭിക്കാന്‍ 2,500 രൂപയുടെ നിക്ഷേപവും മിനിമം ഒരുമാസം ശരാശരി ബാലന്‍സായി 2,500 രൂപ വരെ നിലനിര്‍ത്തുകയും വേണം.
നഗരങ്ങളിലാണെങ്കില്‍ ഇത് 10,000 രൂപ വരെയാകും. ഇതൊരു പ്രതിസന്ധിയാണെങ്കില്‍ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ) ആരംഭിക്കാം. അക്കൗണ്ട് തുടങ്ങുന്നതിന് നിക്ഷേപം ആവശ്യമില്ല എന്നതും മിനിമം ബാലന്‍സ് ആവശ്യമില്ലാ എന്നതും ബിഎസ്ബിഡിഎ അക്കൗണ്ടിന്റെ പ്രത്യേകതയാണ്.
റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ എല്ലാ ബാങ്കിലും ബേസിക് സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റുകള്‍. എന്നാല്‍ ആര്‍ക്കു വേണമെങ്കിലും ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഒരു അക്കൗണ്ട് ഉടമയ്ക്ക് ഒരേ ബാങ്കില്‍ ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടും ഒരു ബിഎസ്ബിഡിഎ അക്കൗണ്ടും ഉണ്ടാവാന്‍ പാടില്ല.
സാധാരണ സേവിംഗ്സ് അക്കൗണ്ടുള്ളവര്‍ ബിഎസ്ബിഡി അക്കൗണ്ട് ആരംഭിച്ച് 30 ദിവസത്തിനകം സാധാരണ സേവിംഗ്സ് അക്കൗണ്ട് റദ്ദാക്കണം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ബാങ്കില്‍ ബിഎസ്ബിഡി അക്കൗണ്ട് ആരംഭിക്കാം ആവശ്യമെങ്കില്‍ സാധാരണ സേവിംഗ്സ് അക്കൗണ്ട് ബിഎസ്ബിഡി അക്കൗണ്ടാക്കി മാറ്റാനാകും. മിനിമം ബാലന്‍സ് ആവശ്യകതകള്‍ മറികടക്കാനും അധിക ഇടപാടുകള്‍ നടത്താത്തവര്‍ക്കം ബിഎസ്ബിഡി അക്കൗണ്ട് മതിയാകും.
സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ബിഎസ്ബിഡിഎ അക്കൗണ്ടില്‍ ലഭിക്കും. സാധാരണ സേവിംഗ്സ് അക്കൗണ്ടിന് നല്‍കുന്ന പലിശ നിരക്ക് തന്നെയാണ് ബിഎസ്ബിഡി അക്കൗണ്ടിനും ലഭിക്കുക. എടിഎം കാര്‍ഡ് പാസ് ബുക്ക് എന്നിവ ലഭിക്കും. എടിഎം കാര്‍ഡ് സേവനങ്ങള്‍ക്ക് വാര്‍ഷിക ചാര്‍ജ് ഈടാക്കില്ല. ഓണ്‍ലൈന്‍ പണമിടപാട് സൗകര്യങ്ങളും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും.
ബിഎസ്ബിഡി അക്കൗണ്ടില്‍ പരാമാവധി 50,000 രൂപ വരെ മാത്രമേ സൂക്ഷിക്കാന്‍ സാധിക്കുയുള്ളൂ. വര്‍ഷത്തില്‍ ബിഎസ്ബിഡി അക്കൗണ്ടിലേക്ക് വന്ന മൊത്തം ക്രെഡിറ്റുകള്‍ ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. മാസത്തില്‍ പരമാവധി 10,000 രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുക. ഒരു മാസത്തില്‍ പരമാവധി 4 പിന്‍വലിക്കലുകളാണ് അനുവദിക്കുക.
എടിഎം വഴി പണം പിന്‍വലിക്കല്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ബ്രാഞ്ചിലെത്തിയുള്ള പണം പിന്‍വലിക്കല്‍, ഇഎംഐ അടക്കം ഏത് തരത്തിലായാലും നാല് തവണ മാത്രമേ മാസത്തില്‍ പിന്‍വലിക്കല്‍ അനുവദിക്കുകയുള്ളൂ. വിദേശത്ത് നിന്ന് ബിഎസ്ബിഡി അക്കൗണ്ടിലേക്ക് പണമയക്കാന്‍ സാധിക്കില്ല. അക്കൗണ്ട് ഉടമകള്‍ക്ക് ഈ നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ബാങ്കിന് അത് ഒരു റെഗുലര്‍ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റാനും കഴിയും.