സിഎസ്ബി ബാങ്കിന്റെ ജീവനാഡിയായി സ്വർണ്ണ വായ്പകൾ

  • വായ്പയിൽ മുന്നേറി ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും
  • സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പയുടെ 47 ശതമാനമാണ് സ്വർണ്ണ വായ്പ.

Update: 2023-04-04 12:30 GMT

കൊച്ചി: സിഎസ്ബി ബാങ്കും മണപ്പുറം ഫിനാൻസും ഈയിടെയായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ബിസിനസ് തന്ത്രങ്ങൾ പരിശോധിക്കുന്നത് രസകരമായിരിക്കും.

കാലാകാലങ്ങളായി രാജ്യത്തെ മുൻനിര സ്വർണ്ണ-വായ്പ കമ്പനികളിലൊന്നായി അറിയപ്പെടുന്ന മണപ്പുറം സ്വർണ്ണേതര ബിസിനസ്സ് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, തൃശൂരിന്റെ സ്വന്തം സെന്റിനേറിയൻ ബാങ്ക് ആയ സിഎസ്ബി ബാങ്ക് അതിന്റെ സ്വർണ്ണ വായ്പ പോർട്ട്ഫോളിയോ മറ്റ് ആസ്തി വിഭാഗങ്ങളെക്കാൾ കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുന്നതായാണ് കാണുന്നത്. ചുരുക്കത്തിൽ മറ്റു സ്വർണ്ണ-വായ്പ കമ്പനികളെ പോലും പിന്നിലാക്കും വിധമാണ് സിഎസ്ബി യുടെ പ്രവർത്തനം.

വരും വർഷങ്ങളിൽ സ്വർണവായ്പകളിൽ നിന്ന് ക്രമേണ വ്യതിചലിക്കാനുള്ള കമ്പനിയുടെ നയം മണപ്പുറം എംഡിയും സിഇഒയുമായ വിപി നന്ദകുമാർ നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുമുണ്ട്.

2022 ഡിസംബർ അവസാനത്തിൽ മണപ്പുറം ഗ്രൂപ്പിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തിയുടെ (AUM) 58 ശതമാനം മാത്രമാണ് സ്വർണ്ണ വായ്പകൾ - കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത് 100 ശതമാനത്തിനടുത്തായിരുന്നു.

അഞ്ച് വർഷം മുമ്പ് ഫെയർഫാക്‌സ് ഗ്രൂപ്പ് ഏകദേശം 1,200 കോടി രൂപ മൂലധന നിക്ഷേപം നടത്തി സിഎസ്ബി ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികൾ സ്വന്തമാക്കിയ ശേഷമുള്ള ബാങ്കിന്റെ ലോൺ പോർട്ട്‌ഫോളിയോ ബ്രേക്ക്-അപ്പ് പരിശോധിച്ചാൽ സ്വര്ണത്തിലേക്കുള്ള ബാങ്കിന്റെ താല്പര്യം മനസ്സിലാകും.

ഗോൾഡ് ലോൺ ഏറ്റവും വലിയ അസറ്റ് ക്ലാസ് 

സുരക്ഷിതവും സുസ്ഥിരവുമായ ഒരു ലോൺ ബുക്ക് നിർമ്മിക്കുന്നതിനായി ബാങ്ക് സ്വർണ്ണ വായ്പയുടെ വളർച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നു നമുക്ക് കാണാം. കൂടാതെ, ലാഭ സ്ഥിരത നിലനിർത്താൻ മാത്രമല്ല, ആരോഗ്യകരമായ മൂലധന പര്യാപ്തത കൈവരിക്കാനും സ്വർണ്ണ വായ്പ ബാങ്കിനെ സഹായിച്ചു.

മാർച്ച് 31-നു 2022-23 സാമ്പത്തിക വർഷം (FY23) അവസാനിക്കുമ്പോൾ, സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പയുടെ 47 ശതമാനത്തിനടുത്താണ് സ്വർണ്ണ വായ്പകൾ.

സ്വർണ്ണ വായ്പ പോർട്ട്‌ഫോളിയോയുടെ വലുപ്പം പെട്ടെന്ന് കുറയ്ക്കാൻ ബാങ്കിന് പദ്ധതിയില്ലെന്ന് സിഎസ്ബി ബാങ്കിന്റെ എംഡിയും സിഇഒയുമായ പ്രളയ് മൊണ്ടൽ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഫെഡറൽ ബാങ്കിന് ശേഷം കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വിപണി മൂല്യമുള്ള (ഏപ്രിൽ 3 വരെ 4,270 കോടി രൂപ) സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പ കഴിഞ്ഞ വർഷത്തെ 15,997.99 കോടി രൂപയിൽ നിന്ന് FY 23-ൽ 30.28 ശതമാനം ഉയർന്ന് 20,841.66 കോടി രൂപയായി. അതേസമയം, ബാങ്കിന്റെ സ്വർണ്ണ വായ്പ പോർട്ട്‌ഫോളിയോ 47.71 ശതമാനം ഉയർന്ന് 9,692.80 കോടി രൂപയിലെത്തി.

ഇതേ വർഷത്തിൽ, സിഎസ്ബി ബാങ്കിന്റെ നിക്ഷേപം 20,188.3 കോടി രൂപയിൽ നിന്ന് 24,505.81 കോടി രൂപയായി വർദ്ധിച്ചു; ഇത് പ്രതിവർഷം 21.39 ശതമാനം വളർച്ചയാണ് കൈവരിച്ചത്.

ഫെഡറൽ, എസ്‌ഐ‌ബി എന്നിവയുടെ വായ്പ കുതിച്ചുയർന്നു

ആസ്തിയുടെ കാര്യത്തിൽ കേരളത്തിൽ നിന്നുള്ള ഏറ്റവും വലുതും രണ്ടാമത്തേതുമായ ബാങ്കുകളായ ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും (എസ്‌ഐ‌ബി) 2022-23 സാമ്പത്തിക വർഷത്തിൽ (താൽക്കാലിക ബാലൻസ് ഷീറ്റ്) മാന്യമായ വളർച്ച കൈവരിച്ചു. .

ഫെഡറൽ ബാങ്കിന്റെ മൊത്തം വായ്പ ഈ വർഷം 20.2 ശതമാനം വർധിച്ച് 1.48 ലക്ഷം കോടി രൂപയിൽ നിന്ന് 1.78 ലക്ഷം കോടി രൂപയായി; അതെ സമയം, എസ്ഐബിയുടേതാകട്ടെ 16.65 ശതമാനം വളർച്ചയോടെ 61,816 കോടി രൂപയിൽ നിന്ന് 72,107 കോടി രൂപയായി.

Tags:    

Similar News