കൊച്ചിയിലെ ഒമ്പത് പാര്‍ക്കുകള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാനൊരുങ്ങി ജിസിഡിഎ
- 2.78 കോടി രൂപയാണ് നവീകരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്
- ഒമ്പതു പാര്‍ക്കുകളിലായി 9,656 ചതുരശ്ര അടി സ്ഥലമാണ് നവീകരണത്തിനായി ഒരുങ്ങുന്നത്
കൊച്ചി: നഗരത്തിലെ പ്രധാനപ്പെട്ട ഒമ്പത് പാര്‍ക്കുകള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാനൊരുങ്ങി ഗ്രേറ്റര്‍ കൊച്ചി ഡവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ). ഒഴിവുസമയങ്ങള്‍ കുട്ടികള്‍ക്കും കുടുംബത്തോടുമൊപ്പം രസകരമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് പാര്‍ക്കുകള്‍ നവീകരിക്കും. നവീകരണ പ്രക്രിയയില്‍ പൊതുജനങ്ങളെ കൂടി ഉള്‍പ്പെടുത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മാനിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെന്ന് ജിസിഡിഎയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
2.78 കോടി രൂപയാണ് നവീകരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഒമ്പതു പാര്‍ക്കുകളിലായി 9,656 ചതുരശ്ര അടി സ്ഥലമാണ് നവീകരണത്തിനായി ഒരുങ്ങുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള സോള്‍ സിറ്റീസ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ച്ചറാണ് പാര്‍ക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വരുന്ന മാര്‍ച്ചോടുകൂടി ജോലികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
കലൂരിനടുത്ത് മനപാട്ടിപ്പറമ്പില്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കര്‍ ഭൂമി വിശകലനം ചെയ്ത് പ്ലാന്‍ തയ്യാറാക്കാന്‍ അര്‍ബന്‍ ആര്‍ക്കിടെക്ചറിന്റെ സഹായവും ജിസിഡിഎ തേടുന്നുണ്ട്. പുതിയ കെട്ടിടങ്ങളും മറ്റും വന്നതോടെ കൊച്ചി നഗരം വളരെ തിരക്കേറിയതായിട്ടുണ്ട്. അതിനാല്‍ തന്നെ തുറസായ സ്ഥലങ്ങള്‍ ആവശ്യമാണ്. ആളുകള്‍ക്ക് ആഹ്ലാദിക്കാനും കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു ഓപ്പണ്‍ സ്പേസ് സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും അതിനായി ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ആളുകളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ജസിഡിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജനുവരിയോടെ രാജേന്ദ്ര മൈതാനം തുറക്കും
ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള എറണാകുളം ശിവക്ഷേത്രത്തിന് എതിര്‍വശത്തെ രാജേന്ദ്ര മൈതാനം ജനുവരിയോടെ തുറന്നുകൊടുക്കും. ലേസര്‍ഷോ സ്ഥാപിച്ചതിലെ അഴിമതി ആരോപിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സ്ഥലം അടച്ചിട്ടിരിക്കുകയായിരന്നു.