നിക്ഷേപക ഉച്ചകോടി: എല്ലാ താൽപര്യപത്രങ്ങളും രണ്ടാഴ്ചക്കുള്ളിൽ വിലയിരുത്തുമെന്ന് മന്ത്രി പി രാജീവ്
ഇന്‍വെസ്റ്റ് കേരളയിലെ നിക്ഷേപതാൽപര്യങ്ങളെ നിക്ഷേപങ്ങളാക്കി മാറ്റുന്നതിനായുള്ള പദ്ധതികൾ രൂപീകരിച്ചതായി വ്യവസായ മന്ത്രി പി രാജീവ്. ഉടൻ ആരംഭിക്കാൻ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളിൽ ആരംഭിക്കാൻ സാധിക്കുന്നത് എന്നിങ്ങനെ താൽപര്യപത്രങ്ങളെ തരം തിരിക്കുണമെന്ന് മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. സമ്മിറ്റിൽ ലഭ്യമായ എല്ലാ താൽപര്യപത്രങ്ങളും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചക്കുള്ളിൽ പൂർണമായ വിലയിരുത്തൽ സാധ്യമാകുമെന്നും മന്ത്രി തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
പി രാജീവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഒരു വലിയ തുടക്കമാണ്. നമുക്ക് മികച്ച തുടക്കം ലഭിച്ചു. 1,52,905 കോടി രൂപയുടെ നിക്ഷേപതാൽപര്യമാണ് ഇവിടേക്ക് രണ്ട് ദിവസം കൊണ്ടെത്തിയത്. ഇനി ഈ നിക്ഷേപതാൽപര്യങ്ങളെ നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുള്ള പരിശ്രമമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകുക. ഇതിൻ്റെ ഭാഗമായി വിപുലമായ ഒരു റൂട്ട്മാപ്പ് ഞങ്ങൾ രൂപീകരിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭ്യമായ എല്ലാ താൽപര്യപത്രങ്ങളും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചക്കുള്ളിൽ പൂർണമായ വിലയിരുത്തൽ സാധ്യമാകും. ഉടൻ ആരംഭിക്കാൻ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളിൽ ആരംഭിക്കാൻ സാധിക്കുന്നത് എന്നിങ്ങനെ താൽപര്യപത്രങ്ങളെ തരം തിരിക്കും.
വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രോജക്ടുകളിൽ 50 കോടിക്ക് താഴെയുള്ള സംരംഭങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ ടീമിനെ രൂപീകരിച്ച് സൂക്ഷ്മ പരിശോധന നടത്തും. 50 കോടിക്ക് മുകളിലുള്ളവയുടെ നോഡൽ ഓഫീസറായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറർ പ്രവർത്തിക്കും. ഇവയെ ഏഴ് മേഖലകളാക്കി തിരിക്കും. ഏഴ് മേഖലകളിൽ മാനേജർമാർക്ക് കീഴിൽ പദ്ധതി നടപ്പിലാക്കുന്നതിനായി 7 ഗ്രൂപ്പുകൾ രൂപീകരിക്കും. ഏഴ് ഗ്രൂപ്പിനും ഉപയോഗിക്കാൻ കഴിയാവുന്ന വിധത്തിൽ മേഖല തിരിച്ച് 12 വിദഗ്ധരെയും നിയമിക്കും. ഇതിന് പ്രത്യേകം ഡാഷ്ബോർഡ് ഉണ്ടായിരിക്കും. ഇതിൽ സാധ്യമായ എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്കും ലഭ്യമാക്കും.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് മന്ത്രിസഭ കൂടി അംഗീകരിച്ചതാണ്. പ്രോജക്റ്റുമായി ബന്ധപ്പെട്ട അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറി തലത്തിൽ സെക്രട്ടറി തല കമ്മിറ്റി ഉണ്ടാകും. ഇത് ക്യാബിനറ്റ് കൂടി നേരത്തെ തീരുമാനിച്ചതാണ്. അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരിക്കും വേഗത്തിൽ ഏകോപനം നടത്തുന്നത്.
സമ്മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രത്യേക ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. സമ്മിറ്റിൻ്റെ നിർദ്ദേശം കണക്കിലെടുത്ത് വ്യവസായിക ആവശ്യങ്ങൾക്ക് നൽകാൻ കഴിയുന്ന ഭൂമി ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അത്തരം ഭൂമിയുടെ വിവരങ്ങൾ കൂടി ആപ്പിൽ ലഭ്യമാകും. ഭൂമി ആവശ്യമായ വ്യവസായികൾ ആപ്പ് വഴി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കിൻഫ്ര, കെ എസ് ഐ ഡി സി, സർക്കാർ എസ്റ്റേറ്റുകൾ, സർക്കാർ അംഗീകൃത സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവയുടെ വിവരങ്ങൾ കൂടി ആപ്പിൽ ലഭ്യമാക്കും. ഒപ്പം പ്രൈവറ്റ് ഇൻ്റസ്ട്രിയൽ പാർക്കുകളുടെയും ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളുടെയും ഭൂമി ലഭ്യതയും ഈ ആപ്പിൽ ലഭ്യമാക്കും. നിയമപരമായി നടത്താൻ സാധിക്കുന്ന എല്ലാ താൽപര്യപത്രങ്ങളും എത്രയും പെട്ടെന്ന് തന്നെ പ്രായോഗികമാക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. പ്രായോഗികമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ വിലയിരുത്തും. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പോൾ വിലയിരുത്തുന്നത് കൂടാതെ എൻ്റെ ഓഫീസിൽ വച്ച് എല്ലാമാസവും പുരോഗതി വിലയിരുത്തും.
കേരളം വലിയ മുന്നേറ്റത്തിൻ്റെ പാതയിലാണ്. ഇനിയും വേഗത്തിൽ സുതാര്യമായിത്തന്നെ കുതിക്കാൻ കേരളത്തിനെ ഞങ്ങൾ പ്രാപ്തമാക്കും. അതിനുള്ള ശ്രമങ്ങൾ തുടരും. ജനങ്ങൾക്ക് കൂടി വിവരങ്ങൾ ലഭ്യമാക്കി സുതാര്യമായിത്തന്നെ നമ്മുടെ വികസനം തുടരും. നമ്മുടെ കുട്ടികൾക്ക് ഈ നാട്ടിൽ തന്നെ മികച്ച ജോലി ലഭ്യമാക്കുമെന്ന ഉറപ്പും പാലിക്കുന്നതിനാണ് ഈ സർക്കാർ ശ്രമിക്കുന്നത്.