കേന്ദ്ര ബജറ്റിനോട് അനുബന്ധിച്ച് ഇന്ന് ചർച്ചയായ ഒരു പേരാണ് 'മഖാന'. എന്താണ് ഈ മഖാന ? എന്താണിതിന്റെ പ്രാധാന്യം? ഇന്ന് പലരും ഗൂഗിളിൽ തിരഞ്ഞ കാര്യമാണിത്. ബീഹാറിലെ മിഥില പ്രദേശത്തും നേപ്പാളിലും കൃഷി ചെയ്യുന്ന താമര വിത്താണ് മഖാന. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന ഫോക്‌സ് നട്ട്, ഗാര്‍ഗോണ്‍ നട്‌സ് എന്നിങ്ങനെയും ഇത് അറിയപ്പെടുന്നുണ്ട്. ഡയറ്റ് ചെയ്യുന്നവരുടെ ഭക്ഷണക്രമത്തിലെ പ്രധാന വിഭവങ്ങളിലൊന്നാണിത്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും മഖാന. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
ഫിറ്റ്നസ് പ്രേമികളുടെ അടുക്കളകളിലെ സ്ഥിരം വിഭവമായതിനാൽ ഇതിനായി ബജറ്റില്‍ ഒരു ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി. മഖാനയുടെ ഉത്‌പാദനവും വിതരണവും കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ബോര്‍ഡ് രൂപീകരണത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന മഖാനയുടെ 90 ശതമാനവും ബിഹാറിലാണ്. അതുകൊണ്ട് തന്നെ ഇതിനായി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് സംസ്ഥാനം നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതാണിപ്പോൾ ബജറ്റിലൂടെ സാക്ഷാത്‌കരിക്കപ്പെട്ടിരിക്കുന്നത്.