2022 -23 ൽ പ്രവർത്തന വരുമാനം ഇരട്ടിയിലധികം, ലുലുമാൾ (എല്‍ഐഎസ്എ൦ ) ലാഭത്തിലേക്ക്

2022-23 വര്‍ഷത്തില്‍ പ്രവര്‍ത്തന വരുമാനം 2873.22 കോടി രൂപയായി

Update: 2023-11-13 12:21 GMT

പ്രവര്‍ത്തന വരുമാനത്തിലെ ശക്തമായ വളര്‍ച്ചയുടെ പിന്തുണയോടെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‌സ് പ്രൈവറ്റ് ലിമിറ്റഡ് (എല്‍ഐഎസ്എം) 2022-23 വര്‍ഷത്തില്‍ 17.60 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം 166.56 കോടി രൂപയുടെ നഷ്ടമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

2022-23 വര്‍ഷത്തില്‍ പ്രവര്‍ത്തന വരുമാനം 116 ശതമാനത്തിലധികം ഉയര്‍ന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ 1327.99 കോടി രൂപയില്‍ നിന്നും 2873.22 കോടി രൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനി 829 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം നേടിയത് ഈ വര്‍ഷവും മികച്ച നേട്ടം ലുലു മാളിനുണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്നു.

2024 മുതല്‍ 2026 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത് ഹൈപ്പര്‍മാര്‍ക്കറ്റുകളും രണ്ട് റീട്ടെയില്‍ മാളുകളും തുറന്ന് കമ്പനിയുടെ ശൃംഖല വിപുലീകരിക്കാനുള്ള ലക്ഷ്യത്തിലാണ് കമ്പനി. ഇതിനായി 3,000 കോടി രൂപ നിക്ഷേപിക്കുമെന്നും റേറ്റിംഗ് ഏജന്‍സിയായ കെയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായുള്ള മൂലധനച്ചെലവ് കടത്തിലൂടെ കണ്ടെത്താനാണ് സാധ്യതയെന്നും കെയറിന്റെ രേഖകളില്‍ പറയുന്നു.

ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഡെസ്റ്റിനേഷന്‍ ഷോപ്പിംഗ് മാളുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗ്രൂപ്പ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാളുകള്‍ കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മറ്റ് നിക്ഷേപ പ്രവര്‍ത്തനങ്ങളും ലുലു ഗ്രൂപ്പിനുണ്ട്.

കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ഹൈദരാബാദ് (2023 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു) എന്നിവിടങ്ങളില്‍ ലുലു മാളുകളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഫാല്‍ക്കണ്‍ സിറ്റി മാള്‍ (ബെംഗളൂരുവില്‍), മരട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കമ്പനി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ മാത്രമായി നടത്തുന്നുണ്ട്.

ലുലുഗ്രൂപ്പിന്റെ പ്രധാന മാളയ കൊച്ചിയിലെ ലുലുമാള്‍ ഏകദേശം 10 വര്‍ഷത്തോളമായി പ്രവര്‍ത്തനമാരംഭിച്ചിട്ട്. മാത്രമല്ല നഗരത്തിലെ പ്രധാന ഷോപ്പിംഗ് ഡെസ്റ്റിനേഷനായി ഇത് മാറുകയും ചെയ്തു.

മാളിന്റെ മികച്ച സ്ഥാനം മൂലം മളിലും ഹൈപ്പര്‍മാര്‍ക്കറ്റിലും തുടര്‍ച്ചയായി ആളുകള്‍ എത്തുന്നതിലും മെച്ചപ്പെട്ട വ്യാപാര നിലവാരം പുലര്‍ത്തുന്നതിലും മുന്നിട്ട് നില്‍ക്കുന്നു. ഇത് സുസ്ഥിരമായ പണമൊഴിക്കിനും കാരണമാകുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

തിരുവനന്തപുരത്തെ മാള്‍ വിമാനത്താവളത്തിന് എതിര്‍വശത്തായാണ് സ്ഥിതിചെയ്യുന്നത്. ഇത് 2021 ഡിസംബര്‍ മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ ലീസിംഗ് ഏരിയ മിക്കവാറും പൂര്‍ണ്ണമായും നിറഞ്ഞിട്ടുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വ്യാപാര സാന്ദ്രതയും തൃപ്തികരമായ നിലവാരത്തിലാണ്.

ബെംഗളൂരുവില്‍ വില്‍പ്പനയില്‍ ഇടിവ്

പാട്ടത്തിനെടുത്ത ബെംഗളൂരുവിലെ മാള്‍ 2021 ഒക്ടോബര്‍ മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ ഹൈപ്പര്‍മാര്‍ക്കറ്റിന് ലഭിച്ച അനുകൂല പ്രതികരണത്തില്‍ നിന്ന് വ്യത്യസ്തമായി, മറ്റ് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമുള്ള കടുത്ത മത്സരം കാരണം ബെംഗളൂരു ഹൈപ്പര്‍മാര്‍ക്കറ്റിലെ വില്‍പ്പന കുറവാണ്.

ഗ്രൂപ്പിനു കീഴിലുള്ള മറ്റ് മാളുകളും കടകളും അടുത്തിടെ മാത്രമാണ് പ്രവര്‍ത്തനം ആരംഭിച്ചത്, അതിനാല്‍ പ്രവര്‍ത്തന ട്രാക്ക് റെക്കോര്‍ഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ ബ്രാന്‍ഡ് റീകാൾന്റെ  അടിസ്ഥാനത്തില്‍, കമ്പനി മികച്ച വ്യാപര സാന്ദ്രതയും ഒക്യുപന്‍സി ലെവലും നിലനിര്‍ത്തുന്നത് തുടരുമെന്ന് കെയര്‍ റേറ്റിംഗ്‌സ് ലിമിറ്റഡ് (കെയര്‍ റേറ്റിംഗ്‌സ്) പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് കേരളം ആസ്ഥാനമായുള്ള ആസ്തികളില്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍, ഹോസ്പിറ്റാലിറ്റി, കൊമേഴ്‌സ്യല്‍ ഓഫീസ് സ്‌പേസ് മുതലായവയില്‍ ബിസിനസ് താല്‍പ്പര്യങ്ങളുള്ള ഇഎംകെഇ (ലുലു) ഗ്രൂപ്പിന്റെ ഭാഗമാണ് എല്‍ഐഎസ്എം (ലിസ്ം).

Tags:    

Similar News