ലുലു കണ്‍വെന്‍ഷന്‍ സെന്ററിന്റെ 2022-23 ലെ നഷ്ടം 177.33 കോടിയായി വര്‍ധിച്ചു
- കമ്പനിയുടെ പ്രവര്‍ത്തന വരുമാനം തുടര്‍ച്ചയായി വളര്‍ച്ച നേടിയിട്ടുണ്ട്
- കോവിഡ് -19 മൂലം വരുമാനത്തിലുണ്ടായ നഷ്ടം ഗണ്യമായി വീണ്ടെടുക്കാന്‍ കമ്പനിക്കായിട്ടുണ്ട്
- 2023 മാര്‍ച്ച് 31 വരെ കമ്പനിയുടെ റേറ്റ് ചെയ്ത വായ്പകള്‍ 1,114.67 കോടി രൂപയാണെന്നാണ് കെയര്‍ (സിഎആര്‍ഇ) റേറ്റിംഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്
രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ലുലു കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിന്റെ (എല്‍സിഇസി) അറ്റ നഷ്ടത്തിൽ 2022-23 ൽ 14.3 ശതമാനത്തിന്റെ വര്‍ധന. കമ്പനി 177.33 കോടി രൂപയുടെ നഷ്ടത്തിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബിസിനസ് ക്ലോസ് ചെയ്തത്.
തൊട്ട് മുമ്പത്തെ വര്‍ഷം (2021-22) നഷ്ടം 155.20 കോടി രൂപയായിരുന്നു. 2020-21 വര്‍ഷത്തില്‍ നഷ്ടം 125.06 കോടി രൂപയും. എന്നാല്‍, കമ്പനിയുടെ പ്രവര്‍ത്തന വരുമാനം ഈ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വളര്‍ച്ച നേടിയിട്ടുണ്ട്. പ്രവര്‍ത്തന വരുമാനം മുൻ വർഷത്തേതിൽ നിന്ന് 187.82 ശതമാനം വർധിച്ചു , 2022-23 വര്‍ഷത്തില്‍ 204.01 കോടി ആയി വർധിച്ചു . 2023 മാര്‍ച്ച് 31 വരെ കമ്പനിയുടെ റേറ്റ് ചെയ്ത വായ്പകള്‍ 1,114.67 കോടി രൂപയാണെന്നാണ് കെയര്‍ (സിഎആര്‍ഇ) റേറ്റിംഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എല്‍സിഇസിയുടെ പ്രകടനത്തെ കോവിഡ്-19 ബാധിച്ചിട്ടുണ്ട്, കൂടാതെ ഇത്തരത്തിലുള്ള ബിസിസിന് പ്രാരംഭ കാലയളവില്‍ സാമ്പത്തിക വെല്ലുവിളികളുണ്ടാകും. 'ഹോസ്പിറ്റാലിറ്റി ബിസിനസ് ഒരു നീണ്ട കാലത്തേക്കുള്ള ബിസിനസാണ്, പ്രവര്‍ത്തനത്തിന്റെ പ്രാരംഭ വര്‍ഷങ്ങളില്‍ പ്രമോട്ടര്‍മാരുടെ പിന്തുണ സാധാരണയായി ആവശ്യമാണെന്നും,' കെയര്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2010 ലാണ് ലുലു ഗ്രൂപ്പിന്റെ ഭാഗമായ എല്‍സിഇസി കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. 2011 ല്‍ കൊച്ചിന്‍ പോര്‍ട്ട് ട്ര്‌സ്റ്റില്‍ നിന്നും ബോള്‍ഗാട്ടി ദ്വീപിലെ 26 ഏക്കര്‍ ഭൂമി 30 വര്‍ഷത്തെ (അടുത്ത 30 വര്‍ഷത്തേക്കു കൂടി നീട്ടാം) പാട്ടത്തിനെടുത്തു.
ബോള്‍ഗാട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടല്‍ 'ഗ്രാന്‍ഡ് ഹയാത്ത്' എന്ന ബ്രാന്‍ഡിന് കീഴില്‍ ഹയാത്ത് ഹോസ്പിറ്റീലിറ്റി കമ്പനിയാണ് നടത്തുന്നത്. നാല് ആഢംബര വില്ലകള്‍, 38 സ്യൂട്ട് മുറികള്‍, പരമാവധി 11,090 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍, കോണ്‍ഫറന്‍സിനും താമസത്തിനുമായി രണ്ട് ഹൗസ് ബോട്ടുകള്‍ എന്നിവയുള്‍പ്പെടെ 264 മുറികളാണ് ഇതിലുള്ളത്. മൂന്ന് ഹെലിപാഡുകളുമുണ്ട്. പ്രീമിയം ബ്രാന്‍ഡായ ഗ്രാന്‍ഡ് ഹയാത്തിന് കീഴില്‍ ഹയാത്ത് ഇന്റര്‍നാഷണലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ശരാശരി റൂം റേറ്റ് (എആര്‍ആര്‍), ഒക്യുപന്‍സി എന്നിവയിലെ പുരോഗതി മൂലം 2023 സാമ്പത്തിക വര്‍ഷത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം രേഖപ്പെടുത്താന്‍ കമ്പനിക്കായി. കോവിഡ് -19 മൂലം വരുമാനത്തിലുണ്ടായ കുറവ് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഗണ്യമായി വീണ്ടെടുക്കാന്‍ കമ്പനിക്കായതായി കെയര്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.