ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നല്കാമെന്ന് പ്രചരിപ്പിക്കുന്നത്. കൂടാതെ വ്യാജ ബുക്കിങ് ഓഫറുകള്‍ അടങ്ങിയ പരസ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവർ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും. ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണമെന്ന് പോലീസ് അറിയിച്ചു. യഥാർഥ വെബ്സൈറ്റിൽനിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങൾ തെറ്റിച്ചാകും വ്യാജ വെബ്സൈറ്റുകളുടെ വിലാസം. വളരെ വിലകുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിങ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിങ് നടപടികളുമായി മുന്നോട്ട് പോകാവൂ എന്നും പോലീസ് മുന്നറിയിപ്പ് നൽകി.