കണ്ണൂർ എയർപോർട്ടിന് 2023 ൽ വരുമാനത്തിനേയും കടത്തിവെട്ടി 126 കോടി നഷ്ടം
- 2022 - 23 ൽ നേടിയ വരുമാനം 115.17 കോടി.
- 39.23 ശതമാനം ഓഹരി പങ്കാളിത്തം ഉള്ള കേരള സര്‍ക്കാരാണ് കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമ
വീണ്ടും നഷ്ടത്തിന്റെ കണക്കുകളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (കിയാല്‍). 2022-23 വര്‍ഷത്തില്‍ വിമാനത്താവളത്തിന്റെ നഷ്ടം 126.27 കോടി രൂപ. കമ്പനി ആ വര്‍ഷം ( 2022 - 23 ) നേടിയ വരുമാനം 115.17 കോടി. അതായത് കഴിഞ്ഞ സാമ്പത്തിക വർഷം കിയാലിനു നഷ്ടം വരുമാനത്തേക്കാൾ കൂടുതൽ.
2022-23 ലെ കമ്പനിയുടെ അക്കൗണ്ടിനെക്കുറിച്ച് ഓഡിറ്റര്‍മാരുടെ അഭിപ്രായവും പ്രതികൂലമാണ്. പ്രത്യേകിച്ച് കമ്പനിക്കുള്ളിലെ സാമ്പത്തിക നിയന്ത്രണ സംവിധാനം ദുർബലമാണെന്ന് ഓഡിറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ 'മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്പനിയുടെKaസാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും' ഓഡിറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 29 നാണ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കിയാല്‍ പ്രതിസന്ധികളുടെ കാലത്തിലൂടെ ആണ് കടന്നു പോകുന്നതെങ്കിലും, കിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ടു മന്ത്രിമാരുൾപ്പെടെ 18 ഡയറക്ടര്‍മാരാണുള്ളത്.
2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 2023 നേക്കാൾ നേരിയ കുറവോടെ 124.30 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
കിയാലിൽ 39.23 ശതമാനം ഓഹരി പങ്കാളിത്തം ഉള്ള കേരള സര്‍ക്കാരാണ് കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമ. എന്നാൽ തുടങ്ങിയത് മുതൽ എല്ലാ വർഷവും കിയാൽ തുടര്‍ച്ചയായി നഷ്ടം നേരിട്ടതോടെ സര്‍ക്കാരിന്റെ ഓഹരി മൂലധനമായ 1338.39 കോടി രൂപയുടെ 43 ശതമാനം ഒഴുകി പോയി . കിയാലിന്റെ ഇതുവരെയുള്ള സഞ്ചിത നഷ്ടം 572.69 കോടിയായി പെരുകിയതോടെ, അതിന്റെ ആസ്തി 2023 മാര്‍ച്ച് 31 ആയപ്പോഴേക്കും 765.70 കോടിയായി താഴ്ന്നു.
2018 മുതലുള്ള വരുമാനം
2018 ഡിസംബര്‍ ഒമ്പത് മുതലാണ് കിയാല്‍ പ്രവര്‍ത്തന വരുമാനം നേടാന്‍ തുടങ്ങിയത്. ഇത് എയ്‌റോ വരുമാനം, എയ്‌റോ ഇതര വരുമാനം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ എയ്‌റോ വരുമാനം 89.90 കോടി രൂപയാണ്. ഇതില്‍ യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് (യുഡിഎഫ്) അല്ലെങ്കില്‍ യൂസര്‍ ഫീസ് മാത്രം എയ്‌റോ വരുമാനത്തിന്റെ 59 ശതമാനം അതായത് 52.95 കോടി രൂപയോളം സംഭാവന ചെയ്തിട്ടുണ്ട്. ഇതേ കാലയളവിലെ മൊത്തം എയ്‌റോ ഇതര വരുമാനം 18.52 കോടി രൂപയാണ്.
കേരള സർക്കാർ കഴിഞ്ഞാൽ 16 .20 ശതമാനം ഓഹരികളുള്ള ബി പി സി എൽ ആണ് കിയാലിലെ രണ്ടാമത്തെ വലിയ വലിയ ഓഹരി പങ്കാളി. 8 .5 ശതമാനം ഓഹരികളുള്ള എം എ യൂസഫലി മൂന്നാമത്തെയും 7 .47 ശതമാനം ഓഹരികളുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നാലാമത്തെയും വലിയ ഓഹരി പങ്കാളികളാണ്.