കല്യാണിന്റെ ഒന്നാം പാദ ലാഭത്തില്‍ 33% വര്‍ധന, 200-ാമത്തെ ഷോറും ജമ്മുവില്‍
- കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 3,333 കോടി രൂപയില്‍ നിന്നും 31 ശതമാനം ഉയര്‍ന്ന് 4,376 കോടി രൂപയായി.
കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡി (കല്യാണ്‍ ജ്വല്ലേഴ്‌സ് ) ന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ കണ്‍സോളിഡേറ്റഡ് ( കമ്പനിയുടെ എല്ലാ സ്ഥാപനങ്ങളിൽ നിന്നുള്ള) അറ്റാദായം 33ശതമാനം വർധിച് 144 കോടിയായി. കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിലെ കമ്പനിയുടെ അറ്റാദായം 108 കോടി ആയിരുന്നു.
ഇന്ത്യയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അറ്റാദായം മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 95 കോടി രൂപയില്‍ നിന്നും 129 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 35 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.ഈ പാദത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 34 ശതമാനം വർധിച്ചു 3641 കോടിയായി വർധിച്ചു. കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 2719 കോടിയായിരുന്നു .
കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 3,333 കോടി രൂപയില്‍ നിന്നും 31 ശതമാനം ഉയര്‍ന്ന് 4,376 കോടി രൂപയായി. കമ്പനിയുടെ സ്റ്റാന്‍ഡ്-എലോണ്‍ വരുമാനം മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 2,719 കോടി രൂപയില്‍ നിന്നും 34 ശതമാനം ഉയര്‍ന്ന് 3,641 കോടി രൂപയായി.
മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം 700 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 574 കോടി രൂപയായിരുന്നു. മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അറ്റാദായം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 14 കോടി രൂപയില്‍ നിന്നും 24 ശതമാനം വര്‍ധനയോടെ 17 കോടി രൂപയായി.
ഈ സമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് മികച്ച തുടക്കമാണെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ അഭിപ്രായപ്പെട്ടു. അവസാനിച്ച പാദം കല്യാണ്‍ ജ്വല്ലേഴ്‌സിനെ സംബന്ധിച്ച് മറ്റൊരു പോസിറ്റീവായ പാദമായിരുന്നു. ഇന്ത്യയിലെയും, മിഡില്‍ ഈസ്റ്റിലെയും ഞങ്ങളുടെ ഷോറൂമുകളിലെ സന്ദര്‍ശകരുടെ എണ്ണത്തിലും, വരുമാനത്തിലും ശക്തമായ മുന്നേറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 200-ാമത്തെ ഷോറൂം ജമ്മുവില്‍ ആരംഭിക്കുകയാണ്. ഇത് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഷോറും വിപുലീകരണത്തിലെ നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി.