ഇന്‍ഫ്രാ മേഖലയില്‍ ഇന്ത്യ മികവ് പുലര്‍ത്തുന്നതായി രഘുറാം രാജന്‍
- നിലവില്‍ 3.7 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ
- 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുന്നതിനുള്ള സാധ്യത കുറവ്
ഇന്‍ഫ്രാസ്ട്രക്ചര്‍ പോലുള്ള മേഖലകളില്‍ കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. എന്നാല്‍ പ്രാദേശിക ഉല്‍പ്പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിന് മറ്റ് മേഖലകളിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
ഉല്‍പ്പന്നമായാലും സേവനമായാലും ഉല്‍പ്പാദനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അത് ശരിയായ രീതിയില്‍ ചെയ്യേണ്ടതും പ്രധാനമാണെന്നും ഒരു അഭിമുഖത്തില്‍ രാജന്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ 'മേക്ക് ഇന്‍ ഇന്ത്യ' സംബന്ധിച്ച ചോദ്യത്തിന് 'ഉദ്ദേശ്യം നല്ലതാണെന്ന് ഞാന്‍ പറയും, ചില മേഖലകളില്‍, ഞാന്‍ പറഞ്ഞതുപോലെ, അടിസ്ഥാന സൗകര്യവികസനത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. വളരെ ഉപകാരപ്രദമായ പലതും ചെയ്തിട്ടുണ്ട്' അദ്ദേഹം വ്യക്തമാക്കി.
10 വര്‍ഷം മുമ്പ് 2014 സെപ്റ്റംബര്‍ 25 നാണ് മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ 'മേക്ക് ഇന്‍ ഇന്ത്യ' ആരംഭിച്ചത്.
പദ്ധതി മികച്ചതായിരുന്നോ എന്നറിയുന്നതിന് അതിന്റെ വിമര്‍ശകരോട് ചോദിക്കുന്നതാണ്. അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നുണ്ടോ എന്നുള്ള ഫീഡ് ബാക്ക് അതുവഴി ലഭിക്കുമെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരിച്ചു.
സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പാക്കേജ് ഉണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം അത് മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.
നിലവില്‍ അമേരിക്ക ആസ്ഥാനമായുള്ള ചിക്കാഗോ ബൂത്തില്‍ ഫിനാന്‍സ് പ്രൊഫസറായ രാജന്‍, ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ചെക്ക്ലിസ്റ്റ് പിന്തുടരാതെ വ്യവസായികളോട് അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സര്‍ക്കാര്‍ ചോദിക്കണമെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യ 7 ശതമാനത്തില്‍ വളരുകയാണെങ്കില്‍, നാം ജര്‍മ്മനിയെയും ജപ്പാനെയും പിന്നിലാക്കുമെന്ന് രാജന്‍ പറഞ്ഞു, അത് സംഭവിക്കും.
നിലവില്‍, ജര്‍മ്മനിയുടെ സമ്പദ്വ്യവസ്ഥയുടെ വലുപ്പം ഏകദേശം 4.5 ട്രില്യണ്‍ യുഎസ് ഡോളറും ജപ്പാന്റെ സമ്പദ്വ്യവസ്ഥ 4.2 ട്രില്യണ്‍ ഡോളറുമാണ്. നിലവില്‍ 3.7 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ.
അതേസമയം '2047-ഓടെ ഒരു വികസിത രാഷ്ട്രമായി മാറുന്നതിനുള്ള വളര്‍ച്ച എവിടെ നിന്നാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയിരിക്കുന്നത്.