പരമാവധി ജോലി എഐ-യെ ഏല്‍പ്പിക്കാന്‍ 83% ഇന്ത്യക്കാര്‍ തയാര്‍: മൈക്രോസോഫ്റ്റ് സര്‍വെ
- പുതിയ നിയമനങ്ങളില്‍ എഐ വൈദഗ്ധ്യം പരിഗണിക്കുമെന്ന് ബിസിനസ് നേതൃത്വങ്ങള്‍
- എഐ തങ്ങളുടെ തൊഴിലുകളെ ഇല്ലാതാക്കുമെന്ന ആശങ്ക 74% ഇന്ത്യൻ തൊഴിലാളികള്‍ക്ക്
- എഐ ഉല്‍പ്പാദന ക്ഷമതാ വളര്‍ച്ചയുടെ പുതിയ തരംഗം തീര്‍ക്കുമെന്ന് വിലയിരുത്തല്‍
കഴിയുന്നത്ര ജോലികൾ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ ഏൽപ്പിക്കാൻ ഇന്ത്യക്കാര്‍ തയ്യാറാണെന്ന് മൈക്രോസോഫ്റ്റ് സര്‍വെ റിപ്പോർട്ട്. മൈക്രോസോഫ്റ്റ് വർക്ക് ട്രെൻഡ് ഇൻഡക്സ് 2023 റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ 90 ശതമാനം ബിസിനസ് നേതാക്കളും കരുതുന്നത് തങ്ങൾ നിയമിക്കുന്ന പുതിയ ജീവനക്കാർക്ക് എഐ വളർച്ചയ്ക്കായി തയാറെടുക്കുന്നതിനുള്ള വൈദഗ്ധ്യം ആവശ്യമാണ് എന്നാണ്. ഇന്ത്യൻ ജീവനക്കാരിൽ 83 ശതമാനം പേരും തങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന് കഴിയുന്നത്ര ജോലികൾ എഐ-യെ ഏൽപ്പിക്കാൻ തയ്യാറാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ നിന്നുള്ള 1,000 പേർ ഉൾപ്പെടെ 31 രാജ്യങ്ങളിലായി 31,000 ആളുകളിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. 74 ശതമാനം ഇന്ത്യൻ തൊഴിലാളികളും എഐ തങ്ങളുടെ ജോലിയെ മാറ്റിസ്ഥാപിക്കുമെന്ന് ആശങ്കപ്പെടുന്നവരാണ്. എന്നാല്‍ രാജ്യത്തെ ബിസിനസ് നേതൃത്വത്തില്‍ 84 ശതമാനവും ഇന്നൊവേഷന്‍റെ അപര്യാപ്‌തതയില്‍ വ്യാകുലപ്പെടുന്നവരാണ്.
ഉൽപാദനക്ഷമതയെ ദോഷകരമായി ബാധിക്കുന്ന പ്രധാന കാര്യം കാര്യക്ഷമതയില്ലാത്ത മീറ്റിംഗുകളാണെന്ന് 46 ശതമാനം ഇന്ത്യൻ തൊഴിലാളികൾ അഭിപ്രായപ്പെടുന്നു. മീറ്റിംഗുകളില്‍ പലപ്പോഴും തങ്ങളുടെ അഭാവം സഹപ്രവര്‍ത്തകരുടെ ശ്രദ്ധയിലെത്താറില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ട് അനുസരിച്ച്, എഐ വിദഗ്ധർക്ക് മാത്രമല്ല, ഓരോ ജീവനക്കാരനും അവരുടെ ദൈനംദിന ജീവിതത്തിൽ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് പോലുള്ള പുതിയ പ്രധാന കഴിവുകൾ ആവശ്യമായി വരും. 78 ശതമാനം ഇന്ത്യൻ തൊഴിലാളികളും തങ്ങളുടെ ജോലി ചെയ്യാനുള്ള ശരിയായ തങ്ങള്‍ക്ക് നിലവിൽ ഇല്ലെന്ന് കരുതുന്നവരാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.
പുതിയ ജോലിയുടെ സ്വഭാവം വ്യക്തമായി വരുമ്പോള്‍, തൊഴില്‍ മേഖലയില്‍ ഏറ്റവും വലിയ പരിവര്‍ത്തനം സൃഷ്ടിക്കുന്ന ഒന്നായി എഐ മാറുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ, മോഡേൺ വർക്ക് കൺട്രി ഹെഡ് ഭാസ്കർ ബസു പറഞ്ഞു. എഐയുടെ അടുത്ത തലമുറ ഉൽപ്പാദനക്ഷമതാ വളർച്ചയുടെ ഒരു പുതിയ തരംഗത്തെ തുറന്നുവിടുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.