ബ്രിക്‌സ് സ്റ്റാര്‍ട്ടപ്പ് ഫോറവുമായി ഇന്ത്യ

  • ബ്രിക്‌സ് രാജ്യങ്ങളിലെ വ്യവസായ മന്ത്രിമാരുടെയോഗത്തിലാണ് ഇന്ത്യയുടെ നിര്‍ദ്ദേശം
  • സാമ്പത്തിക മേഖലയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കും

Update: 2023-08-08 12:17 GMT

സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, ഇന്‍കുബേറ്റര്‍മാര്‍, വളര്‍ന്നുവരുന്ന സംരംഭകര്‍ എന്നിവര്‍ക്കിടയില്‍ സഹകരണവും അറിവ് പങ്കിടുന്നതിനും  പ്രോത്സാഹിപ്പിക്കുന്നതിനുമായി  ബ്രിക്സ് സ്റ്റാര്‍ട്ടപ്പ് ഫോറം ആരംഭിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളിലെ വ്യവസായ മന്ത്രിമാരുടെ വെര്‍ച്വലായി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗോയല്‍.

ഇന്ത്യയില്‍ സംഭവിച്ച പരിവര്‍ത്തനത്തെ വ്യവസായ മന്ത്രി പ്രത്യേകം എടുത്തുകാട്ടി. രാജ്യത്ത് ഒരു ലക്ഷത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാമിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

'വസുധൈവ കുടുംബകം' ('ലോകം ഒരു കുടുംബമാണ്') എന്ന ഇന്ത്യയുടെ പ്രതിബദ്ധത ഗോയല്‍ ആവര്‍ത്തിച്ചു. ഇത് ഉത്തരവാദിത്തമുള്ള ഒരു ആഗോള പൗരനായിരിക്കാനും കൂടുതല്‍ സഹിഷ്ണുതയുള്ളതും പരസ്പരബന്ധിതവുമായ ഒരു ലോകത്തിനായി പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു.

മറ്റ് ബ്രിക്സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്കഎന്നിവിടങ്ങളിലെ വ്യവസായ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുകയും സംയുക്ത പ്രഖ്യാപനം അംഗീകരിക്കുകയും ചെയ്തു.

ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ ഡിജിറ്റലൈസേഷന്‍, വ്യാവസായികവല്‍ക്കരണം, നവീകരണം, നിക്ഷേപം എന്നിവയുടെ ആവശ്യകതയിലും അവര്‍ ഊന്നല്‍ നല്‍കി. സാമ്പത്തിക മേഖലകളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും ചര്‍ച്ചയായി. ബ്രിക്‌സ് അംഗങ്ങള്‍ മാനവ വിഭവശേഷി വികസനത്തിന്റെ ആവശ്യകതയും അംഗീകരിച്ചു.

വ്യാവസായിക സഹകരണം ശക്തമാക്കാനും സമ്പത്ഘടനയുടെ  വളര്‍ച്ച വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.

സ്ത്രീകള്‍, യുവാക്കള്‍, പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതും,  അവർ  കൈകാര്യം ചെയ്യുന്ന പ്രോജക്ടുകളുടെ സമഗ്രമായ വളര്‍ച്ചയ്ക്കായി ബ്രിക്സ് രാജ്യങ്ങള്‍ക്കുള്ളില്‍ വിപണി അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു.

Tags:    

Similar News