6 മാസം കൊണ്ട് വിച്ഛേദിച്ചത് 64 ലക്ഷം വ്യാജ ഫോണ്‍ കണക്ഷനുകള്‍

ഒരാള്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 9 സിം കാര്‍ഡുകള്‍ മാത്രമാണു കൈവശം വയ്ക്കാന്‍ അനുവാദമുള്ളത്

Update: 2023-10-30 10:40 GMT

ഫേഷ്യല്‍ റെക്കഗ്‌നിഷന്റ സഹായത്തോടെ ഇന്ത്യയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ വിച്ഛേദിച്ചത് 64 ലക്ഷം വ്യാജ ഫോണ്‍ കണക്ഷനുകള്‍.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു ടെലികോം നെറ്റ് വര്‍ക്ക് കമ്പനികള്‍ നടപടി സ്വീകരിച്ചത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ (ഡിഒടി) കീഴിലുള്ള സെന്റര്‍ ഓഫ് ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്) വികസിപ്പിച്ച എഎസ്ടിആര്‍ എന്ന ഉപകരണം ഉപയോഗിച്ചാണു പരിധിയില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരെ കണ്ടെത്തിയത്.

ഫോട്ടോയിലൂടെയാണു വ്യക്തിയെ ഈ ഉപകരണം തിരിച്ചറിയുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ ചട്ടങ്ങള്‍ അനുസരിച്ച്, ഒരാള്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 9 സിം കാര്‍ഡുകള്‍ മാത്രമാണു കൈവശം വയ്ക്കാന്‍ അനുവാദമുള്ളത്.

എന്നാല്‍ സി-ഡോട് കണ്ടെത്തിയത് ചില വ്യക്തികള്‍ നിരവധി തവണ ഫോണ്‍ കണക്ഷനുകള്‍ സ്വന്തമാക്കിയതായിട്ടാണ്.

ഫോണ്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഡാറ്റാ ബേസില്‍ നിന്നും ഒരു വ്യക്തിയുടെ മുഖത്തിന്റെ സവിശേഷതകളിലെ സാമ്യം ഫേഷ്യല്‍ റെക്കഗ്നിഷന്‍ അല്‍ഗോരിതത്തിലൂടെ കണ്ടെത്തുന്നു. അതിലൂടെ അനുവദനീയമായതിനും കൂടുതല്‍ ഫോണ്‍ കണക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ടോ എന്നും കണ്ടെത്താനാകും. ഇങ്ങനെ കണ്ടെത്തി കഴിഞ്ഞാല്‍ ആ വ്യക്തി ഉപയോഗിക്കുന്ന ടെലികോം സര്‍വീസ് പ്രൊവൈഡറെ സി-ഡോട് വിവരം അറിയിക്കും.

തുടര്‍ന്ന് വ്യക്തികള്‍ക്കും നോട്ടീസ് അയയ്ക്കും. കെവൈസി പ്രൂഫും ഹാജരാക്കാന്‍ ആവശ്യപ്പെടും. ഈ നടപടിക്രമങ്ങള്‍ക്കിടെ തൃപ്തികരമായ മറുപടി വ്യക്തികളില്‍ നിന്നും (കസ്റ്റമര്‍) 60 ദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ലെങ്കില്‍ ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കും. ഇങ്ങനെ കഴിഞ്ഞ ആറ് മാസത്തിനിടെ വിച്ഛേദിച്ച കണക്ഷനുകളുടെ എണ്ണമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

Tags:    

Similar News