കോഴിക്കോട് വിമാനത്താവളത്തില്‍ ആര്‍എ സംവിധാനം നടപ്പാക്കുന്നത് വീണ്ടും നീട്ടി
- ചരക്കുകള്‍ സ്‌ക്രീനിങ് നടത്താന്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനാലാണ് സമയപരിധി ഒരുമാസത്തേക്കു കൂടി നീട്ടിയത്
- ഏപില്‍ 30 ആയിരുന്നു നേരത്തെ ഇതിനു നിശ്ചയിച്ച സമയപരിധി
- കാര്‍ഗോ കയറ്റുമതി കേന്ദ്രങ്ങള്‍ റെഗുലേറ്റഡ് ഏജന്റ് (ആര്‍.എ) സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ കാര്‍ഗോ കയറ്റുമതി കേന്ദ്രങ്ങള്‍ റെഗുലേറ്റഡ് ഏജന്റ് (ആര്‍എ) സംവിധാനത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഒരുമാസത്തേക്കു കൂടി നീട്ടി. ഏപില്‍ 30 ആയിരുന്നു നേരത്തെ ഇതിനു നിശ്ചയിച്ച സമയപരിധി. ഇത് പിന്നീട് മെയ് 31 ആക്കി നീട്ടിയിരുന്നു. അതാണ് ഇപ്പോള്‍ ജൂലൈ ഒന്നിലേക്കു നീട്ടിയിരിക്കുന്നത്.
ആര്‍എ സംവിധാനത്തിലേക്കു മാറുന്നതിനു വേണ്ട ഭൗതികസൗകര്യങ്ങളൊരുക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്യാതെ തിടുക്കപ്പെട്ട് മാറുന്നത് സംസ്ഥാനത്തുനിന്നുള്ള കയറ്റുമതി സ്തംഭിക്കാന്‍ ഇടവരുത്തുമെന്ന് കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്‌ഐഇ) ചൂണ്ടിക്കാട്ടിയിരുന്നു.
കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കാര്‍ഗോ ചുമതലയുള്ള കെഎസ്‌ഐഇ രണ്ടു ഷിഫ്റ്റുകളിലായി എട്ടു ജീവനക്കാരെ വച്ച് ചരക്കുകള്‍ സ്‌ക്രീനിങ് നടത്താന്‍ തയാറാണെന്ന് ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസനെ അറിയിച്ചെങ്കിലും ഒരു ഷിഫ്റ്റില്‍ തന്നെ സ്‌ക്രീനിങ് നടത്തണമെന്ന് ബിസിഎഎസ് ആവശ്യമുന്നയിച്ചു. അതിനു സംവിധാനമില്ലാത്ത സാഹചര്യത്തില്‍ ഒരുമാസം കൂടി നീട്ടിനല്‍കുകയായിരുന്നു.
നിലവില്‍ രാജ്യത്തെ പ്രമുഖ എയര്‍പോര്‍ട്ടുകളെല്ലാം നിലവില്‍ കോമണ്‍ യൂസര്‍ ഡൊമസ്റ്റിക് കാര്‍ഗോ ടെര്‍മിനല്‍ (സിയുഡിസിടി) സംവിധാനത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. സിയുഡിസിടി സംവിധാനത്തില്‍ കാര്‍ഗോ കയറ്റുമതി നടത്തുന്ന വസ്തുക്കളുടെ സുരക്ഷാ പരിശോധനകള്‍ അതത് എയര്‍ലൈന്‍ കമ്പനികളുടെ സെക്യൂരിറ്റി ജീവനക്കാരാണ് ചെയ്യുന്നത്. റെഗുലേറ്റഡ് ഏജന്റ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ കയറ്റുമതി നടത്തുന്ന വസ്തുക്കളുടെ സുരക്ഷാ പരിശോധനകള്‍ ഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും മാനേജ് ചെയ്യുന്ന കമ്പനിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിര്‍വഹിക്കണം. ഇതിനായി കമ്പനി തന്നെ വിദഗ്ധരായ സ്‌ക്രീനര്‍മാരെ നേരിട്ട് നിയമിക്കുകയും വേണം.
ആര്‍എ സംവിധാനത്തിലേക്കു മാറാന്‍ മതിയായ സമയം കെഎസ്‌ഐഇഎലിനു നല്‍കിയിരുന്നു. ഇനി സമയപരിധി നീട്ടില്ല. നിശ്ചയിച്ച സമയപരിധിക്കകം ആര്‍എ സംവിധാനത്തിലേക്കു മാറാന്‍ സാധിക്കുന്നില്ലെങ്കില്‍ കോമണ്‍ യൂസര്‍ ഡൊമസ്റ്റിക് കാര്‍ഗോ ടെര്‍മിനല്‍ സംവിധാനം ഇനിയൊരു മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കുമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ കണ്ണൂര്‍, ഹൈദരാബാദ്, ബംഗളൂരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളിലെ കാര്‍ഗോ കയറ്റുമതി കേന്ദ്രങ്ങള്‍ റെഗുലേറ്റഡ് ഏജന്റ് (ആര്‍.എ) സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.