ഇസ്രയേലുമായി സന്ധി: സൂചന നല്‍കി ഹമാസ്
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഒരു കരാര്‍ അടുത്തുവെന്നു താന്‍ വിശ്വസിക്കുന്നുവെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു
ഇസ്രയേലുമായി സമാധാന ഉടമ്പടിയില്‍ ഉടന്‍ ഒപ്പുവച്ചേക്കുമെന്ന സൂചന നല്‍കി ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യ.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് അയച്ച പ്രസ്താവനയിലാണ് ഹമാസ് മേധാവി ഇക്കാര്യം പറഞ്ഞത്.
പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തറുമായി ഇക്കാര്യം ഇസ്രയേലും ഹമാസും ചര്‍ച്ച ചെയ്തതായിട്ടാണു സൂചന. എന്നാല്‍ ഇസ്രയേലോ ഹമാസോ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടുമില്ല.
അതേസമയം ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം ഇപ്പോഴും തുടരുകയാണ്. തിരിച്ച് ഹമാസും പ്രത്യാക്രമണം തുടരുന്നുണ്ട്.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഒരു കരാര്‍ അടുത്തുവെന്നു താന്‍ വിശ്വസിക്കുന്നുവെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച (നവംബര്‍ 20) പറഞ്ഞിരുന്നു.
ഒക്ടോബര്‍ 7ന് ഇസ്രയേല്‍ വംശജര്‍ ഉള്‍പ്പെടെ 1200 ഓളം പേരുടെ മരണത്തിനിടയാക്കിയ ആക്രമണമാണു ഹമാസ് നടത്തിയത്. ഇതിനു പുറമെ 240 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു.
വെടിനിര്‍ത്തലും ബന്ദികളെ കൈമാറലുമാണു ഖത്തര്‍ മധ്യസ്ഥത വഹിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഇസ്രയേലിന്റെ ആക്രമണത്തില്‍ ചുരുങ്ങിയത് 13,300 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.