യുഎസ് ഗ്രീന്‍ കാര്‍ഡ് : ഇന്ത്യക്കാരന്‍റെ കാത്തിരിപ്പുകാലം കൂടുന്നു

  • ഇബി -1 വിസ ലഭിക്കുന്നത് അപേക്ഷിക്കുന്നതില്‍നിന്ന് ഏഴുശതമാനം പേര്‍ക്കുമാത്രം
  • കുടിയേറ്റ നിയമത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമെന്ന് യുഎസ് നിയമനിര്‍മ്മാതാക്കള്‍തന്നെ ആവശ്യപ്പെടുന്നു
  • നിലവിലുള്ള അപേക്ഷകള്‍ പരിഗണിച്ചുകഴിയണമെങ്കില്‍ ഏതാണ്ട് 150-ല്‍പരം വര്‍ഷങ്ങള്‍ വേണ്ടിവരും

Update: 2023-08-09 08:53 GMT

 ഗവേഷകര്‍, പ്രഫസര്‍മാര്‍, മാനേജ്മെന്‍റ് വിദഗ്ധര്‍ തുടങ്ങി   ഉയർന്ന നൈപുണ്യമുള്ളവര്‍ക്കായി യുഎസ് അനുവദിക്കുന്ന ഇബി -1  തൊഴില്‍ വിസ ലഭിക്കുന്നതിന് ഇന്ത്യക്കാർ  ഇനി   കൂടുതല്‍കാലം കാത്തിരിക്കേണ്ടതായി വരും.

ഇന്ത്യക്കാരുടെ  തൊഴില്‍ അധിഷ്ഠിത, ഫസ്റ്റ് പ്രിഫറന്‍സ് വിസ അപേക്ഷകള്‍ കുറഞ്ഞത് പത്തുവർഷം പൂർത്തിയായാല്‍ മാത്രമേ പരിഗണനയ്ക്കു എടുക്കുകയുള്ളുവെന്ന്  യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്‍റെ (യുഎസ്സിഐഎസ്)  പ്രതിമാസ വിസ അപ്‌ഡേറ്റ് ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.  നേരത്തെ ഇബി-1 വിസ മുന്‍ഗണന നല്‍കി പരിഗണിക്കുകയും കൂടുതല്‍ ഇന്ത്യക്കാർക്ക് വിസ ലഭിക്കുകയും ചെയ്തിരുന്നു.

 ഒരു രാജ്യത്തുനിന്നു ലഭിക്കുന്ന അപേക്ഷയുടെ  ഏഴു ശതമാനം പേർക്കു മാത്രമാണ് ഒരു വർഷം ഈ വിസ അനുവദിച്ചിരുന്നത്. മറ്റ് രാജ്യങ്ങളില്‍നിന്നു ഇതുവരെ ആവശ്യത്തിന് അപേക്ഷകരില്ലാതിരുന്നതിനാല്‍ ആ ക്വോട്ട കൂടി ഇന്ത്യക്കാർക്ക്  യുഎസ് നല്‍കിയിരുന്നു.   ഇപ്പോള്‍ സ്ഥിതി മാറി. മറ്റുരാജ്യങ്ങളില്‍ നിന്നും ആവശ്യത്തിന് അപേക്ഷ ലഭിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ ഇന്ത്യക്കാർക്ക് അധിക വിസ ലഭിക്കുന്ന സ്ഥിതി ഇല്ലാതായിരിക്കുകയാണ്.  അതായത് ഇന്ത്യക്ക് ലഭ്യമായിക്കൊണ്ടിരുന്ന വിസയുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുകയാണ്.

ഇന്ത്യക്കുള്ള ഇബി-1 വിസയ്ക്കായുള്ള ആവശ്യകത എല്ലാവര്‍ഷവും വര്‍ധിച്ചുവരികയാണ്. എന്നാല്‍ രാജ്യത്തിന് അനുവദിക്കപ്പെട്ടിരിക്കുന്ന വിസയുടെ ശതമാനത്തില്‍ മാറ്റമില്ല. വര്‍ഷങ്ങള്‍മുമ്പ് വിസക്കായി അപേക്ഷിച്ചവര്‍ക്കുപോലും അത് ലഭ്യമായിട്ടില്ല. തന്നെയുമല്ല അവ പരിഗണനക്ക് വന്നിട്ടുമില്ല എന്നറിയുമ്പോഴാണ് യുഎസിലെ കുടിയേറ്റ നിയമത്തിന്റെ കാഠിന്യം തിരിച്ചറിയുന്നത്.   ഇത് കാലഹരണപ്പെട്ട നയമാണെന്നും ഒരു പൊളിച്ചെഴുത്ത് ഈ മേഖലയില്‍ ആവശ്യമാണെന്നും യുഎസ് കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങള്‍ ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടന്നിട്ടില്ല.

നിലവില്‍ യുഎസില്‍ ഇബി-1 വിസക്കായി നല്‍കിയിട്ടുള്ള ആകെ അപേക്ഷകള്‍  ഇപ്പോഴത്തെ തോതില്‍   പരിഗണിക്കുകയാണെങ്കില്‍ അത് അനുവദിക്കാന്ർ 150-ല്‍പരം വര്‍ഷങ്ങള്‍ വേണ്ടിവരും എന്നാണ് കണക്ക്. ഇതുമാത്രം മതിയാകും ഒരു പുതിയ വിസ അനുവദിക്കപ്പെട്ടുകിട്ടുന്നതിലെ കാലതാമസം തിരിച്ചറിയുന്നതിന്.

ഇതുവരെ, ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് മറ്റ് ചില രാജ്യങ്ങളിലേക്ക് അനുവദിച്ച ഉപയോഗിക്കാത്ത വിസകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നും ഇബി-1 വിസകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചതോടെ, ഡിപ്പാര്‍ട്ട്‌മെന്റിന് ഇനി ഇന്ത്യയിലെ അപേക്ഷകര്‍ക്ക് ഈ വിസകള്‍ നല്‍കാന്‍ കഴിയില്ലെന്ന്  യു എസ് ഇമിഗ്രേഷന്‍ സർവീസസ് ബുള്ളറ്റിന്‍ പറയുന്നു.

ഇപ്പോള്‍   2012 ജനുവരി വരെയുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്. ഇനിയും ഇബി-1 വിസക്കായി ലഭിക്കുന്ന അപേക്ഷകളുടെ തിരക്ക് അനുസരിച്ച് വിസലഭിക്കുന്നത് കൂടുതല്‍ വൈകാനും സാധ്യതയുണ്ട്. ഇത് 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഡിമാന്‍ഡിനെയും വിസ പരിധിയെയും ആശ്രയിച്ചിരിക്കും.

 ഗ്രീന്‍ കാര്‍ഡ് അപേക്ഷ മുന്നോട്ട് എത്ര  മുന്നോട്ടു പോയി  എന്നറിയിക്കാന്ർ   യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് എല്ലാ മാസവും ഒരു ബുള്ളറ്റിന്‍ പുറപ്പെടുവിക്കുന്നു. വിസയ്ക്കുള്ള കാത്തിരിപ്പ് സമയവും ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ എത്ര സമയമെടുക്കുമെന്ന് കണക്കാക്കാനും ഇത് അപേക്ഷകരെ സഹായിക്കുന്നു.

വിസാ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് മുന്‍ഗണനാ തീയതികള്‍ നടപ്പാക്കണമെന്ന് കഴിഞ്ഞ മാസം ഒരു കൂട്ടം യുഎസ് നിയമനിര്‍മ്മാതാക്കള്‍    ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.  യു എസ്  കോണ്‍ഗ്രസ് അംഗങ്ങളായ    രാജാ കൃഷ്ണമൂര്‍ത്തിയുടെയും ലാറി ബുക്ഷന്റെയും നേതൃത്വത്തില്‍ 56 അംഗങ്ങള്‍ അടങ്ങുന്ന ഉഭയകക്ഷി സംഘം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലജാന്ദ്രോ മയോര്‍ക്കസിനും ഇത് സംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്.

Tags:    

Similar News