വിമാനസുരക്ഷാ ചട്ടത്തിൽ ഭേദഗതി: ഇനി വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും
വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചാൽ ഇനി പണികിട്ടും. സന്ദേശമയക്കുന്ന വ്യക്തികളെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യും. വ്യാജ ഭീഷണികൾക്ക് ഒരു സംഘടനയോ സ്ഥാപനമോ ഉത്തരവാദിയാണെങ്കിൽ പിഴ ഒരു കോടി രൂപ വരെ നൽക്കേണ്ടിവരും. ഒക്ടോബറിൽ നിരവധി വ്യാജ കോളുകൾ ഇതുമായി ബന്ധപ്പെട്ട് വന്നതിനെത്തുടർന്നാണ് പിഴ ഈടാക്കുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയം എയർക്രാഫ്റ്റ് (സുരക്ഷാ) ചട്ടങ്ങൾ ഭേതഗതി ചെയ്തത്.
2024ൽ മാത്രം, ഏകദേശം 1,000 വ്യാജ ഭീഷണി സന്ദേശങ്ങളാണ് വിമാനത്താവളങ്ങളിൽ എത്തിയതെന്നാണ് ആഭ്യന്തര കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് വിമാനങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും വിമാനക്കമ്പനികൾക്ക് സാമ്പത്തിക നഷ്ടവും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കുന്നതിന്, തെറ്റായ ഭീഷണികൾ പുറപ്പെടുവിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് ഇനി കഠിനമായ ക്രിമിനൽ കുറ്റങ്ങൾക്കൊപ്പം 1 ലക്ഷം വരെ പിഴയും ലഭിക്കും. മാത്രമല്ല ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ ഒരു സ്ഥാപനമാണെങ്കിൽ പിഴ നേരിടേണ്ടി വരും. ചെറുകിട സ്ഥാപനങ്ങൾക്ക് 50 ലക്ഷം, ഇടത്തരം സ്ഥാപനങ്ങൾക്ക് 75 ലക്ഷം, വലിയ സ്ഥാപനങ്ങൾക്ക് 1 കോടി എന്നിങ്ങനെയാണ് പിഴ തുക.