ജി.എസ്.ടി വകുപ്പിലെ പൊതുസ്ഥലംമാറ്റം ചട്ടപ്രകാരമാക്കാന്‍ നടപടിയാരംഭിച്ചു

Update: 2023-06-12 05:41 GMT

ജി.എസ്.ടി വകുപ്പിലെ പൊതുസ്ഥലംമാറ്റം ചട്ടപ്രകാരം നടത്താന്‍ നികുതി വകുപ്പില്‍ തിരക്കിട്ട് ആലോചന. 2019ന് ശേഷം പൊതുസ്ഥലംമാറ്റ അപേക്ഷ ക്ഷണിക്കുകയോ കുറ്റമറ്റ രീതിയില്‍ ജീവനക്കാരുടെ സ്ഥലംമാറ്റം നടത്താന്‍ നടപടി സ്വീകരിക്കുകയോ ചെയ്യാത്തത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണിത്. തുടര്‍ന്ന് ജി.എസ്.ടി വകുപ്പില്‍ പൊതു സ്ഥലംമാറ്റ ചട്ടത്തില്‍ അനുശാസിക്കുംവിധം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റ അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഇതിനായി പ്രത്യേക ഇമെയില്‍ സൗകര്യം ക്രമീകരിച്ചതായും അപേക്ഷകള്‍ ഇനിമുതല്‍ പ്രസ്തുത ഇമെയില്‍ വിലാസത്തിലൂടെ മാത്രം അയക്കാനും ജില്ലകളുടെ ചുമതലയുള്ള ജോയിന്റ് കമ്മീഷണര്‍മാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഇക്കാര്യം ജീവനക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

വര്‍ഷങ്ങളായി ഭരണാനുകൂല തൊഴിലാളി സംഘടനകളുടെ നിര്‍ദേശമനുസരിച്ച് ജീവനക്കാരെ തിരഞ്ഞുപിടിച്ച് സ്ഥലംമാറ്റുന്നതായി പരാതി ഉയര്‍ന്നിരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അസുഖ ബാധിതരേയും വനിതാ ജീവനക്കാരെയും പോലും ഇങ്ങനെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലംമാറ്റി. ഇതിനെതിരേ നിരവധിപേര്‍ പരാതി നല്‍കുകയും ലോകായുക്ത കേസില്‍ വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. ഇങ്ങനെ ഉന്നത ഉദ്യോഗസ്ഥര്‍ കേസില്‍ പെടുമെന്ന ഘട്ടത്തിലെത്തിയതോടെയാണ് സ്ഥാലംമാറ്റ ചട്ടങ്ങള്‍ കര്‍ശനമാക്കണമെന്ന ബോധ്യം അധികൃതര്‍ക്കുണ്ടായത്.

അതേസമയം മൂന്നു വര്‍ഷത്തിലധികം ഒരു ഉദ്യോഗസ്ഥനെ ഒരേ തസ്തികയില്‍ തുടരാന്‍ അനുവദിക്കരുതെന്ന തത്വം പാലിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. വകുപ്പ് പുനഃസംഘടനയ്ക്ക് മുമ്പും ശേഷവും കമ്മീഷണറേറ്റിലും ജില്ലാ ഓഫിസുകളിലും ഇന്റലിജന്‍സ് എന്‍ഫോഴ്‌സ്‌മെന്റിലും അഞ്ചു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന ധാരാളം ഉദ്യോഗസ്ഥരുണ്ട്. പാലക്കാട് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി കേസില്‍ അറസ്റ്റിലായതോടെ മൂന്നു വര്‍ഷത്തിലധികമായി ഒരേ തസ്തികയിലും വിഭാഗത്തിലും സേവനം ചെയ്യാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കരുതെന്ന് വിജിലന്‍സ് വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 10നകം പൊതു സ്ഥലംമാറ്റം നടത്തണമെന്നും ഇതിലേക്ക് ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ സ്പാര്‍ക്ക് മുഖേന ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നുമുള്ള കര്‍ശന നിര്‍ദേശം ഏകദേശം 5000 ജീവനക്കാരുള്ള ജി.എസ്.ടി വകുപ്പില്‍ ഇനിയും നടപ്പാക്കിയിട്ടില്ല. ഇവിടെ പൊതു സ്ഥലംമാറ്റത്തിനുള്ള ഡാറ്റ ബേസ് സ്പാര്‍ക്ക് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിട്ടുമില്ല. ജി.എസ്.ടി വകുപ്പ് പുനഃസംഘടനയ്ക്ക് ശേഷം കഴിഞ്ഞ ജനുവരി മുതല്‍ 20ഓളം ഡെപ്യൂട്ടി കമ്മീഷണര്‍, 25ഓളം അസി. കമ്മീഷണര്‍/ഓഫിസര്‍ തസ്തികകളുമുള്‍പ്പെടെ 50ലേറെ സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

Tags:    

Similar News