ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാര്‍
- ഹമാസ് ആദ്യഘട്ടത്തില്‍ 50 ബന്ദികളെ മോചിപ്പിക്കും
- പകരം ഇസ്രയേല്‍ 150ഓളം പേരെ മോചിപ്പിക്കുമെന്ന് സൂചന
- യുദ്ധം തുടരുമെന്ന് നെതന്യാഹു
ഗാസയില്‍ നാല് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയായത്. നിരവധി പാലസ്തീന്‍ തടവുകാരെയും ഈ സാഹചര്യത്തില്‍ വിട്ടയക്കും.
ഒക്ടോബര്‍ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് കൊല്ലപ്പെട്ടത്.
ഖത്തറിന്റെ മധ്യസ്ഥതയിലുള്ള കരാറിന്റെ പ്രാരംഭ ഘട്ടത്തില്‍, ഗാസയില്‍ തടവിലാക്കിയ ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയുമാണ് ഹമാസ് മോചിപ്പിക്കുന്നത്. പകരം 150ഓളം പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഹമാസ് ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
ദിവസം 12 ബന്ദികള്‍ എന്ന നിലയില്‍ നാല് ദിവസമായാണ് മോചനം. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേല്‍ ഗാസയില്‍ നടത്തില്ലെന്നാണ് കരാര്‍. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരാമെന്നാണ് ഇസ്രയേലിന്റെ തീരുമാനം.
വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും ജയിലുകളില്‍ കഴിയുന്ന പാലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനും ഇസ്രയേല്‍ അനുമതി നല്‍കി. എന്നാല്‍ എത്രപേരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തിയിട്ടില്ല.150 പേരെ മോചിപ്പിക്കുമെന്നത് ഹമാസിന്റെ പ്രസ്താവനയാണ്. 210 പേര്‍ ഇസ്രയേലിന്റെ പിടിയിലുണ്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.
ആദ്യം, ഹമാസ് ബന്ദികളെ റെഡ് ക്രോസിലേക്ക് മാറ്റും, അതിനുശേഷം അവരെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) സൈനികര്‍ക്ക് കൈമാറും. ശേഷം, ബന്ദികളെ പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. തുടര്‍ന്ന് അവരുടെ കുടുംബാംഗങ്ങളിലേക്ക് എത്തിക്കും. അവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ബന്ദികളാക്കിയവരെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്ന് മെഡിക്കല്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
എന്നാല്‍ ഈ കരാര്‍ കൊണ്ട് യുദ്ധം അവസാനിച്ചു എന്നല്ല അര്‍ത്ഥമാക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞു. 'ഇസ്രയേല്‍ ഗവണ്‍മെന്റും പ്രതിരോധ സേനയും യുദ്ധം തുടരും. എല്ലാ ബന്ദികളെയും വിട്ടുകിട്ടുന്നതിനും ഇനി ഹമാസില്‍ നിന്ന് ഇസ്രയേലിന് ഭീഷണിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുമാണ് യുദ്ധം തുടരുക.