ലിസ്റ്റിംഗ് വീഴ്ച: ഇസാഫ് ആർ ബി ഐ നടപടി പ്രതീക്ഷിക്കുന്നില്ല

ഓഹരികള്‍ 2021 ജൂലൈ 31 ന് മുമ്പ് ഇന്ത്യയിലെ ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യേണ്ടതായിരുന്നു.

Update: 2023-11-09 14:20 GMT

ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ രണ്ട് വര്‍ഷത്തിലേറെ കാലതാമസം നേരിട്ട ഇസാഫ് ബാങ്കിനെതിരെ ആര്‍ബിഐ നടപടികളൊന്നും സ്വീകരിക്കാന്‍ സാധ്യതയില്ലന്നു ബാങ്ക് ചെയർമാൻ പി ആര്‍ രവി മോഹന്‍.

ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ അനുസരിച്ച് 500 കോടി രൂപയുടെ മിച്ചമൂല്യ (networth)  പരിധി കൈവരിച്ചതിനുശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇസാഫ് ബാങ്ക് ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യണമായിരുന്നു. എന്തായാലും ഒടുവില്‍ ഇസാഫ് ബാങ്കിന്റെ ഐപിഒ നവംബര്‍ മൂന്നിന് ആരംഭിക്കുകയും ഏഴിന് അവസാനിക്കുകയും ചെയ്തു. ഐപിഒ 73.15 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷനോടെയാണ് അവസാനിച്ചത്. നവംബര്‍ 16 നാണ് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യുന്നത്.

ഐപിഒയില്‍ 390.7 കോടി രൂപയുടെ പുതിയ ഇഷ്യുവും 72.3 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുന്നത്.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കിംഗ് ലൈസന്‍സിംഗ് വ്യവസ്ഥകള്‍ പ്രകാരം ബാങ്ക് 500 കോടി രൂപയുടെ (5 ബില്യണ്‍) മിച്ചമൂല്യം കൈവരിച്ച  തീയതി മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇക്വിറ്റി ഓഹരികള്‍ ഇന്ത്യയിലെ ഏതെങ്കിലുമൊരു സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിര്‍ബന്ധമായും ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇസാഫ് ബാങ്ക് 500 കോടി രൂപയുടെ മിച്ചമൂല്യം  കൈവരിക്കുന്നത് 2018 ജൂലൈ 31 നാണ്.

അതുകൊണ്ട് തന്നെ ഓഹരികള്‍ 2021 ജൂലൈ 31 ന് മുമ്പ് ഇന്ത്യയിലെ ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യേണ്ടതായിരുന്നു. ``പക്ഷേ, ഞങ്ങള്‍ അത് പാലിച്ചില്ല എന്ന് '' ഐപിഒ പ്രോസ്‌പെക്ടസിന്റെ ഭാഗമായുള്ള റിസ്‌ക് ഫാക്ടേഴ്‌സില്‍' ബാങ്ക് പറഞ്ഞിരുന്നു.

നവംബര്‍ 16 ന് ലിസ്റ്റിംഗ് നടക്കാനിരിക്കെ, 2021 ജൂലൈ 31 മുതല്‍ ഇരുപത്തിയേഴര മാസത്തെ കാലതാമസമാണ് ലിസ്റ്റിംഗ് വരെ സംഭവിച്ചത്. എന്നാല്‍, ആര്‍ബിഐ ഇക്കാര്യത്തില്‍ ഇസാഫ് ബാങ്കിനെ പ്രതിക്കൂട്ടിലാക്കാനുള്ള സാധ്യത ബാങ്കിന്റെ ചെയര്‍മാന്‍  രവി മോഹന്‍ തള്ളിക്കളഞ്ഞു.

കോവിഡ് വ്യാപനവും അതിന്റെ ഫലമായുണ്ടായ പ്രതികൂല വിപണി സാഹചര്യങ്ങളും മാത്രമാണ് റെഗുലേറ്ററിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച ശേഷവും രണ്ട് തവണ ലിസ്റ്റിംഗ് നീട്ടിവെയ്ക്കാന്‍ കാരണമായതെന്ന് മോഹന്‍ മൈഫിന്‍പോയിന്റിനോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ആര്‍ബിഐയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് തങ്ങൾക്കു  ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിഒയ്ക്ക് എന്തുകൊണ്ട് കാലതാമസം നേരിട്ടുവെന്ന് വിശദീകരിക്കാന്‍ ഇസാഫ് ശ്രമിച്ചിരുന്നു. ഇന്ത്യയിലെ ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യാന്‍ മികച്ച രീതിയില്‍ ശ്രമിച്ചിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് 2020 ജനുവരി ആറിനും 2021 ജൂലൈ 24 നും സെബിയില്‍ കരട് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍  ചെയ്തിരുന്നതായും  ആര്‍ബിഐയ്ക്ക് അയച്ച കത്തില്‍ ബാങ്ക് വ്യക്തമാക്കിയിരുന്നു.

രണ്ട് തവണ ഡെഡ്‌ലൈന്‍ കഴിഞ്ഞു

വാസ്തവത്തില്‍ ഐപിഒ ആരംഭിക്കുന്നതിനും തുടര്‍ന്നുള്ള ലിസ്റ്റിംഗിനും വേണ്ടി ഇസാഫ് രണ്ടു തവണ ഡിആര്‍എച്ച്പി ഫയല്‍ ചെയ്തിരുന്നു. പക്ഷേ രണ്ട് തവണയും ഇത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.

ഐപിഒ നിര്‍ത്തിവയ്ക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് ബാങ്ക് റിസര്‍വ് ബാങ്കിനെ അറിയിച്ചെങ്കിലും ഇസാഫിന്റെ വിശദീകരണങ്ങള്‍ ആര്‍ബിഐ അനുഭാവപൂര്‍വം സ്വീകരിച്ചതായി തോന്നുന്നില്ല. 2022 ജൂണ്‍ 29 ന് ബാങ്കിന് അയച്ച കത്തില്‍, ഓഹരികള്‍ ലിസ്റ്റുചെയ്യുന്നതിലെ പരാജയം ബാങ്കിന്റെ ലൈസന്‍സിംഗ് വ്യവസ്ഥകളുടെ ലംഘനമായി റിസര്‍വ് ബാങ്ക് പരാമര്‍ശിച്ചിരുന്നു, അതിനാല്‍ ഇസാഫ് ബാങ്കിനെതിരെ ആവശ്യമായ മേല്‍നോട്ട / എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിക്കാം  എന്നും ആർ ബി ഐ കത്തിൽ  പറഞ്ഞിരുന്നു 

Tags:    

Similar News