2047 ഓടെ ഇന്ത്യ വികസിത രാഷ്ട്രമാവാൻ സ്ത്രീ പങ്കാളിത്തം അനിവാര്യം : ലോകബാങ്ക്
- വികസിത രാജ്യമെന്ന സ്വപ്നം കൈവരിക്കാൻ 8 ശതമാനം വളർച്ച അനിവാര്യം
- സ്ത്രീ വിദ്യാഭ്യാസത്തിൽ ഇന്ത്യ ധാരാളം നിക്ഷേപം നടത്തുന്നു
2047 ഓടെ ഒരു വികസിത രാജ്യമെന്ന ഇന്ത്യയുടെ സ്വപ്നം സാത്ഷാത്ക്കരിക്കാൻ ഏകദേശം 8 ശതമാനം വളർച്ച കൈവരിക്കണമെന്ന് ലോകബാങ്കിന്റെ ഒരു മുതിർന്ന സാമ്പത്തിക വിദഗ്ധൻ വിലയിരുത്തി. ഈ വളർച്ച കൈവരിക്കണമെങ്കിൽ തൊഴിൽ മേഖലയിൽ വലിയ തോതിലുള്ള സ്ത്രീ പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയുടെ വളർച്ച 6 മുതൽ 6.5 ശതമാനം മാത്രമാണ്. എന്നാൽ ഇന്ത്യയിൽ സ്ത്രീ പങ്കാളിത്തം കുറഞ്ഞ സാഹചര്യത്തിൽ ദ്രുത ഗതിയിലുള്ള വളർച്ച സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2023 ജനുവരി- മാർച്ച് മാസങ്ങളിൽ തൊഴിൽ മേഖലയിലെ സ്ത്രീ പുരുഷ അനുപാതം യഥാക്രമം 2.3 ശതമാനവും 1.4 ശതമാനവും വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് വർധനവ് ഉണ്ടായതായി ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ തൊഴിലിന്റെ ഗുണനിലവാരം പുരുഷന്മാരേക്കാൾ കുറവാണ്. നഗര പ്രദേശങ്ങളിൽ സ്ഥിര വരുമാനമുള്ള ജോലി ചെയ്യുന്ന സ്ത്രീകൾ കുറവാണന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രാധാന്യമുള്ള വിഷയമാണ്.ഇന്ത്യയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ മേഖലയിൽ ധാരാളം നിക്ഷേപം വരുന്നത് അഭിനന്ദനാർഹമാണ്. സർവകലാശാലകളിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ പഠിക്കുന്നു. എന്നാൽ ഉയർന്ന വരുമാനമുള്ള രാജ്യമായി മാറുന്നതിനു സ്ത്രീകളുടെ ബുദ്ധിയും കഴിവും പ്രയോജനപ്പെടുത്തണമെന്നും ലോകബാങ്ക് വ്യക്തമാക്കി.