ഇന്ത്യ- മിഡില്‍ ഈസ്റ്റ് ഇടനാഴി; പുരോഗതി വിലയിരുത്തി യുഎസും യുഎഇയും
- ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയിലാണ് ഈ മഹത്തായ പദ്ധതിക്ക് തുടക്കമായത്
- പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയില്‍നിന്ന് യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രയേല്‍ വഴി യൂറോപ്പിലേക്ക് പാത ഒരുങ്ങും
- ഇടനാഴി സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുകയും ഹരിതഗൃഹ വാതകത്തിന്റെ പുറംതള്ളല്‍ കുറയ്ക്കുകയും ചെയ്യും
യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (ഐഎംഇസി) പുരോഗതി വിലയിരുത്തി. ഇടനാഴി പ്രാവര്‍ത്തിക മാകുമ്പോള്‍ അത് അന്താരാഷ്ട്ര ബന്ധത്തില്‍ പുതിയ യുഗം ആരംഭിക്കുന്നതിനു തുല്യമാകും. ഐഎംഇസിയുടെ സാധ്യതകള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഇന്ത്യ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ക്കൊപ്പം 2023-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയിലാണ് ഈ മഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പൂര്‍ത്തിയാകുമ്പോള്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രയേല്‍, ഗ്രീസ് വഴി യൂറോപ്പിലേക്കുള്ള കപ്പല്‍-റെയില്‍ കണക്ഷനുകള്‍ വഴി ഇന്ത്യയെ ബന്ധിപ്പിക്കും.
വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍, ഇടനാഴി സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുമെന്നും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുമെന്നും നേതാക്കള്‍ വിലയിരുത്തി. ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവയുടെ പരിവര്‍ത്തനപരമായ സംയോജനം ഇടനാഴി സാധ്യമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ആഗോള വ്യാപാരവും ശുദ്ധമായ ഊര്‍ജ വിതരണവും സുഗമമാക്കുന്നതിനും ഇടനാഴി സഹായകമാകും. വൈദ്യുതിയിലേക്കുള്ള വിശ്വസനീയമായ ആക്സസ് വിപുലീകരിക്കുന്നതിനും ടെലികമ്മ്യൂണിക്കേഷന്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള 'അന്താരാഷ്ട്ര ബന്ധത്തിന്റെ ഒരു പുതിയ യുഗം' അതുവഴി സൃഷ്ടിക്കാനാകും.
യു.എ.ഇയെ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാക്കാനുള്ള പദ്ധതികളും ബൈഡന്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് ശേഷം ഈ പദവി ലഭിക്കുന്ന ഏക രാജ്യമാണ് യുഎഇ.