സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി എം എസ് എം ഇ സബ്സിഡിയെയും ബാധിച്ചു

  • അപേക്ഷ നല്‍കി രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സംരംഭകര്‍ക്ക് സംബ്‌സിഡി ലഭിക്കുമായിരുന്നു.
  • സംരംഭകര്‍ക്ക് സ്ഥിര മൂലധനത്തിന്റെ 15 ശതമാനം മുതല്‍ 45 ശതമാനം വരെ സബ്‌സിഡിയായി നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ഉറപ്പ്.

Update: 2023-11-18 07:21 GMT

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സൂക്ഷമ ചെറുകിട ഇടത്തരം സംരംഭകരെ പിന്തുണയ്ക്കാനായി ആരംഭിച്ച കേരള സര്‍ക്കാര്‍ എന്റ്രപ്രണേഴ്‌സ് സപ്പോര്‍ട്ട് സ്‌കീ (ഇഎസ്എസ്) മിനെയും ബാധിച്ചു.സംസ്ഥാനത്തെ ഉത്പാദന മേഖലയിലെ എംഎസ്എംഇകളെ അവരുടെ മൂലധന നിക്ഷേപത്തിന് ആനുപാതികമായി സാമ്പത്തികമായി പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

ഓരോ ജില്ലയിലും സബ്‌സിഡി വിതരണം ചെയ്യാനുള്ള ചുമതല കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനാണ് (കെഎഫ്‌സി). ഈ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 39.51 കോടി രൂപ കുടിശ്ശികയായി ലഭിക്കാനുണ്ട്. എറണാകുളം ജില്ലയിലെ സംരംഭകര്‍ക്ക് ലഭിക്കാനുള്ളത് 9.89 കോടി രൂപയാണ്. ഇതോടെ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് സംരംഭങ്ങള്‍ ആരംഭിച്ച സംരംഭകര്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. പലരും പ്രതിമാസം 50,000 രൂപയോളമാണ് പലിശയായി തിരിച്ചടയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്ക് സ്ഥിര മൂലധനത്തിന്റെ 15 ശതമാനം മുതല്‍ 45 ശതമാനം വരെ സബ്‌സിഡിയായി നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.

അപേക്ഷ നല്‍കി രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സംരംഭകര്‍ക്ക് സംബ്‌സിഡി ലഭിക്കുമായിരുന്നു. ഒന്നിടവിട്ട മാസങ്ങളില്‍ സബ്‌സിഡിയ്ക്കായുള്ള അപേക്ഷകള്‍ ജില്ല കളക്ടറും ജില്ല വ്യാവസായിക വകുപ്പിന്റെ ജനറല്‍ മാനേജരും അടങ്ങുന്ന യോഗത്തില്‍ സബ്‌സിഡികള്‍ അനുവദിക്കുകയായിരുന്നു പതിവ്. എന്നാല്‍, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതോടെ അത്തരം മീറ്റിംഗുകള്‍ പല ജില്ലകളിലും ഇപ്പോഴില്ല എന്നാണ് പറയുന്നത്.

സംരംഭകരുടെ അപേക്ഷകളില്‍ കാലതാമസം നേരിട്ടാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നിയിപ്പ് നല്‍കിയ വ്യവസായ വകുപ്പ് പോലും ഇപ്പോള്‍ സബ്‌സിഡിയുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ വൈകിപ്പിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.

Tags:    

Similar News