ശ്രീലങ്കയില്‍ പലിശനിരക്ക് കുറച്ച് സെന്‍ട്രല്‍ ബാങ്ക്
- വിപണിയിലെ സമ്മര്‍ദ്ദം ലഘൂകരിക്കുക ലക്ഷ്യം
- ധനനയത്തിന്റെ നേട്ടങ്ങള്‍ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കൈമാറണം
- ശ്രീലങ്കയുടെ അപ്രൂവല്‍ റേറ്റിംഗ് ഇരട്ടിയായി
ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയെ അതിന്റെ മികവിലേക്ക് എത്തിക്കുന്നതിനും വിപണിയിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ട് പലിശനിരക്കുകള്‍ കുറയ്ക്കുന്നതായി ശ്രീലങ്കയുടെ സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്കും വായ്പാ സൗകര്യ നിരക്കും 200 ബേസിസ് പോയിന്റ് കുറച്ചതായി ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
സാമ്പത്തിക വിപണിയിലെ സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം ഇടത്തരം കാലയളവില്‍ സമ്പദ്വ്യവസ്ഥയെ അതിന്റെ സാധ്യതകളിലെത്തിക്കാനും പണപ്പെരുപ്പം ഇടത്തരം ഒറ്റ അക്കത്തില്‍ സ്ഥിരപ്പെടുത്താനുമാണ് ഇത് ലക്ഷ്യമിടുന്നതെന്ന് ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതനുസരിച്ച്, സെന്‍ട്രല്‍ ബാങ്കിന്റെ ഈ സുപ്രധാനമായ ധനനയത്തിന്റെ നേട്ടങ്ങള്‍ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കൈമാറാന്‍ ബാങ്കിംഗ്, സാമ്പത്തിക മേഖലയോട് അഭ്യര്‍ത്ഥിച്ചു. അതുവഴി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഒരു തിരിച്ചുവരവിന് സഹായിക്കുമെന്ന് ബാങ്ക് വിശ്വസിക്കുന്നു.ജൂണ്‍ ആദ്യം സെന്‍ട്രല്‍ ബാങ്ക് പോളിസി പലിശ നിരക്ക് കുറച്ചതിനാല്‍ ഇത് രണ്ടാമത്തെ പോളിസി പലിശ നിരക്ക് കുറയ്ക്കലാണ്.
അതേസമയം, സര്‍ക്കാരിന്റെ അപ്രൂവല്‍ റേറ്റിംഗ് ജൂണില്‍ 21 ശതമാനമായി വര്‍ധിച്ചുവെന്ന് വെരിറ്റ് റിസര്‍ച്ച് അറിയിച്ചു. സര്‍ക്കാരിന്റെ അപ്രൂവല്‍ റേറ്റിംഗ് 2023 ഫെബ്രുവരിയിലും 2022 ഒക്ടോബറിലും രേഖപ്പെടുത്തിയ 10 ശതമാനത്തില്‍ നിന്ന് 2023 ജൂണില്‍ 21 ശതമാനമായി. ഇതി വളരെ മികച്ച നേട്ടമായി വിലയിരുത്തപ്പെടുന്നു.
മൂഡ് ഓഫ് ദി നേഷന്‍' വോട്ടെടുപ്പ് വെരിറ്റ് റിസര്‍ച്ച് ഇടയ്ക്കിടെ രാജ്യത്ത് നടത്താറുണ്ട്. ഗവണ്‍മെന്റ്, രാജ്യം, സമ്പദ്വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അംഗീകാരം, സംതൃപ്തി, ആത്മവിശ്വാസം എന്നിവ വിലയിരുത്തുന്നതിനാണ് 'മൂഡ് ഓഫ് ദി നേഷന്‍' സര്‍വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഈ സമയം രാജ്യം വലിയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. പ്രതിഷേധം തെരുവുകളില്‍ വലിയ പ്രതിസന്ധികള്‍ തീര്‍ത്തു. ഈ പ്രതിഷേധം അവസാനം പ്രസിഡന്റിന്റെ ഓഫീസിനുള്ളില്‍ വരെ കടന്നു.
ഈ പ്രതിഷേധം ശക്തരായ രാജപക്സെ കുടുംബത്തെ അധികാര രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ കലാശിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ ഒമ്പതിന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് അന്നത്തെ പ്രസിഡന്റ് ഗോതബയ രാജപക്സെ മാലിദ്വീപിലേക്കും തുടര്‍ന്ന് സിംഗപ്പൂരിലേക്കും പലായനം ചെയ്യുകയായിരുന്നു.