എന്തുകൊണ്ടാണ് സിംഗപ്പൂരിലെ കമ്പനികള്‍ ഇന്ത്യയിലേക്ക് മാറുന്നത്?

  • സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എകദേശം ഒന്‍പതിനായിരം ഇന്ത്യന്‍ കമ്പനികള്‍
  • ഇന്ത്യയുടെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഈ നഗര രാജ്യം
  • ഇന്ത്യയിലെ അവസരങ്ങളില്‍നിന്ന് പ്രയോജനം കണ്ടെത്താന്‍ കമ്പനികളെ എന്റര്‍പ്രൈസ് സിംഗപ്പൂര്‍ സഹായിക്കുന്നു

Update: 2023-06-12 07:24 GMT

ആഗോളതലത്തില്‍ അനായാസം ബിസിനസ് ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക എല്ലാകാലത്തും വാര്‍ത്തകളിലിടം നേടാറുണ്ട്. ഇതില്‍ സിംഗപ്പൂരിന് പ്രത്യേകം സ്ഥാനമാണ് ഉള്ളത്.

ഈ രാജ്യത്തെ ആകര്‍ഷകമായ നികുതി സമ്പ്രദായം തന്നെ വ്യവസായികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ നികുതി സംബന്ധിച്ച ഉടമ്പടികളുടെ ഒരു ശൃംഖലതന്നെ ഉണ്ട്. ഇവയെല്ലാം വ്യവസായ സൗഹൃദമാണ്.

ഏറ്റവും മികച്ച മനഷ്യ വിഭവശേഷി, ഭരണത്തിലെ സ്ഥിരത, ധനസഹായം ലഭ്യമാകുന്നതിനുള്ള വഴികള്‍, ലോകത്തിലെവിടേക്കുമുള്ള കണക്റ്റിവിറ്റി ഇതെല്ലാം സിംഗപ്പൂരിനെ വേറിട്ടു നിര്‍ത്തുന്നു.

കാലങ്ങള്‍ക്കുമുമ്പുതന്നെ ഇന്ത്യക്ക് സിംഗപ്പൂരുമായി ബന്ധം ഉണ്ടായിരുന്നു. ഈ രാജ്യത്ത് ഇന്ന്് നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ടെന്നുള്ളത് അതിനു തെളിവാണ്.

ഇക്കാരണത്താല്‍ നിരവധി ഇന്ത്യന്‍ ബിസിനസുകള്‍ ഇന്ന് ആരാജ്യത്ത് ഉണ്ട്. സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ കണക്കനുസരിച്ച് ഏകദേശം 9,000 ഇന്ത്യന്‍ കമ്പനികള്‍ സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആഡ് ഗ്രൂപ്പ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യയിലെ വന്‍ കമ്പനികള്‍ക്കെല്ലാം സിംഗപ്പൂരില്‍ ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഉണ്ട്. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ആരോഗ്യകരമായ വ്യാപാര ബന്ധത്തിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

2021-22 സാമ്പത്തിക വര്‍ഷത്തിലെ ഉഭയകക്ഷി വ്യാപാരം 30.11 ബില്യണ്‍ ഡോളറായിരുന്നു. ഈ കണക്കുതന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. നിലവില്‍ സിംഗപ്പൂര്‍ ഇന്ത്യയുടെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. എന്നാല്‍ ഇന്ത്യ സിംഗപ്പൂരിന്റെ പന്ത്രണ്ടാമത്തെ വ്യാപാര പങ്കാളി മാത്രമാണ്.

ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നതിലും സിംഗപ്പൂര്‍ താല്‍പ്പര്യമെടുക്കുന്നുണ്ട്. 2021ല്‍ സിംഗപ്പൂരിലേക്കുള്ള ഇന്ത്യന്‍ എഫ്ഡിഐ 18.41 ബില്യണ്‍ ഡോളറിന്റേതാണ്. അതേവര്‍ഷം ഇന്ത്യയിലേക്കുള്ള എഫ്ഡിഐ ഇക്വിറ്റി 15.87 ബില്യണ്‍ ഡോളറിലെത്തി.

2000 ഏപ്രില്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സിംഗപ്പൂര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത് 140.99 ബില്യണ്‍ ഡോളര്‍ ആണ് എന്നു കാണാം.

സേവന മേഖല, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ & ഹാര്‍ഡ്വെയര്‍, ട്രേഡിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് സിംഗപ്പൂരിന് ഏറെ താല്‍പ്പര്യമുള്ള മേഖലകള്‍. നിര്‍മ്മാണ മേഖലയിലും ഇന്ന്് അവരുടെ നിക്ഷേപം എത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 മുതല്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' കാമ്പയിന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ലോകത്തെ പ്രധാന കമ്പനികളും ഉല്‍പ്പാദകരും ഇന്ത്യ എന്ന വിപണിയുടെ കൂടുതല്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞിരുന്നു.ആഗോള ഉല്‍പ്പാദന ഭൂപടത്തില്‍ ഇന്ത്യയെ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്താന്‍ ഈ നടപടി സഹായിച്ചു എന്നുവേണം കരുതാന്‍. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി നിരവധി കമ്പനികള്‍ ഇവിടേക്ക് എത്തേണ്ടതുണ്ടായിരുന്നു.

ഇതിനൊപ്പം പുതിയ സാങ്കേതികവിദ്യയുടെയും മൂലധനത്തിന്റെയും ഒഴുക്ക് രാജ്യത്തേക്ക് എത്തുകയും വേണം. അതിന് മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള കാമ്പെയ്ന്‍ ഉപകാരപ്പെട്ടു.

ഇന്ന്് ഇന്ത്യ കൂടുതല്‍ കമ്പനികളെ ഈ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നു.ഇതിനായി വിദേശ കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇന്ത്യ അനായാസം ബിസിനസ് ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 130-ാം സ്ഥാനത്തുനിന്നും 63-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

2025 ഓടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉല്‍പ്പാദന മേഖലയുടെ വിഹിതം 16 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.

ആപ്പിള്‍, സാംസങ്, കിയ, ബോയിംഗ്, സീമെന്‍സ്, തോഷിബ തുടങ്ങിയ വന്‍ ആഗോള കമ്പനികളെ ഇന്ന് ഇന്ത്യ ആകര്‍ഷിക്കുന്നു. സാംസങിന്റെ ഏറ്റവും വലിയ ഫാക്റ്ററി തന്നെ ഇന്ന് ഇന്ത്യയിലാണ്.ആപ്പിളും ഇന്ത്യയിലേക്കെത്തി. കിയ ദകഷിണേന്ത്യയില്‍ തന്നെ പ്ലാന്റ് സ്ഥാപിച്ചു. വ്യാവസായ തലത്തില്‍ ഇന്ത്യ മുന്നേറുകതന്നെയാണ്.

മുന്‍പ് മിക്ക കമ്പനികളുടെയും പ്രവര്‍ത്തന ഇടം എന്നത് ചൈനയായിരുന്നു. എന്നാല്‍ കോവിഡ് കാലം എല്ലാ ലോകക്രമങ്ങളിലും മാറ്റം വരുത്തി. കമ്പനികള്‍ ചൈനവിട്ട് പുറത്തേക്ക് ഇറങ്ങുന്നു. കാരണം പകര്‍ച്ചവ്യാധിയുടെ കാലത്ത് ചൈനയില്‍ ഉണ്ടായ ദുരിതവും പ്രതിസന്ധികളും അത്രയ്ക്ക് വലുതും നീണ്ടുനിന്നതുമായിരുന്നു.

അവിടെ പ്രതിസന്ധി ഇന്നും തുടരുന്നുണ്ട്.അതിനാല്‍ ക്രമേണ വകമ്പനികള്‍ പുറത്തേക്കുള്ള വഴികള്‍ തേടി. അതില്‍ പ്രഥമ പരിഗണന ഇന്ത്യക്കായിരുന്നു.

ഇന്ന് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ചൈനയിലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി നിര്‍മ്മിക്കുന്ന സിംഗപ്പൂര്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് നീങ്ങുകയാണ്.

തങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് മാറ്റിയ സിംഗപ്പൂര്‍ സ്ഥാപനങ്ങളില്‍ വലിയ വന്‍കിട ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളെ (എംഎന്‍സി) പിന്തുണയ്ക്കുകയും അവയുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്ന കരാര്‍ കമ്പനികളും ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ ലഭ്യമായ അവസരങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നതിന് സിംഗപ്പൂര്‍ സ്ഥാപനങ്ങളെ ഇന്ന് എന്റര്‍പ്രൈസ് സിംഗപ്പൂര്‍ സഹായിക്കുന്നുമുണ്ട്.വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ബോര്‍ഡാണ് എന്റര്‍പ്രൈസ് സിംഗപ്പൂര്‍.

2022ല്‍, പാന്‍ഡെമിക് 2019-നെ അപേക്ഷിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനായി എന്റര്‍പ്രൈസ് എസ്ജിയുമായി ചേര്‍്ന്ന് പ്രവര്‍ത്തിച്ച സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 40ശതമാനത്തിലധികം വര്‍ധനയാണ് ഈ രംഗത്ത് ഉണ്ടായത്.

ഇന്ത്യയിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കുത്തൊഴുക്കിന്റെ ഗുണഭോക്താക്കളില്‍ സിംഗപ്പൂരിലെ ദി ഹബ് എഞ്ചിനീയറിംഗും ഉള്‍പ്പെടുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വ്യാവസായിക സംസ്ഥാനമായ തമിഴ്‌നാട് സിംഗപ്പൂര്‍ നിര്‍മ്മാതാക്കള്‍ക്കും എന്റര്‍പ്രൈസ് എസ്ജിക്കും ഏറെ പ്രിയപ്പെട്ടതാണ്.

ഏകദേശം 39,000 രജിസ്റ്റര്‍ ചെയ്ത ഫാക്ടറികളുള്ള അതിവേഗം വളരുന്ന നിര്‍മ്മാണ ക്ലസ്റ്ററുകള്‍ ഇവിടെയുണ്ട്.


Tags:    

Similar News