ട്രംപിന്റെ വിജയം സമുദ്രോത്പന്ന കയറ്റുമതിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷ
- നിലവില്‍ ചെമ്മീന്‍ വിപണി മന്ദഗതിയിലാണ്
- ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ 40 ശതമാനവും അമേരിക്കയിലേക്ക്
ട്രംപ് ഭരണത്തില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായേക്കാവുന്ന വഴിത്തിരിവ് സമുദ്രോത്പന്ന കയറ്റുമതിക്ക് ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ മറൈന്‍ കയറ്റുമതിക്കാര്‍. നിലവില്‍ മന്ദഗതിയിലാണ് ചെമ്മീന്‍ വിപണി.
സമുദ്രോല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതി 2.9 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ 40 ശതമാനവും അമേരിക്കയിലേക്കാണ്.
ചെമ്മീന്‍ ഉല്‍പാദനം അമേരിക്കയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ സഹായിക്കുമെന്നാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ വിലയിരുത്തുന്നത്.
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി 2013-14ലെ 1.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2021-22ല്‍ 2.6 ബില്യണ്‍ ഡോളറിലെത്തി. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷമായി, ഇക്വഡോറില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതി യുഎസ് വിപണിയില്‍ സ്വീകാര്യത നേടിയിട്ടുണ്ട്.
നിലവില്‍, മാന്ദ്യം കാരണം സൂപ്പര്‍മാര്‍ക്കറ്റുകളിലുടനീളം മിച്ച സ്റ്റോക്കുകള്‍ ഉള്ളതിനാല്‍ അവിടെ വിപണി മന്ദഗതിയിലാണ്. അതേസമയം, ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ താരിഫുകള്‍ നടപ്പിലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ ആശങ്കയും വിദേശ രാജ്യങ്ങള്‍ക്കുണ്ട്.